രേഖകളിലെ പിഴവ്: ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്ത മാമ്പഴങ്ങൾ തടഞ്ഞ് യു.എസ് അധികൃതർ

ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 15 ഷിപ്പ്മെന്റ് മാമ്പഴങ്ങൾക്ക് അനുമതി നിഷേധിച്ച് യുഎസ് കാർഷിക വകുപ്പ് അധികൃതർ. കയറ്റുമതി ചെയ്യുന്നതിനിടെ ഡോക്യുമെൻഷൻ പ്രക്രിയയിൽ സംഭവിച്ച പിഴവുകളാണ് അനുമതി നിഷേധിക്കാനുണ്ടായ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ആവശ്യമായ രേഖകളില്ലെന്നും ഉള്ള രേഖകളിൽ വ്യക്തതയില്ലെന്നും യു.എസ് അധികൃതർ വ്യക്തമാക്കി.

സാന്‍ ഫ്രാൻസിസ്കോ, അറ്റ്‌ലാന്റ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് മാമ്പഴങ്ങൾ തടഞ്ഞത്. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ വിപണികളിൽ ഒന്നാണ് യുഎസ്. മാമ്പഴങ്ങൾ ഇറക്കുന്നതിനുള്ള അനുമതി നിഷേധിച്ചതോടെ, അവ തിരികെ കൊണ്ടുപോവുകയോ, നശിപ്പിക്കകയോ ചെയ്യാൻ യുഎസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഗതാഗതത്തിനായി ഉയർന്ന ചിലവ് വരുന്നതിനാലും, പെട്ടെന്ന് കേടാവാൻ സാധ്യതയുള്ളതിനാലും മാമ്പഴങ്ങൾ അവിടെ തന്നെ ഉപേക്ഷിക്കാനാണ് കയറ്റുമതിക്കാരുടെ തീരുമാനമെന്ന് അറിയുന്നു .

കീടങ്ങളെ കൊല്ലുന്നതിനും, കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുമായി ഇറേഡിയേഷൻ പ്രക്രിയയിലൂടെ കടത്തിവിട്ട ശേഷമാണ് പഴങ്ങൾ കയറ്റുമതി ചെയ്യുക.യുഎസ് കാർഷിക വകുപ്പിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു ഈ നടപടി. കയറ്റുമതിക്ക് ആവശ്യമായ പിപിക്യു203 ഫോം സെർട്ടിഫൈ ചെയ്ത് നൽകേണ്ടിയിരുന്നത് ഈ ഓഫീസറായിരുന്നു. എന്നാൽ ഈ ഉദ്യോഗസ്ഥൻ തെറ്റായ പിപിക്യു203 നൽകിയതിനാലാണ് അനുമതി നിഷേധിച്ചതെന്ന് മാമ്പഴം കയറ്റുമതി ചെയ്തവർ ആരോപിച്ചു. ഏകദേശം 5 ലക്ഷം ഡോളറിൻ്റെ (4.25 കോടി രൂപ) നഷ്ടമാണ് കയറ്റുമതിക്കാർ ഇതിലൂടെ നേരിടുന്നത്.

ഇറേഡിയേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട രേഖകളിലെ പൊരുത്തക്കേടുകളാണ് മാമ്പഴങ്ങൾ നിഷേധിക്കാനുണ്ടായ കാരണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മെയ് 8, 9 തിയതികളിലായി മുംബൈയിൽ വച്ച് ഇറേഡിയേഷൻ പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു മാമ്പഴങ്ങൾ കയറ്റുമതി ചെയ്‌ത്.ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്ത മാമ്പഴങ്ങൾക്ക് യു.എസ് അധികൃതർ അനുമതി നിഷേധിച്ചത് വൻ സാമ്പത്തിക നഷ്ടം ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഉണ്ടാക്കി.

റിപ്പോര്‍ട്ട്: വി.ബി.ഭാഗ്യരാജ് ഇടത്തിട്ട

Print Friendly, PDF & Email

Leave a Comment

More News