തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ. കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങൾ സംയുക്തമായാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് പറഞ്ഞിരുന്നു. അതിനുശേഷം, ആരോഗ്യനില വഷളായി.
പ്രായപരിധി കണക്കിലെടുത്ത് സാധ്യമായ ചികിത്സകൾ നൽകുന്നുണ്ടെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വി.എസ് ചികിത്സയിൽ കഴിയുന്ന പട്ടം എസ്.യു.ടി സന്ദർശിച്ചു. പിണറായി അച്യുതാനന്ദന്റെ മകൻ അരുൺകുമാർ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചെങ്കിലും അദ്ദേഹം ഐ.സി.യുവിൽ പ്രവേശിച്ചില്ല. മന്ത്രിമാർ, എം.എൽ.എമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ഇന്നലെ ആശുപത്രി സന്ദർശിച്ച് ബന്ധുക്കളെ കണ്ടു.