പാലക്കാട്: പാലക്കാട് സ്പെഷ്യൽ സ്കൂളിന് ഹെഡ്ഗെവാറിന്റെ പേര് നൽകി വിദ്വേഷം പ്രചരിപ്പിക്കാൻ ആണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രയ്ക്ക് പാലക്കാട് മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ വിദ്വേഷം പ്രചരണം നടത്തുകയും മുസ്ലീങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും എതിരെ വംശഹത്യാ പദ്ധതികൾ നടപ്പാക്കുകയും ചെയ്ത ആർഎസ്എസിന്റെ ആചാര്യൻ്റെ പേരിൽ പക വളർത്താനാണ് സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നത്. സാംസ്കാരിക ഹിന്ദുത്വയുടെ ചിഹ്നങ്ങൾ സ്ഥാപിച്ച് വിവിധ ജനവിഭാഗങ്ങളെ അപരവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഈ നാമകരണവും.
വിദ്യാഭ്യാസ മേഖലയിൽ ആസൂത്രിതമായി കാവിവൽക്കരണം നടത്തുന്നതിനുള്ള ശ്രമങ്ങൾ ഹിന്ദുത്വ ഭരണകൂടത്തിൻ്റെ ഏകാധിപത്യമാണ് ലക്ഷ്യമിടുന്നത്. പാoപുസ്തകങ്ങളിൽ നിന്ന് മുസ്ലിം സുൽത്താൻമാരുടെ മധ്യകാല ചരിത്രം മാത്രം എടുത്തു മാറ്റുന്നതിലൂടെ ചരിത്രത്തോട് തന്നെയാണ് അനീതി ചെയ്യുന്നത്. അതീവ മഹത്വം എന്ന് വിശേഷിപ്പിച്ചു കൊണ്ട് രൂപപ്പെടുത്തിയ പുതിയ ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമായി പരിഷ്കരിച്ച എൻ.സി.ഇ.ആർ.ടി-യുടെ ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ നിന്നും മുഗൾ – സുൽത്താൻ കാലഘട്ട ചരിത്രം വെട്ടി മാറ്റിയത് രാജ്യത്തിൻ്റെ വൈവിധ്യത്തെ കൊലപ്പെടുത്തിയ നടപടിയാണ്. ഭരണകൂടത്തിന്റെ അനീതി നിറഞ്ഞ താല്പര്യങ്ങൾ നടപ്പിലാക്കുന്നതിന് വിദ്യാഭ്യാസ ചിന്തകരും സാമൂഹിക പ്രവർത്തകരും പ്രവർത്തിക്കുന്നത് രാജ്യത്തെ കൂടുതൽ അപകടങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. വെറുപ്പിൻ്റെ വംശീയ രാഷ്ട്രീയം പേറുന്നവരുടെ അസഹിഷ്ണുതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് റസാഖ് പാലേരി പറഞ്ഞു.
സംഘ്പരിവാറിന്റെ ഈ ധ്രുവീകരണ ശ്രമത്തെ നമ്മൾ ഒന്നിച്ച് ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപര വിദ്വേഷം പ്രചരിപ്പിച്ച് ആളുകളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്തുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. പകയും വിദ്വേഷവും നിലനിൽക്കുന്ന സമൂഹം ഒരിക്കലും പുരോഗമിക്കുകയില്ല. നമ്മുടെ നാടിൻ്റെ അതിജീവനത്തിന് സാഹോദര്യത്തോടെ വിവിധ ജനവിഭാഗങ്ങൾ ഒന്നിച്ച് മുന്നേറൽ അനിവാര്യമാണ്. ഇതാണ് വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന സാഹോദര്യ പദയാത്രയുടെ സന്ദേശം എന്നും റസാഖ് പാലേരി പറഞ്ഞു.
“നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം” എന്ന തലക്കെട്ടിൽ സംസ്ഥാനത്തെ 14 ജില്ലകളിലുമായി സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി പാലക്കാട് മണ്ഡലത്തിൽ പര്യടനം നടന്നു. ശകുന്തള ജംഗ്ഷനിൽനിന്നും ആരംഭിച്ച പദയാത്രയിൽ പാലക്കാട് മണ്ഡലത്തിലെ ആയിരക്കണക്കിന് പ്രവർത്തകർ റസാഖ് പാലിയേരിയോടൊപ്പം അണിചേർന്നു. പദയാത്ര കടന്നു പോയ വഴികളിൽ മണ്ഡലത്തിലെ വ്യത്യസ്ത വിഭാഗങ്ങൾ ആവേശം നിറഞ്ഞ സ്വീകരണമാണ് നൽകിയത്. പദയാത്രക്കിടയിൽ വാച്ച് മട സമര പോരാളികൾ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പ്രസിഡണ്ടിന് സ്വീകരണം നൽകി. റോഡിൻ്റെ ഇരുവശങ്ങളിലുമായി ഓട്ടോ ഡ്രൈവർമാർ, യുവാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ റസാഖ് പാലേരിക്ക് ഹാരാർപ്പണം നടത്തി. പുതുപ്പള്ളി തെരുവിൽ നടന്ന സ്വീകരണ പൊതു സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി പ്രേമജി പിഷാരടി പ്രമേയ അവതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം.ദിൽഷാദ് അലി, ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ഖാലിദ് , നഗരസഭ കൗൺസിലർ എം.സുലൈമാൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ലുക്മാനുൽ ഹക്കീം സ്വാഗതവും സെക്രട്ടറി നൂറുൽ ഹസൻ നന്ദിയും പറഞ്ഞു.
തുടങ്ങിയവർ പൊതു സമ്മേളനത്തിൽ സംസാരിച്ചു. സ്വീകരണ പൊതുസമ്മേളനത്തിൽ മണ്ഡലം – യൂണിറ്റ് ഭാരവാഹികൾ, ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിയവർ റസാഖ് പാലേരിക്ക് ഹാരാർപ്പണം നടത്തി. മണ്ഡലം പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം സെക്രട്ടറി സ്വാഗതം പറഞ്ഞു.