ഷിക്കാഗോ: ലോക മാധ്യമ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഷിക്കാഗോ ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗജന്യ മീഡിയ പരിശീലന വർക്ക്‌ഷോപ്പ് ‘മീഡിയ ഇഗ്നൈറ്റ് 2026’ മെയ് 2-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ഷാംബർഗ്, ഇലിനോയിയിലെ നാഷണൽ ഇന്ത്യ ഹബ്ബിൽ നടക്കും.
മീഡിയ ഇഗ്നൈറ്റ് വർക്ക്‌ഷോപ്പ് രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. മാധ്യമ രംഗത്ത് അടിസ്ഥാനപരമായ ഫോട്ടോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ മാധ്യമ മേഖലയിൽ താൽപര്യമുള്ളവർക്ക് പ്രായോഗിക അറിവ് നൽകുന്നതിനായിട്ടാണ് IPCNA ഷിക്കാഗോ ചാപ്റ്റർ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഈ വർഷത്തെ പരിശീലന സെഷനുകൾ നയിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫറും അധ്യാപകനുമായ ജോർജ് ലെക്ലെയർ ആയിരിക്കും. ഷിക്കാഗോയിലെ വിവിധ വാർത്താ മാധ്യമങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേർന്ന് പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പരിചയം പങ്കെടുക്കുന്നവർക്ക് വലിയ പ്രയോജനം നൽകുന്നതാണ്.
ഫോട്ടോഗ്രഫിയുടെയും വീഡിയോ എഡിറ്റിംഗിന്റെയും അടിസ്ഥാന സാങ്കേതിക വിദ്യകൾ, ദൃശ്യകഥന രീതി, പ്രൊഫഷണൽ മീഡിയ സമീപനങ്ങൾ എന്നിവയാണ് വർക്ക്‌ഷോപ്പിൽ ഉൾപ്പെടുത്തുന്നത്.
IPCNA ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് പ്രസന്നൻ പിള്ള, സെക്രട്ടറിയും ഇവന്റ് ചെയറുമായ അലൻ ജോർജ്, ട്രഷറർ അനിൽ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, ജോയിന്റ് സെക്രട്ടറി റോസ് വടകര, ജോയിന്റ് ട്രഷറർ വർഗീസ് പാലമലയിൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ ബിജു സക്കറിയ, ശിവൻ മുഹമ്മ, ബിജു കിഴക്കേക്കുറ്റ് എന്നിവർ ഉൾപ്പെടെയുള്ള സംഘാടകരാണ് പരിപാടി ഒരുക്കുന്നത്.
തികച്ചും സൗജന്യമായാണ് ഈ വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രായഭേദമെന്യേ മുൻപരിചയമില്ലാത്തവർക്കും ഫോട്ടോഗ്രഫിയുടെയും വീഡിയോ എഡിറ്റിംഗിന്റെയും അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുവാൻ ഈ പരിപാടി ഉപകരിക്കും. തരംഗമായി മാറിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ റീലുകൾ സ്മാർട്ട് ഫോൺ ഉപയോഗിച്ച് നിർമ്മിക്കുന്ന രീതിയും വർക്ക് ഷോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാധ്യമ രംഗത്ത് താൽപര്യമുള്ള വിദ്യാർത്ഥികളും യുവാക്കളും പ്രത്യേകമായി ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: പ്രസന്നൻ പിള്ള (630) 935-2990, അലൻ ജോർജ് (331) 262-1301

