പാലക്കാട്: വർദ്ധിച്ചു വരുന്ന ലഹരി – അക്രമ പ്രവണതകൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് ജില്ല കമ്മിറ്റി നൈറ്റ് വിജിൽ സംഘടിപ്പിച്ചു. പാലക്കാട് പുതുപ്പള്ളിതെരുവിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധ മാർച്ചോടു കൂടി പരിപാടി ആരംഭിച്ചു. തുടർന്ന് കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ ഉദ്ഘാടനം ചെയ്‌തു.
കളമശ്ശേരി പോളിയിലെ എസ്.എഫ്.ഐ, കെ.എസ്.യു നേതാക്കളുടെയും പ്രവർത്തകരുടെയും കൈയിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത് ഗുരുതരമായ പ്രശ്നമാണെന്നും അവർ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും ബാസിത് താനൂർ പ്രസ്താവിച്ചു. സമൂഹത്തിൽ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി മാറുന്ന മയക്കുമരുന്ന്, കഞ്ചാവ് ലഹരി മാഫിയ സംഘങ്ങളിൽ നിന്ന് നാടിനെ മോചിപ്പിക്കുക എന്നുള്ളത് മുഴുവൻ വിദ്യാർഥി സമൂഹത്തിന്റെയും ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് ജില്ല പ്രസിഡൻ്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുനിൽകുമാർ അട്ടപ്പാടി, പാലക്കാട് മുനിസിപ്പാലിറ്റി കൗൺസിലർ എം സുലൈമാൻ തുടങ്ങിയവർ അഭിവാദ്യങ്ങൾ അറിയിച്ചു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റസീന ആലത്തൂർ സ്വാഗതവും വൈസ് പ്രസിഡന്റ് സഹ് ല ഇ പി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി പ്രതിഷേധ വര എന്ന പേരിൽ ലഹരി വിരുദ്ധ ചിത്ര രചനയും കയ്യൊപ്പ് ചാർത്തലും നടന്നു. ജില്ലാ സെക്രട്ടറിമാരായ സമദ് പുതുപ്പള്ളിത്തെരുവ്, നൗഷാദ് കോങ്ങാട്, സുൽഫീക്കർ, വസീം മണ്ണാർക്കാട്, അമീൻ സുലൈമാൻ, അമീൻ ഉതുങ്ങോട്, തുടങ്ങിയവർ നേതൃത്വം നൽകി. 200 ഓളം പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.