ആഗോള എണ്ണ വ്യാപാരത്തിനുള്ള പ്രധാന തന്ത്രപരമായ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള പ്രമേയം ഇറാൻ പാർലമെന്റ് പാസാക്കി. അന്തിമ തീരുമാനത്തിനായി നിർദ്ദേശം ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിനും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും അയച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷങ്ങൾക്കും സമീപകാല യുഎസ് ആക്രമണങ്ങൾക്കും മറുപടിയായാണ് ഈ നീക്കം. ജലപാത അടച്ചാൽ, ആഗോള എണ്ണ വിതരണത്തിലും അസംസ്കൃത എണ്ണ വിലയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം, ഇത് ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെയും ബാധിക്കും.
പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഒമാൻ ഉൾക്കടലുമായും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയാണ്. ഇറാൻ അതിന്റെ വടക്ക് ഭാഗത്തും ഒമാൻ തെക്ക് ഭാഗത്തും സ്ഥിതിചെയ്യുന്നു. ഈ കടലിടുക്കിന് 167 കിലോമീറ്റർ നീളവും 33 മുതൽ 60 കിലോമീറ്റർ വരെ വീതിയുമുണ്ട്. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, 2022 ൽ ഈ പാതയിലൂടെ പ്രതിദിനം ശരാശരി 21 ദശലക്ഷം ബാരൽ എണ്ണയും എണ്ണ ഉൽപന്നങ്ങളും കടത്തിവിട്ടു, ഇത് ആഗോള അസംസ്കൃത എണ്ണ വ്യാപാരത്തിന്റെ ഏകദേശം 21% വരും.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാൻ വളരെക്കാലമായി ഭീഷണിപ്പെടുത്തിവരികയാണ്. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലാണെന്ന് അധികൃതര്‍ ഞായറാഴ്ച പറഞ്ഞു. പാർലമെന്റ് ‘അടച്ചുപൂട്ടൽ’ നിർദ്ദേശം അംഗീകരിച്ചതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന്. അങ്ങനെ ചെയ്യുന്നത് അജണ്ടയിലുണ്ടെന്നും ‘ആവശ്യാനുസരണം അത് ചെയ്യുമെന്നും’ ഇറാനിയൻ എംപിയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡറുമായ ഇസ്മായിൽ കൊസാരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇനി ചോദ്യം ഹോർമുസ് കടലിടുക്ക് അടച്ചാൽ ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നതാണ്. ഈ കടലിടുക്ക് പേർഷ്യൻ ഗൾഫിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. ഏത് തരത്തിലുള്ള ഉപരോധവും എണ്ണവില വർദ്ധിപ്പിക്കും.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗത്തിലധികവും ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഇറക്കുമതിയുടെ പകുതിയും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഇന്ത്യ പ്രതിദിനം 5.5 ദശലക്ഷം ബാരൽ എണ്ണ ഉപയോഗിക്കുന്നു, അതിൽ 1.5 ദശലക്ഷം ബാരൽ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്.
“ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചാൽ ഇന്ത്യ തീർച്ചയായും കഷ്ടപ്പെടും. ലോകത്തിലെ അസംസ്കൃത എണ്ണയുടെ 20 ശതമാനവും പ്രകൃതിവാതകത്തിന്റെ 25 ശതമാനവും അതിലൂടെയാണ് ഒഴുകുന്നത്” എന്ന് വിദേശകാര്യ വിദഗ്ധൻ റോബിന്ദർ സച്ച്ദേവ് മാധ്യമങ്ങളോട് പറഞ്ഞു. എണ്ണവില ഉയരുകയും പണപ്പെരുപ്പം വർദ്ധിക്കുകയും ചെയ്താല്‍ ഇന്ത്യ കഷ്ടപ്പെടുമെന്നും ക്രൂഡ് ഓയിലിന്റെ വിലയിലെ ഓരോ പത്ത് ഡോളർ വർദ്ധനവും ഇന്ത്യയുടെ ജിഡിപിയുടെ 0.5 ശതമാനം നഷ്ടത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.