ആലപ്പുഴ: സ്ത്രീകളെ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നതാണ് ഇപ്പോള്‍ മയക്കുമരുന്ന് സംഘങ്ങൾ
സ്വീകരിച്ചിരിക്കുന്ന പുതിയ രീതി. സ്ത്രീകളെ കാരിയർമാരായി ഉപയോഗിച്ചാൽ പോലീസോ എക്സൈസോ സംശയിക്കില്ല എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ആലപ്പുഴ സ്വദേശിയായ സിയ തന്റെ ഭാര്യയുമായി ചേർന്നാണ് എംഡിഎംഎ കടത്തിക്കൊണ്ടിരുന്നത്. ഭാര്യ സഞ്ജുമോളുടെ ബാഗിൽ ഒളിപ്പിച്ചാണ് ഇയാൾ ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ദമ്പതികൾ മയക്കുമരുന്നുമായി പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലീസും സംയുക്തമായി 13 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. അറസ്റ്റിലായ സിയ നിരവധി മയക്കുമരുന്ന് കേസുകളിലും ആക്രമണ കേസുകളിലും പ്രതിയാണ്.
ഓപ്പറേഷൻ ഡി-ഹണ്ടിൻ്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ കണ്ടെടുക്കാനായത്. വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് പ്രതികൾ പിടിയിലാവുകയായിരുന്നു.
പിടിയിലായ സിയ, മാസങ്ങളായി കേരളത്തിന് പുറത്തു നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ചു കച്ചവടം നടത്തിവരികയായിരുന്നു. ഇയാൾക്ക് നേരത്തെ എൻഡിപിഎസ് കേസുകളും, നിരവധി അടിപിടികേസുകളും ഉണ്ട്. ഭാര്യയെ ഉപയോഗിച്ചാണ് സിയ ലഹരി കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം.