പൂനെ: മഹാരാഷ്ട്രയിലെ പൂനെ മാവാൽ തെഹ്‌സിലിൽ ഇന്ദ്രയാനി നദിയിലെ ഇരുമ്പ് പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഞായറാഴ്ച നടന്ന ഈ അപകടത്തിൽ നിരവധി പേർ ഒഴുക്കിൽപ്പെട്ടു, പിന്നീട് രക്ഷപ്പെടുത്തി. പരിക്കേറ്റവരെ തലേഗാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനം ഇപ്പോൾ നിർത്തിവച്ചതായി പൂനെ ജില്ലാ കളക്ടർ ജിതേന്ദ്ര ദുഡി പറഞ്ഞു. ആരെയും കാണാതായതായി ഇതുവരെ പരാതി ലഭിച്ചിട്ടില്ല. മഴ ശമിച്ച ശേഷം ഡ്രോണുകൾ ഉപയോഗിച്ച് നദിയിൽ വ്യോമ നിരീക്ഷണം നടത്താനും പദ്ധതിയുണ്ട്. ഈ സംഭവത്തിൽ 4 പേർ മരിക്കുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മാവൽ താലൂക്കിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുന്ദമല. മഴക്കാലത്ത് നിരവധി വിനോദസഞ്ചാരികൾ ഇവിടെ സന്ദർശിക്കാറുണ്ട്. കുന്ദമല മുറിച്ചുകടക്കാൻ ഇന്ദ്രയാനി നദിക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള പാലമാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് തകർന്നത്. അപകടസമയത്ത് നിരവധി പേര്‍ പാലത്തിലുണ്ടായിരുന്നു. നദിയില്‍ വീണവരില്‍ കുറെ പേര്‍ ഒലിച്ചുപോയി. എൻഡിആർഎഫ് എത്തിയ ശേഷം കുറെ പേരെ രക്ഷപ്പെടുത്തി.
അതേസമയം, അപകടത്തിൽ പരിക്കേറ്റവരുടെയും മരിച്ചവരുടെയും കുടുംബങ്ങളെ എൻസിപി (ശരദ് ചന്ദ്ര പവാർ) എംഎൽഎ രോഹിത് പവാർ സന്ദർശിച്ചു. സംസ്ഥാനത്തെ നിരവധി നദികൾക്ക് കുറുകെ നിർമ്മിച്ച പാലങ്ങൾ തകർന്ന നിലയിലാണെന്ന് രോഹിത് പവാർ ആരോപിച്ചു. ഇത്തരം പാലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണമെന്ന് അദ്ദേഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം പാലങ്ങൾ ഉടൻ നന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലം വളരെക്കാലമായി തകർന്നുകിടക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരിൽ നാലുപേരെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചതായി തലേഗാവ് ഡോ. ഭൗസാഹെബ് സർദേശായി റൂറൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ദർപൺ മഹേഷ്ഗൗരി പറഞ്ഞു. ആകെ 20 പേരെ ചികിത്സയ്ക്കായി ഈ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇതിൽ നാലുപേരെ വീട്ടിലേക്ക് അയച്ചു. 16 പേർ ചികിത്സയിലാണ്. പാലം അപകടത്തിൽ മരിച്ചവരുടെ പേരുകൾ – ചന്ദ്രകാന്ത്, സാത്‌ലെ, രോഹിത് മാനെ, വിഹാൻ മാനെ. ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാലത്തിൽ വലിയൊരു ജനക്കൂട്ടമുണ്ടായിരുന്നു എന്ന് പരിക്കേറ്റവരിൽ ഒരാൾ പറഞ്ഞു. ഇരുവശത്തുനിന്നും വാഹനങ്ങൾ വന്നതിനാൽ പാലത്തിന്റെ മധ്യത്തിൽ ജനക്കൂട്ടം തടിച്ചുകൂടി, തുടർന്നാണ് പാലം തകർന്നത്. പാലത്തിന്റെ മധ്യത്തിൽ നിന്നിരുന്ന ആളുകൾ ഒഴുക്കിൽപ്പെട്ടു. കല്ലുകളിൽ വീണു നിരവധി പേർക്ക് പരിക്കേറ്റു.