ദളിതുകളെ പുറന്തള്ളിയതാണ് കേരള മോഡൽ വികസന കാഴ്ചപ്പാട് : റസാഖ് പാലേരി

എറണാകുളം ഫ്രൈഡേ ക്ലബ് ഹാളിൽ സംഘടിപ്പിച്ച ടേബ്ൾ ടോക്ക് പ്രസിഡൻ്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൊട്ടിഘോഷിക്കപ്പെടുന്ന കേരള വികസന മാതൃക ദളിതുകളെയും ആദിവാസികളെയും പുറന്തള്ളിയ വികസന ക്രമമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. എസ്.സി – എസ്.ടി വികസന പദ്ധതികളും ഫണ്ട് അട്ടിമറിയുടെ രാഷ്ട്രീയവും എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി എറണാകുളം ഫ്രൈഡേ ക്ലബ് ഹാളിൽ സംഘടിപ്പിച്ച ടേബ്ൾ ടോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂഉടമസ്ഥതയിൽ നിന്ന് ദളിത് ആദിവാസികൾ പുറന്തള്ളപെട്ടു എന്നതാണ് ഭൂപരിഷ്കരണത്തിൻ്റെ ഫലം. ലൈഫ്മിഷനിലെ ഫ്ലാറ്റുകൾ ദളിതുകൾക്കായി ഇടതു സർക്കാർ ഓഫർ ചെയ്ത പുതിയ കോളനികളാണ്. കേന്ദ്ര, കേരള സർക്കാറുകൾ എസ്.സി – എസ്.ടി ഫണ്ടും പദ്ധതി വിഹിതവും വെട്ടിക്കുറക്കുന്നതിൽ മത്സരിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. പട്ടിക വിഭാഗങ്ങൾക്കുള്ള ഫണ്ട് വിനിയോഗത്തിന് മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതു പോലെ നിയമനിർമാണം നടത്തണമെന്ന് പ്രമുഖ അംബേദ്‌കറൈറ്റ് കെ. അംബുജാക്ഷൻ ആവശ്യപ്പെട്ടു. എഴുത്തുകാരൻ ഡോ. എ.കെ വാസു, പി.പി സന്തോഷ്, ബൈജു പത്തനാപുരം, കെ. സന്തോഷ് കുമാർ, ആഷ്ല‌ി ബാബു, മാരിയപ്പൻ നീലിപ്പാറ, അഡ്വ. ബാലപ്രസന്നൻ, കെ.ജി ബാബു, കലാശ്രീ, അഡ്വ. പ്രദീപ് ചാലക്കുടി, ഡോ. മുകുന്ദൻ, സുനിൽ കുമാർ അട്ടപ്പാടി, വെൽഫയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, അർച്ചന പ്രജിത്ത്, ലത്തീഫ് പി.എച്ച് തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News