ഇറാൻ-ഇസ്രായേൽ സംഘർഷം: ഇസ്രായേലിലെ ഹൈഫ നഗരം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നടുങ്ങി

ഇസ്രായേലിന് നേരെ ഇറാൻ 40 ബാലിസ്റ്റിക് മിസൈലുകൾ ഒന്നിനുപുറകെ ഒന്നായി തൊടുത്തുവിട്ടുവെന്നും, അവയുടെ സ്ഫോടന ശബ്ദം തെക്കൻ ബീർഷെബ മേഖല, ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിൽ വരെ കേട്ടുവെന്നും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച, ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് രാജ്യമെമ്പാടും സൈറണുകൾ മുഴങ്ങിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. റിപ്പോർട്ടനുസരിച്ച്, തെക്കൻ ബീർഷെബ മേഖല, ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിൽ വലിയ സ്ഫോടനങ്ങൾ കേട്ടു.

ഇസ്രായേലി പോലീസ് അപകട സ്ഥലങ്ങൾ സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ നൽകിയിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഹൈഫയിൽ ഉണ്ടായ ഒരു ഷ്രാപ്പ്നെൽ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും അതിൽ ഗുരുതരാവസ്ഥയിലുള്ള ഒരു കൗമാരക്കാരനും ഉൾപ്പെട്ടിട്ടുണ്ടെന്നും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള എട്ടാം ദിവസമായി തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമാണ് ഈ സംഭവം.

ഇറാന്റെ “ആണവായുധ ഗവേഷണ വികസന കേന്ദ്രം” ഉൾപ്പെടെ ടെഹ്‌റാനിലെ ഡസൻ കണക്കിന് ലക്ഷ്യങ്ങൾ രാത്രിയിൽ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച പറഞ്ഞു. മറുവശത്ത്, വ്യാഴാഴ്ച ഇസ്രായേലിൽ നൂറിലധികം ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ പറഞ്ഞു.

സംഘർഷം ആരംഭിച്ചതിനുശേഷം ഇസ്രായേലിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലി ആക്രമണങ്ങളിൽ 224 പേർ കൊല്ലപ്പെട്ടതായി ഞായറാഴ്ച പ്രഖ്യാപിച്ചതിന് ശേഷം ഇറാൻ മരണസംഖ്യ പുതുക്കിയിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉച്ചസ്ഥായിയിലാണ്, ഇരുപക്ഷവും പിന്മാറാൻ തയ്യാറാകുന്നുമില്ല.

ഈ സംഘർഷം മിഡിൽ ഈസ്റ്റിലെ അസ്ഥിരത വർദ്ധിപ്പിക്കുകയാണ്. മാത്രവുമല്ല, ഇത് ആഗോള സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നുമുണ്ട്. സംയമനം പാലിക്കാനും സമാധാന ചർച്ചകൾ നടത്താനും അന്താരാഷ്ട്ര സമൂഹം ഇരു പക്ഷത്തോടും അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News