ലഖ്‌നൗ: വിനായക് ദാമോദർ സവർക്കറിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട വാദം കേൾക്കലിൽ ഹാജരാകാതിരുന്നതിന് കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതി 200 രൂപ പിഴ ചുമത്തി. ഏപ്രിൽ 14 ന് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) കർശന മുന്നറിയിപ്പ് നൽകി .
അകോളയിൽ ഒരു പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി വീർ സവർക്കറെ “ബ്രിട്ടീഷ് സേവകനും പെൻഷനറുമാണ്” എന്ന് പരാമർശിച്ചതിനെ തുടർന്ന് നൃപേന്ദ്ര പാണ്ഡെ എന്നയാള്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
വാദം കേൾക്കുന്നതിനിടെ, രാഹുൽ ഗാന്ധിയെ പ്രതിനിധീകരിച്ച് അഭിഭാഷകനായ പ്രാൻഷു അഗർവാൾ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. എന്നാൽ, കോടതി അപേക്ഷ നിരസിക്കുകയും അടുത്ത വാദം കേൾക്കലിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം വേണമെന്ന് നിർബന്ധിക്കുകയും ചെയ്തു.
കോടതി ആവർത്തിച്ച് സമൻസ് അയച്ചിട്ടും രാഹുല്‍ ഗാന്ധി അത് അവഗണിച്ചതായും അദ്ദേഹത്തിനെതിരെ കർശന നടപടിയെടുക്കണമെന്നും ഹർജിക്കാരനായ നൃപേന്ദ്ര പാണ്ഡെ കോടതിയെ അറിയിച്ചു. ലഖ്‌നൗവിലെ എസിജെഎം കോടതിയാണ് നിലവിൽ കേസ് പരിഗണിക്കുന്നത്, ഏപ്രിൽ 14 ലെ അവസാന തീയതി രാഹുൽ ഗാന്ധി പാലിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും തുടർ നടപടികൾ.