ഇരുപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പ് ഇന്ന് (വെള്ളിയാഴ്ച); ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ നിർവഹിക്കും

പൊതുജനങ്ങൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും.

ആയിരക്കണക്കിന് പ്രവാസികൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാകും

ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സിഐസി ഖത്തർ) ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇരുപതാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പ് ഇന്ന് ( വെള്ളി )നടക്കും. ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഖത്തറിലെ ശ്രീലങ്കൻ അംബാസഡർ റോഷൻ സിത്താര ഖാൻ ബംഗ്ലാദേശ് അംബാസഡറെ പ്രതിനിധീകരിച്ച് ബംഗ്ലാദേശ് എംബസിയിലെ സീനിയർ കൗൺസിലർ മഷ്ഹുദുൽ കബീറും പങ്കെടുക്കും. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം, പിഎച്ച്സിസി, എച്ച്എംസി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) എന്നിവയുടെ അംഗീകാരത്തോടെയും സഹകരണത്തോടെയുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 6.30ന് ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം 4 മണി വരെ നീണ്ടുനിൽക്കും. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള 3,400-ലധികം പേർക്ക് ഇതിനകം ഡിജിറ്റൽ രജിസ്ട്രേഷൻ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ നമ്പറും ഡോക്ടറെ കാണുന്നതിനുള്ള അനുവദിച്ച സമയവും കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനകൾ മൂന്ന് ഷിഫ്റ്റുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

വിവിധ വിഭാഗങ്ങളിൽ വിദഗ്ധ ചികിത്സ
ജനറൽ പ്രാക്ടീഷണർ (ജിപി) ക്ലിനിക്കുകൾക്കും വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കും കീഴിൽ രോഗികൾക്ക് പരിശോധനയും ചികിത്സയും ലഭ്യമാകും. 150-ലധികം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, 250 മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവർ ക്യാമ്പിൽ സേവനമനുഷ്ഠിക്കും.

കാർഡിയോളജി, പൾമണോളജി, നെഫ്രോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി, ഒഫ്താൽമോളജി, ഇഎൻടി, ഓറൽ ആൻഡ് ഡെന്റൽ ഹെൽത്ത് തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.

ഫിസിയോതെറാപ്പി, ഓഡിയോളജി, നേത്രപരിശോധന, ദന്തപരിശോധന, കൗൺസലിങ്, രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, കൊളസ്ട്രോൾ പരിശോധനകൾ തുടങ്ങിയ ആരോഗ്യ സേവനങ്ങളും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.

രക്തദാനം, അവയവദാന രജിസ്ട്രേഷൻ, ആരോഗ്യ വിദ്യാഭ്യാസം, ബേസിക് ലൈഫ് സപ്പോർട്ട് (ബിഎൽഎസ്), കാർഡിയോ പൾമണറി റീസസിറ്റേഷൻ (സിപിആർ) പരിശീലനം എന്നിവയ്ക്കും അവസരമുണ്ടാകും.

പൊതുജനങ്ങൾക്കായി വിദഗ്ധരുടെ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ഉച്ചക്ക് ശേഷം നടക്കുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസുകളിൽ ഡെർമറ്റോളജിസ്റ്റ് ഡോ. സോണി സി. ദാസ് “Protect Your Skin, Protect Your Health” എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.

ഹമദ് ആശുപത്രിയിലെ നെഫ്രോളജി സ്പെഷ്യലിസ്റ്റ് ഡോ. കൃഷ്ണകുമാർ കെ. വൃക്കരോഗങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ച് ക്ലാസ് നടത്തും. രോഗങ്ങൾ നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും ആരോഗ്യകരമായ ജീവിതശൈലിയും ക്ലാസിൽ വിശദീകരിക്കും.

ആസ്റ്റർ മിംസിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഹേമ കെ.പി. സെർവിക്കൽ ക്യാൻസർ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നയിക്കും. രോഗപ്രതിരോധം, നേരത്തെയുള്ള പരിശോധന, സമയബന്ധിതമായ ചികിത്സ എന്നിവ സംബന്ധിച്ച കാര്യങ്ങൾ ക്ലാസിൽ ഉൾപ്പെടും.

പ്രമേഹം, രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, പുകയില ഉപയോഗത്തിന്റെ അപകടങ്ങൾ, തൊഴിൽസുരക്ഷയും ആരോഗ്യവും, വ്യക്തിശുചിത്വം, ജീവൻരക്ഷാ മാർഗങ്ങൾ, പ്രഥമശുശ്രൂഷ എന്നിവയിലും ബോധവൽക്കരണ പരിപാടികൾ നടക്കും.

ഖത്തർ റെഡ് ക്രസന്റ്, ഖത്തർ ഡയബറ്റിസ് അസോസിയേഷൻ, യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ (യുഎൻഐക്യു), വെൽക്കെയർ ഫാർമസി, ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ, ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം തുടങ്ങിയ ആരോഗ്യ-സാമൂഹിക സംഘടനകളും സിഐസി ഖത്തറിന്റെ 600-ലധികം വളണ്ടിയർമാരും ക്യാമ്പിൽ സേവനമനുഷ്ഠിക്കും.

ആരോഗ്യപ്രവർത്തകരുടെയും നൂറുകണക്കിന് വളണ്ടിയർമാരുടെയും സഹകരണത്തോടെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയും പ്രതിരോധ ആരോഗ്യപരിചരണത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

Leave a Comment

More News