സാംസ്‌കാരിക ‘നായ’കന്മാര്‍ (ലേഖനം): രാജു മൈലപ്ര

അധികാരത്തിന്റെ അടുക്കളയില്‍ നിന്നും അപ്പത്തിന്റെ രുചിമണം ഉയരുമ്പോള്‍, അതിലൊരു കഷണം നുണയാന്‍ കിട്ടുമെന്നു ഉറപ്പുള്ളപ്പോള്‍ മാത്രമേ കേരളത്തിലെ ‘സ്വയം പ്രഖ്യാപിത സാംസ്‌കാരിക നായകന്മാര്‍’ കുരയ്ക്കുകയുള്ളൂ.

ആശാ വര്‍ക്കേഴ്‌സിന്റെ, ചെറിയൊരു ശമ്പള വര്‍ദ്ധനവിന്റെ പേരില്‍ നടത്തുന്ന ന്യായമായ സമരം, നൂറു ദിവസം പിന്നിട്ടിട്ടും ഈ നായകന്മാരുടെ വായ് അടഞ്ഞുതന്നെ ഇരിക്കുകയാണ്.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം. സ്വരാജ് വലിയൊരു സംസ്‌കാര സമ്പന്നനാണെന്നും, അദ്ദേഹം അസംബ്ലിയില്‍ എത്തിയാല്‍ അവിടെല്ലാം ‘ഇലഞ്ഞിപ്പൂമണം ഒഴുകി വരുമെന്നു’മാണ് ഇവര്‍ വെച്ചു കാച്ചിയത്.

സര്‍ക്കാര്‍ ചെലവില്‍ നിലമ്പൂരില്‍ തമ്പടിച്ച്, പ്രചാരണം നടത്തിയ ഇവര്‍, ജനങ്ങള്‍ക്ക് സ്വരാജിനോടുള്ള മതിപ്പ് കുറയ്ക്കുവാന്‍ മാത്രമേ സഹായകമായിട്ടുള്ളൂ എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഏവര്‍ക്കും മനസ്സിലാകും. അദ്ദേഹത്തിന്റെ വോട്ട് വിഹിതം കുറഞ്ഞെന്നു മാത്രമല്ല ‘പൂമരം’ എന്നൊരു പേരുകൂടി അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുക്കുവാനും അവര്‍ക്ക് കഴിഞ്ഞു.

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതിയായിരുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് തരക്കേടില്ലാത്ത ഭൂരിപക്ഷത്തില്‍ അവിടെ ജയിച്ചു. ആ വിജയത്തിനു മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച വി.ഡി. സതീശന് തീര്‍ച്ചയായും അഭിമാനത്തിനു വകയുണ്ട്.

കോണ്‍ഗ്രസിന്റെ വിജയത്തിന് അന്‍വര്‍ ഒരു പ്രധാന ഘടകമല്ലെന്നു തെളിഞ്ഞിട്ടുകൂടി, കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് കൃമികടി തുടങ്ങി.

അതിന്റെ മികച്ച ഒരു ഉദാഹരണമാണ് ഈ കഴിഞ്ഞ ദിവസം പുതിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന.

അന്‍വറിന്റെ മുന്നണി പ്രവേശനത്തിനുള്ള വാതില്‍ അടച്ചിട്ടില്ലെന്നും, ചാരിയിട്ടേയുള്ളുവെന്നും, അഥവാ അടച്ചാല്‍ അത് തുറക്കാനുള്ള താക്കോല്‍ ഉണ്ടല്ലോ എന്നുമാണ് അദ്ദേഹം ഒരു ഇളിച്ച ചിരിയോടുകൂടി പറഞ്ഞത്.

ഒരുമിച്ച് നിന്നാല്‍ നല്ലൊരു പ്രതിപക്ഷമെങ്കിലുമാകാം- അല്ലെങ്കില്‍ പിന്നെയും ‘രക്ഷാപ്രവര്‍ത്തകരുടെ’ തല്ലുകൊള്ളാനായിരിക്കും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിധി.

എല്ലാ ;സാംസ്‌കാരിക ‘നായ’കന്മാര്‍ക്കും നല്ല നമസ്‌കാരം.!

Print Friendly, PDF & Email

Leave a Comment

More News