പാലക്കാട്: ജില്ലാ ആശുപത്രിയിലെ 92 ലക്ഷം രൂപ വിലയുള്ള ഡിജിറ്റൽ എക്സ്-റേ മെഷീൻ എലി കടിച്ചു നശിപ്പിച്ച സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം പുറത്തു കൊണ്ടു വരണമെന്നും മെഷീൻ എത്രയും വേഗം നേരെയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിനും ജില്ലാ ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.
ഡിജിറ്റൽ എക്സ്-റേ മെഷീൻ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ദിനേനയെന്നോണം ജില്ലാ ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് രോഗികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗവും നഗരസഭാ കൗൺസിലറുമായ എം.സുലൈമാൻ , എം. കാജാ ഹുസൈൻ, പി. അബ്ദുൽഹക്കീം, സെയ്ത് പറക്കുന്നം എന്നിവർ സംഘത്തിലുണ്ടായിരുന്നു.