മസാച്യുസെറ്റ്സ് : പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം കൂടുതൽ ഇമിഗ്രേഷൻ ജഡ്ജിമാരെ പുറത്താക്കി. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർത്ഥികളെ നാടുകടത്താനുള്ള സർക്കാരിന്റെ നീക്കം തടഞ്ഞ രണ്ട് ജഡ്ജിമാരും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വാരാന്ത്യത്തിൽ മാത്രം 9 ജഡ്ജിമാരെ പുറത്താക്കി. കഴിഞ്ഞ വർഷം ജനുവരി മുതൽ ഇതുവരെ ആകെ 113 ജഡ്ജിമാരെയാണ് ഇത്തരത്തിൽ നീക്കം ചെയ്തത്.
മസാച്യുസെറ്റ്സിലെ ജഡ്ജിമാരായ രൂപാൽ പട്ടേൽ, നീന ഫ്രോസ് എന്നിവർ വിദ്യാർത്ഥികളെ നാടുകടത്തുന്നത് തടഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനമായത്. സർക്കാർ തീരുമാനങ്ങൾക്ക് എതിരെ വിധി പ്രസ്താവിക്കുന്ന ജഡ്ജിമാരെ ട്രംപ് ഭരണകൂടം പരസ്യമായി വിമർശിച്ചിരുന്നു.
കൃത്യമായ വിശദീകരണമോ നടപടിക്രമങ്ങളോ പാലിക്കാതെയാണ് ഈ പിരിച്ചുവിടലെന്ന് ഇമിഗ്രേഷൻ ജഡ്ജിമാരുടെ സംഘടന കുറ്റപ്പെടുത്തി. ഇത് നീതിയുക്തമല്ലെന്നും അവർ പറഞ്ഞു.
ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന വിദേശ വിദ്യാർത്ഥികളെ നാടുകടത്താൻ ട്രംപ് ഭരണകൂടം കർശന നീക്കങ്ങളാണ് നടത്തുന്നത്. എന്നാൽ, ഇത് സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശത്തെ തടയുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
