പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി, കത്തോലിക്കാ സഭയിലെ കർദ്ദിനാൾമാർ ശനിയാഴ്ച അവരുടെ ഒമ്പതാമത്തെ അടച്ചിട്ട വാതിൽ യോഗം നടത്തി, വത്തിക്കാനിൽ ദൈനംദിന ചർച്ചകളുടെ പരമ്പരയ്ക്ക് ആരംഭം കുറിച്ചു.
“ജനറൽ കോൺഗ്രിഗേഷൻസ്” എന്നറിയപ്പെടുന്ന ഈ ഒത്തുചേരലുകൾ, ഔപചാരിക കോൺക്ലേവ് പ്രക്രിയയിൽ പ്രവേശിക്കുന്നതിന് മുമ്പ് അടുത്ത പോപ്പ് നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കാൻ കർദ്ദിനാൾമാരെ അനുവദിക്കുന്നു.
ബുധനാഴ്ച, 133 കർദ്ദിനാൾ-ഇലക്ടറുകളെ സിസ്റ്റൈൻ ചാപ്പലിനുള്ളിൽ അടച്ചിടും. അവര്‍ കത്തോലിക്കാ സഭയുടെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കാന്‍ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ രഹസ്യമായി വോട്ട് ചെയ്യും.
ശനിയാഴ്ച രാവിലെ തീർത്ഥാടകരുടെയും റിപ്പോർട്ടർമാരുടെയും തിരക്കിനിടയിലൂടെ കർദ്ദിനാൾമാർ നടന്നു. പക്ഷേ, കോൺക്ലേവിന്റെ പ്രക്രിയയെക്കുറിച്ചോ അതിന്റെ ദൈർഘ്യത്തെക്കുറിച്ചോ വളരെ കുറച്ച് മാത്രമേ അഭിപ്രായം പറഞ്ഞുള്ളൂ.
“ഞങ്ങൾക്ക് അറിയില്ല, കർത്താവിൻറെ വാക്കുകൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്,” സിംഗപ്പൂർ ആർച്ച് ബിഷപ്പും കാർഡിനൽസ് കോളേജിലെ കൂടുതൽ യാഥാസ്ഥിതിക അംഗങ്ങളിൽ ഒരാളുമായി കണക്കാക്കപ്പെടുന്നതുമായ കർദ്ദിനാൾ വില്യം ഗോ പറഞ്ഞു.
ഏപ്രിൽ 21-ന് ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് ലോകമെമ്പാടുമുള്ള കർദ്ദിനാൾമാരെ റോമിലേക്ക് വിളിപ്പിച്ചു. അർജന്റീനയിൽ നിന്നുള്ള ഫ്രാൻസിസ് മാര്‍പാപ്പ 12 വർഷം പോപ്പായി സേവനമനുഷ്ഠിച്ചു. പരിഷ്കരണവാദ അജണ്ടയ്ക്കും സഭയെ ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കും പേരുകേട്ടവനായിരുന്നു അദ്ദേഹം.
“അദ്ദേഹത്തിന്റെ നേട്ടം ഞങ്ങൾ അംഗീകരിക്കുന്നു. പക്ഷേ ഒരു പോപ്പും പൂർണരല്ല, ആർക്കും എല്ലാം ചെയ്യാൻ കഴിയില്ല, അതിനാൽ സെന്റ് പീറ്ററിന്റെ പിൻഗാമിയാകാൻ ഏറ്റവും നല്ല വ്യക്തിയെ ഞങ്ങൾ കണ്ടെത്തും,” കർദ്ദിനാൾ വില്യം ഗോ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഫ്രാൻസിസിന്റെ നിർദ്ദേശപ്രകാരം യോജിച്ച ഒരു നേതാവിനെ കോൺക്ലേവ് തിരഞ്ഞെടുക്കുമെന്ന് അൽജിയേഴ്സ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജീൻ-പോൾ വെസ്കോ പ്രത്യാശ പ്രകടിപ്പിച്ചു. “കർത്താവ് ഇതിനകം തിരഞ്ഞെടുത്ത ഒരാളെ നാം കണ്ടെത്തണം. നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാൻ കൂടുതൽ സമയം ലഭിക്കുമായിരുന്നു, പക്ഷേ ശരിയായ സമയത്ത് നമ്മൾ തയ്യാറാകുമെന്നും കർത്താവ് ആഗ്രഹിച്ച പോപ്പിനെ സഭയ്ക്ക് നൽകുമെന്നും എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള 1.4 ബില്യൺ സഭാ അംഗങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മത വൃത്തങ്ങൾക്ക് പുറത്തുള്ളവരുടെയും ശ്രദ്ധ ഇതിലേക്ക് ആകര്‍ഷിക്കുന്നു.
വെള്ളിയാഴ്ച, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ മാർപ്പാപ്പയുടെ വേഷം ധരിച്ചിരിക്കുന്ന ഒരു ഡിജിറ്റലായി മാറ്റം വരുത്തിയ ചിത്രം പോസ്റ്റ് ചെയ്തു, തനിക്ക് ആ ജോലി ഇഷ്ടമാണെന്ന് തമാശയായി പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം അത് പോസ്റ്റ് ചെയ്തത്.
മെയ് 7 ന് കോൺക്ലേവ് ആരംഭിക്കും. പുതിയ പോപ്പ് തിരഞ്ഞെടുക്കപ്പെടുന്നതുവരെ, സഭ കാർഡിനൽസ് കോളേജിന്റെ ഭരണത്തിൻ കീഴിലായിരിക്കും.