എൻ.സി.ഇ.ആർ.ടി പാഠപുസ്തക പരിഷ്ക്കരണത്തിനെതിരെയുള്ള രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്ക്കരണത്തിൻ്റെ മറവിൽ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ ചരിത്രം വെട്ടിമാറ്റിയ എൻ.സി.ഇ.ആർ.ടിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ‘വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ ലബോറട്ടറിയാക്കാൻ അനുവദിക്കില്ല’ എന്ന തലക്കെട്ടിലാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തക പരിഷ്ക്കരണങ്ങൾക്കെതിരെ മാർച്ച് നടത്തിയത്. മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് രാജ്ഭവൻ കവാടത്തിൽ പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പാഠ്യപദ്ധതി പരിഷ്ക്കരണത്തിലൂടെ സംഘ്പരിവാർ ഹിന്ദുത്വവത്ക്കരണമാണ് ലക്ഷ്യംവെക്കുന്നതെന്നും പുതുതലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കാമെന്നത് അവരുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വർഗീയ അജണ്ട മാത്രം ലക്ഷ്യംവെച്ച് നടത്തുന്ന പാഠ്യപദ്ധതിപരിഷ്ക്കരണം വസ്തുതകളുടെ അടിസ്ഥാനത്തിലോ, കൂടിയാലോചനകളിലൂടെയോ അല്ല എൻ.സി.ഇ.ആർ.ടിയെ വെച്ച് സംഘ്പരിവാർ നടപ്പാക്കുന്നത്. ഇതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ അധ്യക്ഷത വഹിച്ചു. സൗദ് ടി.കെ, ബാസിത് താനൂർ, മെഹ്ബൂബ് ഖാൻ, ഷമീമ സക്കീർ, കെ.എം.സാബിർ അഹ്സൻ, ഷാഹിൻ തൻസീർ എന്നിവർ സംസാരിച്ചു. അമീൻ റിയാസ്, ലബീബ് കായക്കൊടി, അഡ്വ. അലി സവാദ്, മുനീബ് എലങ്കമൽ, അൻവർ സ്വലാഹുദ്ദീൻ, സഹ് ല ഇ.പി, ഫയാസ് ഹബീബ്, ഇജാസ് ഇഖ്ബാൽ, ആഷിഖ് ടി.എം, ആഷിഖ് നിസാർ, നഈമ, ഫാത്തിമ, അദ്നാൻ, മയൂഫ് എന്നിവർ നേതൃത്വം നൽകി.

കൊച്ചുകുഞ്ഞിനെ ഒക്കത്തുവെച്ചു കൊണ്ട് സമരത്തിനിറങ്ങിയ ആ സ്ത്രീയുടെ പേരില്‍ ബാലപീഡനത്തിന് കേസെടുക്കണം. ഫ്രറ്റേണിറ്റിയുടെ പ്രവര്‍ത്തകര്‍ ഇത്രക്കും സാമാന്യ ബോധമില്ലാത്തവരാണോ? ആ കുഞ്ഞിനെ കൈകളിലേന്തി ജാഥയുടെ മുന്‍പില്‍ നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് അനുകമ്പ ലഭിക്കും എന്ന് ചിന്തിച്ചിട്ടാണോ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്? പോലീസും അധികാരികളും ഇത് കണ്ടില്ലേ?