
അങ്ങാടിപ്പുറം: കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഇല്ലാതെയാക്കി ഇസ്ലാമോഫോബിയ വളർത്തി സംഘ്‌പരിവാറിന്റെ ചിലവിൽ മൂന്നാം വട്ടം തുടർഭരണം പിടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം സംസ്ഥാനത്തെ അപകടത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും എന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി സഫീർ ഷാ പറഞ്ഞു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് തിരൂർക്കാട് ഹമദ് ഐടിഐയിൽ സംഘടിപ്പിച്ച RISEUP 2k25- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൽക്കാലിക ലാഭത്തിനു വേണ്ടി സിപിഎം നടത്തുന്ന നീക്കം കേരളത്തിൽ സംഘ്‌പരിവാറിന് മണ്ണൊരുക്കൽ പ്രക്രിയയ്ക്ക് കൂടുതൽ ശക്തി പകരുകയാണ് ചെയ്യുക എന്നും, ഇതിനെ ചെറുത്തു തോൽപ്പിക്കാൻ ജനാധിപത്യ മതേതര കക്ഷികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ കമ്മിറ്റിയംഗം ശ്രീനിവാസൻ എടപ്പറ്റ, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, പാർട്ടി മങ്കടമണ്ഡലം പ്രസിഡന്റ് കെ പി ഫാറൂഖ്, ജോയിൻ സെക്രട്ടറി ആബിദലി മാമ്പ്ര, അരിപ്ര രണ്ടാം വാർഡ് മെമ്പർ സ്വാലിഹ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു, പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് മാസ്റ്റർ സ്വാഗതവും, പഞ്ചായത്ത് ട്രഷറർ മനാഫ് ത്തോട്ടോളി നന്ദിയും പറഞ്ഞു.
നസീമ മദാരി, സക്കീർ അരിപ്ര, സാഹിദ ഖാലിദ്, ആഷിക് ചാത്തോലിൽ, റഷീദ് കുറ്റീരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.