പത്തനംതിട്ട: കോന്നിയിൽ മാലിന്യം വലിച്ചെറിയല്‍ ശീലിച്ചവരും പറയുന്നതൊന്നും കേൾക്കാത്തവരുമുണ്ടെങ്കിൽ, അവര്‍ ഇനി സൂക്ഷിക്കണം. നിയമലംഘനം ‘വ്യക്തതയോടെ’ തെളിയിക്കാൻ എല്ലായിടത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്! ശുചിത്വം പൂർണ്ണമായും പാലിക്കപ്പെടുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സിസിടിവി എന്ന ‘ആയുധം’ ഉപയോഗിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.
മാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കോന്നിയിലെ എല്ലാ മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. ആകെ 35 ക്യാമറകളുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ കഴിയുന്ന ആധുനിക ക്യാമറകളാണ് അവയെല്ലാം.
പഞ്ചായത്ത് കെട്ടിടത്തിലെ പ്രസിഡന്റിന്റെ ഓഫീസിൽ നിന്നാണ് ക്യാമറകൾ നിയന്ത്രിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി ടി.കെ. ദീപു ഉൾപ്പെടുന്ന ഉപസമിതിയാണ് ചുമതല വഹിക്കുന്നത്. ഇവിടെ ഇരുന്ന് നിരീക്ഷിച്ചാൽ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താനും പിടികൂടാനും നടപടിയെടുക്കാനും കഴിയും.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, നാരായണപുരം മാർക്കറ്റ്, മാലൂർ ഏല, പഞ്ചായത്ത് കടവ്, സെൻട്രൽ ജംഗ്ഷൻ എന്നിവയുൾപ്പെടെ പഞ്ചായത്തിലെ പൊതു സ്ഥലങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം ഉണ്ടായിരിക്കും. മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന സ്ഥലങ്ങൾ വൃത്തിയാക്കിയ ശേഷമാണ് ക്യാമറകൾ സ്ഥാപിച്ചത്. പഞ്ചായത്തിൽ സിസിടിവി സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. മാർച്ച് 19 ന് പഞ്ചായത്ത് സമ്പൂർണ ശുചിത്വം പ്രഖ്യാപിക്കുകയും സിസിടിവി പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയും ചെയ്യുമെന്ന് പ്രസിഡന്റ് ആനി സാബു തോമസ് പറഞ്ഞു.
കോന്നിയിലെ 75 സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഗ്രീൻ ടൗൺ-ഗ്രീൻ മാർക്കറ്റിന്റെ പ്രഖ്യാപനവും ഉടൻ ഉണ്ടാകും. എംഎസ്എഫുകളും ബോട്ടിൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹരിതകലാലയങ്ങളും അംഗൻവാടികളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണെന്നും പ്രസിഡന്റ് അറിയിച്ചു.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍