ഖത്തറില്‍ നിന്ന് ബക്രീദ് അവധിയാഘോഷിക്കാന്‍ കെനിയയിലേക്ക് പോയ അഞ്ച് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

ദോഹ/നയ്റോബി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് കുടുംബസമേതം അവധിക്കാലം ആഘോഷിക്കാൻ പോയ മലയാളികളടക്കമുള്ള ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് 100 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഒന്നരയും എട്ട് വയസ്സും പ്രായമുള്ള രണ്ട് പെൺകുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ച മലയാളികൾ. മരിച്ച ആറാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. 26 പേർക്ക് പരിക്കേറ്റു. ഇതിൽ 14 പേർ മലയാളികളാണ്. ബാക്കിയുള്ളവർ കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

മൂന്ന് ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവറും ഉൾപ്പെടെ 32 പേർ ബസിലുണ്ടായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡരുവയിലെ നകുരു-ഓൾ-ജോറോ ഒറോക്ക് റോഡിലെ ഗിച്ചാക്ക ഗ്രാമത്തിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത്. കനത്ത മഴയെത്തുടർന്ന് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

മൂവാറ്റുപുഴ പേഴയ്ക്കപ്പിള്ളി സ്വദേശി മക്കാറിന്റെ മകൾ ജെസ്‌ന (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര), പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ സ്വദേശി പുത്തൻപുരയിൽ രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), കൊച്ചി പാലാരിവട്ടത്ത് താമസക്കാരിയുമായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്. ജെസ്‌നയുടെ ഭർത്താവ് തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫ, റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഇവരെ നെയ്‌റോബിയിലെ ആഗാ ഖാൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഖത്തര്‍ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി കമ്പനി ജീവനക്കാരനാണ് ജോയൽ. അദ്ദേഹത്തിന്റെ ട്രാവൽ കമ്പനിയാണ് വിനോദയാത്ര സംഘടിപ്പിച്ചത്. മരിച്ച റിയയും കുടുംബവും ആറ് വർഷമായി ഖത്തറിലാണ്. പുത്തൻപുരയിൽ രാധാകൃഷ്ണന്റെയും ശാന്തിയുടെയും ഇരട്ടകളിൽ ഒരാളാണ് റിയ. ഇരട്ട സഹോദരി: ഷിയ. സഹോദരൻ: ഋഷി.

ഖത്തറിൽ കുടുംബസമേതം താമസിക്കുന്ന ഇവര്‍ ബക്രീദ് പ്രമാണിച്ച് അവധിക്കാലം ആഘോഷിക്കാനാണ് കെനിയയിലേക്ക് പോയത്. നകുരുവിൽ നിന്ന് ന്യാഹുരുരുവിലെ ഒരു റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോർട്ടിൽ താമസിക്കാനായിരുന്നു പദ്ധതി. കെനിയയിലെ അവധിക്കാലം കഴിഞ്ഞ് ഇന്നലെ ഖത്തറിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്.

മഴയിൽ കുത്തനെയുള്ള വളവ് തിരിയാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പലതവണ മറിഞ്ഞ് താഴെയുള്ള ഒരു ഉരുളക്കിഴങ്ങ് പാടത്തേക്ക് മറിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബസിന്റെ മുകള്‍ ഭാഗം തകര്‍ന്ന് വേറിട്ട നിലയിലായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ലോക കേരള സഭാംഗങ്ങൾ നോർക്ക റൂട്ട്‌സ് വഴി ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപകടം റിപ്പോർട്ട് ചെയ്തയുടൻ, കെനിയയിലെ ലോക കേരള സഭയുടെ മുൻ അംഗങ്ങളായ ജി.പി. രാജ്മോഹൻ, സജിത്ത് ശങ്കർ, കേരള അസോസിയേഷൻ ഓഫ് കെനിയ അംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കി.

നോർക്കയുടെ ഗ്ലോബൽ കോൺടാക്റ്റ് സെന്ററിന്റെ ഹെൽപ്പ് ഡെസ്‌ക് നമ്പറുകൾ: 18004253939 (ഇന്ത്യയിൽ നിന്നുള്ള ടോൾ ഫ്രീ നമ്പർ)

+918802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ)

Print Friendly, PDF & Email

Leave a Comment

More News