പാലക്കാട്: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ വ്യാപക അറസ്റ്റ് . പുതിയ അക്കാദമിക വർഷത്തിലേക്കുള്ള പ്ലസ് വൺ കോഴ്സുകളിലേക്ക് അഡ്മിഷൻ നടക്കാനിരിക്കെ ജില്ലയിലെ 16,974 വിദ്യാർത്ഥികൾ പുറത്ത് നിൽക്കുന്ന സാഹചര്യത്തിൽ, മതിയായ പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും, പ്രൊഫ വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചത്.
ജില്ലയിൽ ആകെയുള്ള 228 സയൻസ് ബാച്ചുകളിൽ 11400 കുട്ടികൾക്ക് മാത്രമാണ് അഡ്മിഷൻ ലഭിക്കുക. ഭൂരിപക്ഷ വിദ്യാർത്ഥികളും ആദ്യമായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന കോഴ്സ് സയൻസ് ആണെങ്കിലും , അപേക്ഷകരിൽ 24.8% വിദ്യാർത്ഥികൾക്ക് മാത്രമേ സയൻസ് പഠിക്കാൻ അവസരം ലഭിക്കുന്നുള്ളു.
മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു.
മാർച്ചിൽ വിദ്യാർത്ഥികളടക്കo നിരവധി പേർ പങ്കെടുത്തു. പ്രതിഷേധ സംഗമത്തിൽ വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളിയും, ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ഖാലിദും അഭിവാദ്യങ്ങളർപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷതയും ജനറൽ സെക്രട്ടറി റസീന സ്വാഗതവും നിർവഹിച്ചു.
പ്രതിഷേധത്തിന് നേതൃത്വം നൽകിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി റസീന, വൈസ് പ്രസിഡന്റുമാരായ സഹ് ല ഇ പി, നൗഷാദ് മണ്ണൂർ, സെക്രട്ടറിമാരായ വസീം, സുൽഫിക്കർ, ജില്ലാ നേതാക്കളായ ഷഹീൻ, ശബ്നം, ആരിഫ്, എന്നിവരാണ് അറസ്റ്റ് വരിച്ചത്.