ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ട്രാവൽ ബ്ലോഗറും ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തയുമായ ജ്യോതി മല്‍ഹോത്ര എന്ന യുവതി, പാകിസ്ഥാൻ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ എഹ്സാൻ-ഉർ-റഹീം വഴി പാക് രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റിലായി. ഔദ്യോഗിക രഹസ്യ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് ജ്യോതി മൽഹോത്രയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുറ്റസമ്മതം നടത്തിയ ശേഷം, അവരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പാക്കിസ്താൻ ഹൈക്കമ്മീഷനിൽ നയതന്ത്ര സംരക്ഷണത്തിൽ ജോലി ചെയ്യുന്ന പാക്കിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനായ എഹ്സാൻ-ഉർ-റഹീം ഉൾപ്പെടെയുള്ളവരുമായുള്ള ജ്യോതിയുടെ ബന്ധങ്ങൾ ഈ കേസ് തുറന്നുകാട്ടി.
ആരാണ് എഹ്സാൻ-ഉർ-റഹീം?
പോലീസ് റിപ്പോർട്ട് അനുസരിച്ച്, 2023-ൽ പാക്കിസ്താൻ ഹൈക്കമ്മീഷനിലേക്കുള്ള സന്ദർശന വേളയിലാണ് ജ്യോതി മൽഹോത്ര ‘ഡാനിഷ്’ എന്നറിയപ്പെടുന്ന എഹ്‌സാൻ-ഉർ-റഹീമിനെ കണ്ടുമുട്ടിയത്. റഹീം ജ്യോതി മൽഹോത്രയുടെ കൈകാര്യക്കാരനാണെന്ന് പറയപ്പെടുന്നു. പാക്കിസ്താൻ സന്ദർശന വേളയിൽ അദ്ദേഹം ജ്യോതിയുടെ യാത്രയ്ക്കും താമസത്തിനും വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. ഇവിടെ നിന്നാണ് ജ്യോതി പാക്കിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത്, അതിൽ ഷാക്കിർ, റാണ ഷഹബാസ് തുടങ്ങിയ പേരുകൾ ഉൾപ്പെടുന്നു.
ഈ വെളിപ്പെടുത്തലുകളെത്തുടർന്ന്, 2025 മെയ് 13-ന് ഇന്ത്യൻ സർക്കാർ എഹ്സാൻ-ഉർ-റഹീമിനെ ‘പേഴ്സണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിക്കുകയും 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ഉത്തരവിടുകയും ചെയ്തു. റഹീമിന്റെ ഔദ്യോഗിക കർത്തവ്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ മൂലമാണ് വിദേശകാര്യ മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്. പാക്കിസ്താൻ ഹൈക്കമ്മീഷനിൽ ഔദ്യോഗിക പ്രതിഷേധവും രേഖപ്പെടുത്തി.
ജ്യോതി മൽഹോത്രയുടെ യൂട്യൂബ് വീഡിയോയ്ക്ക് പിന്നിലെ സത്യം
ജ്യോതി മൽഹോത്രയും റഹീമും തമ്മിലുള്ള ബന്ധം ഒരു യൂട്യൂബ് വീഡിയോയിലൂടെയാണ് വെളിപ്പെടുത്തിയത്. 2024 മാർച്ച് 30 ന് പാക്കിസ്താൻ ഹൈക്കമ്മീഷനിൽ നടന്ന ഇഫ്താർ പരിപാടിക്കിടെയാണ് ഈ വീഡിയോ റെക്കോർഡ് ചെയ്തത്. ഈ വീഡിയോയിൽ, ജ്യോതി എഹ്‌സാൻ-ഉർ-റഹീമിനോടും ഭാര്യയോടും ഊഷ്മളമായി സംസാരിക്കുന്നത് കാണാം. പാകിസ്താന്റെ ആതിഥ്യമര്യാദയെ അവർ പ്രശംസിക്കുകയും അവരെ തന്റെ ഗ്രാമം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നു.
പാകിസ്താനിലേക്ക് പോകാനുള്ള ജ്യോതി മൽഹോത്രയുടെ ആഗ്രഹവും വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. അവിടെ യാത്ര ചെയ്യുന്നതിനും വിസ നേടുന്നതിനുമുള്ള സാധ്യതകളെക്കുറിച്ച് അവര്‍ ആവർത്തിച്ച് ചർച്ച ചെയ്യുന്നു. ഈ സമയത്ത്, ജ്യോതി ചൈനീസ് അധികാരികളോട് സമാനമായ ഒരു അഭ്യർത്ഥന നടത്തുന്നതും, അതിൽ ‘എനിക്ക് ഒരു വിസ തരൂ’ എന്ന് തമാശയായി ചോദിക്കുന്നതും കാണാം.