തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം ഉൾപ്പെടെ നിരവധി ജില്ലകളിൽ സുരക്ഷാ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിഷയത്തിൽ ഇന്റലിജൻസ് മേധാവി ഡിഐജിമാർക്കും ജില്ലാ പോലീസ് മേധാവികൾക്കും റിപ്പോർട്ട് സമർപ്പിച്ചു.
മാർച്ച് 14, 19, 22 തീയതികളിൽ നടന്ന പരിപാടികളിലാണ് പ്രധാനമായും വീഴ്ചകൾ സംഭവിച്ചത്. പല സ്ഥലങ്ങളിലും പൈലറ്റ് വാഹനങ്ങൾ ശരിയായ ഏകോപനമില്ലാതെയാണ് നീങ്ങിയതെന്ന് റിപ്പോർട്ട് വിമർശിക്കുന്നു. റൂട്ട് ഏകോപനത്തിൽ ഉദ്യോഗസ്ഥരുടെ പരാജയങ്ങൾ കാരണം, മുഖ്യമന്ത്രിയുടെ വാഹനം വാഹനവ്യൂഹത്തിൽ നിന്ന് വേർപെട്ട് അപകടസാധ്യതയുള്ള സാഹചര്യം സൃഷ്ടിച്ച സംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
മുഖ്യമന്ത്രി ഇസഡ്+ കാറ്റഗറി സുരക്ഷയിലായിരുന്നിട്ടും റൂട്ട് ഫലപ്രദമായി ഏകോപിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. റൂട്ട് മാനേജ്‌മെന്റിന് ശരിയായ മേൽനോട്ടം ഇല്ലാത്തതും വീഴ്ചകൾക്ക് കാരണമായി. ഇത്തരം സുരക്ഷാ വീഴ്ചകൾ ആവർത്തിക്കരുതെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും റൂട്ട് ക്ലിയറൻസ് ഉറപ്പാക്കുന്നതിലും അതീവ ജാഗ്രത പാലിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ മാറ്റത്തിന് സാധ്യതയുള്ള രാഷ്ട്രീയ ചർച്ചകൾ സജീവമായ സമയത്താണ് ഇന്റലിജൻസ് റിപ്പോർട്ട്.
