വാഷിംഗ്ടണില്‍ രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു

വാഷിംഗ്ടണ്‍: ബുധനാഴ്ച രാത്രി വാഷിംഗ്ടൺ ഡിസിയിലെ, ക്യാപിറ്റോള്‍ ജൂത മ്യൂസിയത്തിന് സമീപം രണ്ട് ഇസ്രായേലി എംബസി ജീവനക്കാർ (ഒരു പുരുഷനും ഒരു സ്ത്രീയും) വെടിയേറ്റ് കൊല്ലപ്പെട്ടു. വെടിയുതിർക്കുന്നതിനുമുമ്പ് അക്രമി “സ്വതന്ത്ര പലസ്തീൻ” എന്ന മുദ്രാവാക്യം വിളിച്ചതായി പോലീസ് പറഞ്ഞു.

അക്രമി ചിക്കാഗോ നിവാസിയായ ഏലിയാസ് റോഡ്രിഗസ് (30) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. റോഡ്രിഗസിന് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്നും ആക്രമണത്തിന് മുമ്പ് മ്യൂസിയത്തിന് പുറത്ത് അലഞ്ഞുതിരിയുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ഒരു സാംസ്കാരിക പരിപാടിക്കിടെയാണ് സംഭവം നടന്നത്. ഇസ്രായേലി എംബസി ജീവനക്കാര്‍ മ്യൂസിയത്തിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് റോഡ്രിഗസ് അവരുടെ അടുത്തേക്ക് ചെന്ന് അവരെ ആക്രമിച്ചത്. കൊല്ലപ്പെട്ട രണ്ട് ഇസ്രായേലി എംബസി ജീവനക്കാരും താമസിയാതെ വിവാഹനിശ്ചയം നടത്താൻ പോകുന്നവരായിരുന്നു. എംബസി ജീവനക്കാരായ സാറാ മിൽഗ്രിമും അവരുടെ പ്രതിശ്രുത വരൻ യാരോൺ ലിഷിൻസ്കിയുമാണ് കൊല്ലപ്പെട്ടതെന്ന് എംബസി വൃത്തങ്ങള്‍ പറഞ്ഞു.

ഏലിയാസ് റോഡ്രിഗസ് ചിക്കാഗോ നിവാസിയാണെന്ന് പോലീസ് പറഞ്ഞു. അയാള്‍ പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ (പിഎസ്എൽ), ബ്ലാക്ക് ലൈവ്സ് മാറ്റർ (ബിഎൽഎം) എന്നീ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.

റിപ്പോർട്ടുകൾ പ്രകാരം, റോഡ്രിഗസ് ചിക്കാഗോയിലെ ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയിട്ടുണ്ട്. തൊഴിൽപരമായി, ഹിസ്റ്ററി മേക്കേഴ്‌സിൽ ഓറൽ ഹിസ്റ്ററി ഗവേഷകനായും അടുത്തിടെ അമേരിക്കൻ ഓസ്റ്റിയോപതിക് ഇൻഫർമേഷൻ അസോസിയേഷനിൽ പ്രൊഫൈൽസ് അഡ്മിനിസ്ട്രേഷൻ സ്‌പെഷ്യലിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. 2020-ൽ അയാള്‍ ജോ ബൈഡന് ഒരു രാഷ്ട്രീയ സംഭാവനയും നൽകിയിട്ടുണ്ട്.

സാറാ മിൽഗ്രിമിനെയും അവരുടെ പ്രതിശ്രുത വരൻ യാരോൺ ലിഷിൻസ്കിയെയും വെടിവച്ചുകൊല്ലുകയും ഇരുവരുടെയും മരണത്തിൽ കലാശിക്കുകയും ചെയ്തതോടെ റോഡ്രിഗസ് ലോകമെമ്പാടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഈ സംഭവം അന്താരാഷ്ട്ര തലത്തിൽ വാർത്തകളിൽ ഇടം നേടുകയും മേഖലയിൽ സംഘർഷം രൂക്ഷമാക്കുകയും ചെയ്തു. ആക്രമണം നടന്ന ദിവസം രാവിലെ പിഎസ്എൽ അതിന്റെ സോഷ്യൽ മീഡിയയിൽ “വംശഹത്യ വിരുദ്ധ പ്രതിജ്ഞ” പോസ്റ്റ് ചെയ്തിരുന്നു, ഇത് സംഘടനയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി.

2017-ൽ, ഷിക്കാഗോ പോലീസ് ഓഫീസർ ജേസൺ വാൻ ഡൈക്കിന്റെ വെടിയേറ്റ് മരിച്ച 17 വയസ്സുള്ള ലാക്വാൻ മക്ഡൊണാൾഡിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഷിക്കാഗോയിൽ നടന്ന പ്രതിഷേധങ്ങളിൽ റോഡ്രിഗസ് പങ്കെടുത്തിരുന്നു. “സിയാറ്റിലിൽ ആമസോൺ സമ്പാദിച്ച സമ്പത്ത് കറുത്തവർഗ്ഗക്കാരുമായി പങ്കിട്ടിട്ടില്ല. ആമസോണ്‍ സിയാറ്റിലിനെ വെള്ളപൂശുന്നത് ഘടനാപരമായി വംശീയത നിറഞ്ഞതും ആ നഗരത്തില്‍ താമസിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും നേരിട്ടുള്ള ഭീഷണിയുമാണ്. ചിക്കാഗോയും മുഴുവന്‍ രാജ്യവും ഭീമന്‍ കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുകയും കൈവശപ്പെടുത്തുകയും ചെയ്യുന്ന, സമ്പന്നര്‍ക്കും വെള്ളക്കാര്‍ക്കും മാത്രം ജീവിക്കാന്‍ കഴിയുന്ന, ഭൂരിഭാഗം പേരും നഗരത്തിന്റെയും സമൂഹത്തിന്റെയും അതിരുകളില്‍ കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന, നഗരങ്ങളുടെ ഒരു രാഷ്ട്രമായി മാറണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടോ?,” റോഡ്രിഗസ് അന്ന് ലിബറേഷൻ മാസികയോട് പറഞ്ഞു.

 

സംഭവത്തിന് മുമ്പ്, ഏലിയാസ് റോഡ്രിഗസ് മ്യൂസിയത്തിന് പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. പിന്നീട് അയാൾ നാല് പേരടങ്ങുന്ന ഒരു സംഘത്തിലേക്ക് നടന്നു നീങ്ങി അവരിൽ രണ്ടുപേരെ വളരെ അടുത്ത് നിന്ന് വെടിവച്ചു. അതിനുശേഷം, റോഡ്രിഗസ് മ്യൂസിയത്തിനുള്ളിൽ പോയി ആദ്യം സ്വയം ഒരു ഇരയായി വിശേഷിപ്പിക്കുകയും മറ്റുള്ളവരോട് പോലീസിനെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ, റോഡ്രിഗസ് തന്റെ രണ്ട് കൈകളും ഉയർത്തിപ്പിടിച്ച്, “ഞാനാണ് ഇത് ചെയ്തത്” എന്ന് പറയുകയും തന്റെ കൈവശം ആയുധങ്ങളൊന്നുമില്ലെന്ന് പറയുകയും ചെയ്തു.

അതിനുശേഷം, റോഡ്രിഗസ് ഒരു ചുവന്ന കെഫിയ (മധ്യേഷ്യൻ പരമ്പരാഗത സ്കാർഫ്) എടുത്ത് സ്വതന്ത്ര പലസ്തീൻ മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ കസ്റ്റഡിയിലെടുത്തു. പോലീസ് കെട്ടിടത്തിന് പുറത്തേക്ക് വലിച്ചിഴയ്ക്കുമ്പോഴും അയാൾ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു. പിന്നീട്, പോലീസ് അയാളെ ആയുധം വലിച്ചെറിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി.

ദാരുണമായ സംഭവം ഇസ്രായേലി എംബസി സ്ഥിരീകരിച്ചു. ഒരു സാംസ്കാരിക പരിപാടിക്കിടെ ഞങ്ങളുടെ രണ്ട് ജീവനക്കാർ വളരെ അടുത്തു നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നും അവർ പറഞ്ഞു. പോലീസ് ഈ വിഷയം ഗൗരവമായി എടുക്കുകയും മുഴുവൻ സംഭവത്തെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News