ന്യൂയോർക്ക്: പത്തനംതിട്ട അയിരൂർ നടുവില്ലം കുടുംബയോഗത്തിൻറെ ന്യൂയോർക്ക് ചാപ്റ്റർ കുടുംബ സംഗമം മെയ് 10 ശനിയാഴ്ച്ച ന്യൂയോർക്കിൽ നടത്തപ്പെടുന്നു. ഫ്ലോറൽ പാർക്ക് ബല്ലെറോസിലുള്ള ദിൽബാർ ഇന്ത്യൻ റസ്റ്റോറന്റിൽ (Dilbar Indian Cuisine – 248-08 Union Turnpike, Bellerose, NY 11426) വച്ച് വൈകിട്ട് 6-ന് നടക്കുന്ന കുടുംബ സംഗമത്തിൽ കേരളത്തിൽ നിന്നും അമേരിക്കൻ സന്ദർശനാർഥം ന്യൂയോർക്കിൽ എത്തിച്ചേരുന്ന നടുവില്ലം കുടുംബയോഗം പ്രസിഡൻറ് റവ. ഡോ. ഫാദർ ചെറിയാൻ കോട്ടയിലിന് ന്യൂയോർക്ക് ചാപ്റ്ററിൻറെ സ്വീകരണം നൽകുന്നതാണ്.
നടുവില്ലം കുടുംബയോഗത്തിൻറെ ന്യൂയോർക്ക് ചാപ്റ്റർ എല്ലാ വർഷവും കുടുംബ സംഗമം സംഘടിപ്പിക്കാറുണ്ട്. ശനിയാഴ്ച ചേരുന്ന കുടുംബ സംഗമത്തിൽ മാതൃദിനം (Mothers’ Day) പ്രമാണിച്ച് എല്ലാ അമ്മമാരെയും ആദരിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുന്നതാണ്. അതോടൊപ്പം 75 വയസ്സ് പൂർത്തീകരിക്കുന്ന എല്ലാ മുതിർന്ന പ്രിയപ്പെട്ടവരെയും, കഴിഞ്ഞ വർഷം വിവാഹിതരായി കുടുംബജീവിതത്തിൽ പ്രവേശിച്ചിരിക്കുന്ന എല്ലാ യുവാക്കളെയും ആദരിക്കുന്നതുമാണ്. ഈ വർഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ തയ്യാറെടുക്കുന്ന കുടുംബയോഗത്തിൽപ്പെട്ട മക്കൾക്ക് ആശംസകൾ അർപ്പിക്കുന്നതിനുള്ള അവസരം കൂടി ക്രമീകരിക്കുന്നു.
നടുവില്ലം കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് കൂടുവാനും പരസ്പരം സ്നേഹബന്ധങ്ങൾ പുതുക്കുവാനും നല്ലൊരു അവസരമായിട്ടാണ് അംഗങ്ങൾ ഇതിനെ ഉറ്റുനോക്കുന്നത്. എല്ലാ അയിരൂർ നടുവില്ലം കുടുംബാംഗങ്ങളും ഈ ശനിയാഴ്ച (മെയ് 10) വൈകിട്ട് 6-ന് ദിൽബാർ റസ്റ്റോറന്റിൽ വന്നു ചേരണമെന്നും ഇതൊരു അറിയിപ്പും ക്ഷണവുമായി കണക്കാക്കണമെന്നും ചാപ്റ്റർ പ്രസിഡൻറ് സി. വി. സൈമൺകുട്ടി പ്രത്യേകം അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: C.V. Simonkutty, NY Chapter President (516) 987-0596, M. Thomas, Vice President (917) 741-1747, Saju David, Secretary (516) 581-4365, Anil Mathew, Trustee (516) 996-6065, Abraham C Abraham (Thampi) (516) 554-1948.