ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തില്‍ ഈ വർഷത്തെ പൊങ്കാല മഹോത്സവം മാർച്ച് 8 ന് അതിഗംഭീരമായി ആഘോഷിച്ചു. ഹൈന്ദവരുടെ വിശ്വാസങ്ങളിൽ ദേവീ പ്രീതിക്കുവേണ്ടിയുള്ള ആചാരങ്ങളിൽ ഏറ്റവും പ്രശസ്തമായിട്ടുള്ള ഒന്നാണ് ആറ്റുകാൽ പൊങ്കാല. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവ സ്ത്രീകൾ വൃതമെടുത്ത് അതീവ ഭക്തിയോടെ കൊണ്ടാടുന്ന ഈ പവിത്രമായ ആചാരം കുടുംബത്തിന്റെ സ്വർവ്വ ഐശ്വര്യത്തിനും വേണ്ടിയുള്ളതാണ്.
ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി ഒരുക്കിയിരുന്നത്.
അമേരിക്കയിലെ പല ഭാഗങ്ങളിൽ നിന്നായി വന്നുചേർന്ന നിരവധി സ്ത്രീ ജനങ്ങൾ അമ്പല മുറ്റത്ത് പ്രത്യേകമായി തയ്യാറാക്കിയ പൊങ്കാല അടുപ്പുകളിൽ ദേവി പ്രീതിക്കായി പൊങ്കാല അർപ്പിച്ചു.
അന്നേ ദിവസം അതിരാവിലെ തന്നെ മേൽശാന്തി ശ്രീ സൂരജ് തിരുമേനിയുടെ കർമ്മികത്വത്തിൽ ആരംഭിച്ച വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 11 മണിയോടെ ദേവീ സന്നിധിയിൽ നിന്നും പകർന്നെടുത്ത തിരിനാളം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിച്ച് പൊങ്കാല മണ്ഡപത്തിൽ പ്രത്യേകമായി തയ്യാറാക്കിയ പണ്ടാര അടുപ്പിൽ തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി.
“അമ്മേ നാരായണ…. ദേവീ നാരായണ” വിളികളാൽ മുഖരിതമായ ക്ഷേത്രാങ്കണത്തിൽ നൂറു കണക്കിന് ദേവി ഭക്തകൾ തങ്ങളുടെ പൊങ്കാല നിവേദ്യം അർപ്പിച്ചു. നിരവധി പേർക്ക് പണ്ടാര അടുപ്പിൽ പൊങ്കാല അർപ്പിച്ചു തൃപ്തിപ്പെടേണ്ടി വന്നു എന്നുള്ളത് ഈ ചടങ്ങിന്റെ വര്‍ദ്ധിച്ചു വരുന്ന ജനപങ്കാളിത്തം വിളിച്ചോതുന്നു.
പണ്ടാര അടുപ്പിൽ തയ്യാറാക്കിയ നിവേദ്യം പകർന്നു ദേവീ സന്നിധിയിലേക്ക് ആനയിച്ചു ദേവിക്ക് നിവേദിച്ച ശേഷം തിരിച്ച് പൊങ്കാല മണ്ഡപത്തിലെത്തിച്ച് ഓരോ പൊങ്കാല കലങ്ങളിലും തളിച്ച് ദേവീ കടാക്ഷം ഏവർക്കും പകർന്നു നൽകിയതോടെ ചടങ്ങുകൾക്ക് സമാപനമായി.
തുടർന്ന് നടന്ന രുചികരമായ ഗുരുവായൂർ സദ്യ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ചടങ്ങുകൾക്ക് പ്രസിഡന്റ് സുബിൻ ബാലകൃഷ്ണൻ നേതൃത്വം നല്‍കി. പൂജാ കമ്മിറ്റി ചെയർ രാജി പിള്ള, ഉത്സവ കമ്മിറ്റി ചെയർ അനിൽ ഗോപിനാഥ്, ട്രസ്റ്റീ ചെയർ സുനിൽ നായർ, ബോര്‍ഡ് അംഗങ്ങള്‍, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ആദ്യാവസാനം വരെ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇനിയുള്ള വര്‍ഷങ്ങളില്‍ കൂടുതൽ തയ്യാറെടുപ്പുകളോടെ അതിഗംഭീരമായി പൊങ്കാല ആഘോഷിക്കുവാനും, കൂടുതൽ പേരിലേക്ക് പൊങ്കാലയുടെ മഹിമ എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കാലേക്കൂട്ടി ആരംഭിക്കുമെന്നും ക്ഷേത്ര കമ്മിറ്റി അറിയിച്ചു.