വാഷിംഗ്ടണ്‍: ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള 500,000-ത്തിലധികം കുടിയേറ്റക്കാരുടെ താൽക്കാലിക സംരക്ഷിത പദവി (ടിപിഎസ്) റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് വെള്ളിയാഴ്ച യുഎസ് സുപ്രീം കോടതി അംഗീകാരം നൽകി. ഇതിനുപുറമെ, മറ്റൊരു കേസിൽ, ഏകദേശം 3.5 ലക്ഷം വെനിസ്വേലൻ കുടിയേറ്റക്കാരുടെ താൽക്കാലിക നിയമപരമായ പദവി അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനും കോടതി അനുമതി നൽകി. ഈ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാർക്ക് അമേരിക്കയിൽ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിച്ച ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ പദ്ധതിക്ക് കോടതിയുടെ ഈ തീരുമാനം ഒരു പ്രഹരമായി.
കഴിഞ്ഞ മാസം, ബോസ്റ്റണിലെ ഒരു ഫെഡറൽ ജഡ്ജി ട്രംപ് ഭരണകൂടം ഈ കുടിയേറ്റക്കാരുടെ നാടുകടത്തൽ സംരക്ഷണങ്ങളും വർക്ക് പെർമിറ്റുകളും ഉടനടി റദ്ദാക്കുന്നതിൽ നിന്ന് തടഞ്ഞിരുന്നു. തുടർന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ അടിയന്തര അപ്പീൽ ഫയൽ ചെയ്തു, അതിന്റെ ഫലമായാണ് ഭരണകൂടത്തിന് അനുകൂലമായ കോടതി വിധി വന്നത്.
റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലെത്തിയ ശേഷം, കുടിയേറ്റക്കാർക്ക് അമേരിക്കയിൽ നിയമപരമായി ജീവിക്കാൻ അവസരം നൽകുന്ന ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹം ശ്രമം ആരംഭിച്ചു.
ഒഹായോയിലെ ഹ്യൂമാനിറ്റേറിയൻ പരോൾ പ്രോഗ്രാമിന് കീഴിൽ നിയമപരമായ പദവിയുള്ള ഹെയ്തിയൻ കുടിയേറ്റക്കാരെക്കുറിച്ച് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദപരമായ പരാമർശങ്ങൾ നടത്തിയിരുന്നു. വളർത്തു മൃഗങ്ങളെ തട്ടിക്കൊണ്ടുപോകൽ, അവയെ ഭക്ഷിക്കല്‍ തുടങ്ങിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അവർക്കെതിരെ ട്രംപ് ഉന്നയിച്ചത്.
കോടതിയുടെ ഇപ്പോഴത്തെ തീരുമാനം ദശലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് അനിശ്ചിതത്വം സൃഷ്ടിക്കും. മേല്പറഞ്ഞ രാജ്യങ്ങളില്‍ നിന്ന് അമെരിക്കയിലെത്തിയിട്ടുള്ള കുടിയേറ്റക്കാര്‍ ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുകയാണ്. അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും ഈ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.