ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചൽസിൽ കുടിയേറ്റ നയത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ ഇപ്പോൾ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു, സ്ഥിതിഗതികൾ സംഘർഷഭരിതമായിരിക്കുന്നു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന നിലപാട് സ്വീകരിക്കുകയും നഗരത്തിൽ 700 മറൈൻ സൈനികരെ താൽക്കാലികമായി വിന്യസിക്കാൻ ഉത്തരവിടുകയും ചെയ്തു. അതോടൊപ്പം, 2,000 അധിക നാഷണൽ ഗാർഡ് സൈനികരെയും വിന്യസിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ നടപടികൾ സംസ്ഥാന സർക്കാരിന്റെ കടുത്ത അതൃപ്തിക്ക് കാരണമായി.
ട്രംപിന്റെ ഈ നീക്കം “ഭരണഘടനാ വിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് കാണിച്ച് ട്രംപ് ഭരണകൂടത്തിനെതിരെ കാലിഫോർണിയ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തു. ഈ സൈനിക നടപടി സംസ്ഥാനത്തിന്റെ പരമാധികാരത്തെ മാത്രമല്ല, ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്നും സംസ്ഥാനം പറയുന്നു.
തിങ്കളാഴ്ച, നിലവിലുള്ള നാഷണൽ ഗാർഡ് സൈനികരെ പിന്തുണയ്ക്കുന്നതിനായി താൽക്കാലികമായി 700 മറൈനുകളേയും വിന്യസിച്ചു. കുടിയേറ്റ നയത്തിനെതിരായ പ്രതിഷേധങ്ങൾ കൂടുതൽ അക്രമാസക്തമായ രൂപത്തിലേക്ക് മാറാൻ തുടങ്ങിയപ്പോഴാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍, പെന്റഗൺ ഇതുവരെ കലാപ നിയമം നടപ്പിലാക്കിയിട്ടില്ല. സൈന്യത്തിന് ക്രമസമാധാനം കൈകാര്യം ചെയ്യാൻ നേരിട്ട് അധികാരം നൽകുന്നതാണ് ഈ നിയമം. “ഒരു ബറ്റാലിയൻ സൈനികരെ അയക്കും. പക്ഷേ, ഇപ്പോൾ കലാപ നിയമം നടപ്പിലാക്കാൻ പദ്ധതിയില്ല. സ്ഥിതി എപ്പോൾ വേണമെങ്കിലും മാറാം” എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രസിഡന്റ് ട്രംപിന്റെ ഉത്തരവനുസരിച്ച്, ആകെ 2,000 നാഷണൽ ഗാർഡുകളെ കൂടി അയക്കുന്നതോടെ അവരുടെ എണ്ണം 4,100 ൽ കൂടുതലായി വർദ്ധിപ്പിക്കും. എന്നാല്‍, ഇതുവരെ 300 ഗാർഡുകളെ മാത്രമേ സജീവമായി വിന്യസിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ള സൈനികർ ഒരു ഉത്തരവുമില്ലാതെ ഫെഡറൽ കെട്ടിടങ്ങളിൽ ഇരിക്കുകയാണെന്നും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം അവകാശപ്പെട്ടു.
“നേരത്തെ അയച്ച 2,000 സൈനികർക്ക് ഭക്ഷണമോ വെള്ളമോ നൽകിയിട്ടില്ല. ഇത് പൊതു സുരക്ഷയ്ക്കല്ല, അപകടകാരിയായ ഒരു പ്രസിഡന്റിന്റെ അഹങ്കാരത്തെ തൃപ്തിപ്പെടുത്താനാണ്. ഇത് നിരുത്തരവാദപരവും അർത്ഥശൂന്യവും സൈനികരെ അപമാനിക്കുന്നതുമാണ്,” ഗാവിൻ ന്യൂസം പറഞ്ഞു.
ഇത് സംസ്ഥാനത്തിന്റെ സ്വയംഭരണത്തിന് എതിരാണെന്ന് പറഞ്ഞ് ട്രംപ് ഭരണകൂടത്തിനെതിരെ തിങ്കളാഴ്ച കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട കേസ് ഫയൽ ചെയ്തു. “നാഷണൽ ഗാർഡിനെ നിയമവിരുദ്ധമായി അയക്കാന്‍ പ്രസിഡന്റ് തന്റെ അധികാരം ദുരുപയോഗം ചെയ്തതിനെ ഞങ്ങൾ നിസ്സാരമായി കാണില്ല,” അദ്ദേഹം പറഞ്ഞു.
ട്രംപ് സർക്കാരിന്റെ പുതിയ കുടിയേറ്റ നയം, വലിയ തോതിലുള്ള ജോലിസ്ഥല റെയ്ഡുകൾ, വേഗത്തിലുള്ള നാടുകടത്തൽ ഉത്തരവുകൾ എന്നിവയ്‌ക്കെതിരെയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. മറൈൻ സൈനികരുടെയും നാഷണൽ ഗാർഡിന്റെയും സാന്നിധ്യത്തെ “സിവിൽ പ്രതികരണത്തിന്റെ സൈനികവൽക്കരണം” എന്ന് ആളുകൾ വിശേഷിപ്പിച്ചു, ഇത് സാധാരണ പൗരന്മാർക്കിടയിൽ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിച്ചു.
സൈനികരെ അയച്ചില്ലെങ്കിൽ നഗരം പൂർണ്ണമായും നശിപ്പിക്കപ്പെടുമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് പ്രസിഡന്റ് ട്രംപ് തന്റെ നടപടിയെ ന്യായീകരിച്ചു. ഈ സംഭവം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടികളിൽ ഒന്നായി മാറിയിരിക്കുന്നു. ഇപ്പോൾ ചോദ്യം ഇതാണ്, സുരക്ഷയുടെ പേരിൽ അധികാരപ്രകടനമാണോ അതോ രാഷ്ട്രീയ ലക്ഷ്യത്തിനായി സ്വീകരിച്ച നടപടിയാണോ?