മലപ്പുറം: ഒൻപത് വർഷത്തിന് ശേഷം നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലൂടെ എല്‍ ഡി എഫിനെ തറ പറ്റിച്ച് യു ഡി എഫ് നേടിയ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഊർജ്ജവും എൽഡിഎഫിന് മുന്നറിയിപ്പും നൽകും.
ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്നത് ഇതാദ്യമാണ്. നേരത്തെ, മൂന്ന് സീറ്റുകൾ യുഡിഎഫ് നേടിയിരുന്നു. ചേലക്കര സിപിഎം നിലനിർത്തിയിരുന്നു, എന്നാൽ നിലമ്പൂരിലെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് കനത്ത തിരിച്ചടിയായി.
ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 1,75,989 വോട്ടുകൾ പോൾ ചെയ്തു. ഷൗക്കത്തിന് 77,737 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് 19,970 വോട്ടുകളും ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് 8,648 വോട്ടുകളുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ്ഡിപിഐക്ക് 2,075 വോട്ടുകൾ ലഭിച്ചു. നോട്ടയ്ക്ക് 630 വോട്ടുകൾ. 2016 ൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിനോട് 11,504 വോട്ടുകൾക്ക് പരാജയപ്പെട്ട ആര്യാടൻ ഷൗക്കത്ത് ഇത്തവണയും ഏതാണ്ട് അത്രയും വോട്ടുകൾക്കാണ് വിജയിച്ചത്. സിപിഎമ്മുമായുള്ള തർക്കത്തെ തുടർന്ന് പി വി അൻവർ രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. മുൻ മന്ത്രിയും ഷൗക്കത്തിന്റെ പിതാവുമായ ആര്യാടൻ മുഹമ്മദ് മൂന്ന് പതിറ്റാണ്ടായി കുത്തകയാക്കി വച്ചിരുന്ന മണ്ഡലത്തിൽ 2021 ലും അൻവർ വിജയിച്ചിരുന്നു. അന്ന് പി.വി. അൻവർ വി.വി. പ്രകാശിനെ 2,700 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഇത്തവണ മൂന്ന് മുന്നണികൾക്കും എതിരെ സ്വതന്ത്രനായി മത്സരിച്ച അൻവർ പരാജയപ്പെട്ടു, പക്ഷേ തന്റെ ശക്തി തെളിയിച്ചു.
പോൾ ചെയ്ത വോട്ടുകൾ: 1,75,989
യുഡിഎഫ്: 44.17%
എൽഡിഎഫ്: 37.88%
പി.വി. അൻവർ: 11.23%
എൻഡിഎ: 4.91%
2021 ൽ നിന്ന് വോട്ടുകളുടെ കുറവ്
എൽഡിഎഫ്: 9.01%
യുഡിഎഫ്: 1.17%
എൻഡിഎ 148 വോട്ടുകൾ നേടി.
സ്വരാജിന് സ്വന്തം വാർഡും നഷ്ടമായി.
- എൽഡിഎഫിന്റെ ശക്തമായ പ്രദേശങ്ങളിൽ പോലും യുഡിഎഫ് കടന്നുകയറി. ഏഴ് പഞ്ചായത്തുകളിൽ ആറെണ്ണത്തിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലും യുഡിഎഫ് ലീഡ് നേടി. കരുളായിയിൽ 118 വോട്ടുകൾക്ക് അവർ പിന്നിലായി.
- സിപിഎം ഭരിക്കുന്ന നിലമ്പൂർ നഗരസഭയിലും അമരമ്പലത്തും പോത്തുകല്ലിലും വൻ തിരിച്ചടിയാണ് ഉണ്ടായത്. എൽഡിഎഫ് 2000 വോട്ടിൻ്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച നിലമ്പൂരിൽ യുഡിഎഫ് 3967 വോട്ടിന് മുന്നിലെത്തി. അമരമ്പലം-704, പോത്തുകൽ-307, വഴിക്കടവ്-1,829, മൂത്തേടം-2,067, എടക്കര-1,170, ചുങ്കത്തറ-1,287 എന്നിങ്ങനെയായിരുന്നു ഷൗക്കത്തിൻ്റെ ഭൂരിപക്ഷം.
- പത്തൊമ്പത് റൗണ്ട് വോട്ടെണ്ണലിൽ മൂന്ന് റൗണ്ടുകളിൽ മാത്രമാണ് എം സ്വരാജിന് ലീഡ് ചെയ്യാൻ കഴിഞ്ഞത്. പോത്തുകലിലെ സ്വന്തം വാർഡിലും സ്വരാജ് പിന്നിലായിരുന്നു. ആദ്യ മിനിറ്റ് മുതൽ ഷൗക്കത്ത് മുന്നിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാല് പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലും എൽഡിഎഫ് മുന്നിലായിരുന്നു.