തിരുവനന്തപുരം: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. രാവിലെ ഏഴ് മണിയോടെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. നിരവധി സർക്കാർ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിയിരുന്നു. 11 മണിയോടെ രഞ്ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച ക്രമീകരണത്തിൻ്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യുപി സ്‌കൂളിന് ഇന്ന് (ജൂണ്‍ 24 ചൊവ്വാഴ്‌ച) ജില്ലാ കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ജി നായർ യുകെയില്‍ നഴ്‌സായി ജോലി ചെയ്‌തുവരികയായിരുന്നു. കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന രഞ്ജിത സർക്കാർ ജോലിയിൽ നിന്നും അവധി എടുത്താണ് വിദേശത്ത് ജോലിക്ക് പോയത്. നിരവധി വർഷം ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു രഞ്ജിത ജോലി ചെയ്‌തിരുന്നത്.
പിന്നീട് യുകെയിലേക്ക് ജോലിക്ക് പോയി. സർക്കാർ ജോലിയുടെ അവധി അപേക്ഷ നീട്ടി നല്‍കാനായാണ് രഞ്ജിത അവസാനം നാട്ടിലെത്തിയത്. നടപടികൾ പൂർത്തിയാക്കി തിരികെ യുകെയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇപ്പോള്‍ താമസിക്കുന്ന വീടിന് സമീപത്തായി രഞ്ജിതയുടെ പുതിയ വീടിൻ്റെ നിർമാണം നടന്നു വരികയാണ്.
അമ്മ തുളസിക്കുട്ടിയമ്മ ക്യാൻസർ രോഗിയാണ്. പത്തിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾക്കായി ബന്ധുക്കൾ നേരത്തെ അഹമ്മദാബാദിൽ എത്തിയിരുന്നു.