കൊച്ചി: സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് പ്രശസ്തി നേടിയ കോഴിക്കോട് സ്വദേശിനി റിൻസി മുംതാസ് വീണ്ടും എംഡിഎംഎ കേസിൽ അറസ്റ്റിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള എംജെ റെസിഡൻസിയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയുടെ മറവില്‍ ഇവര്‍ ചെയ്തിരുന്നത് മയക്കുമരുന്ന് വ്യാപാരമായിരുന്നു എന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് വിൽപ്പന ലക്ഷ്യമിട്ടാണ് യുവതി എംജെ റെസിഡൻസിയിൽ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
റിൻസിക്കൊപ്പം മൂന്ന് പേരെ കൂടി നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കല്ല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറാട് സ്വദേശി ബിജു എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.
കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ റിൻസി മുംതാസ് സിനിമാ മേഖലയിലാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. 2025 ജൂലൈയിൽ കൊച്ചിയിൽ വെച്ച് എംഡിഎംഎയുമായി ഇവര്‍ പിടിക്കപ്പെട്ടിരുന്നു. അക്കാലത്ത് സിനിമാ മേഖലയില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു.
എംഡിഎംഎ വാങ്ങാൻ വേണ്ടി മാത്രം റിൻസി പത്ത് ലക്ഷം രൂപ ചെലവഴിച്ചു. ബെംഗളൂരുവിൽ നിന്നാണ് കൊക്കെയ്ൻ കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. ഗൂഗിൾ പേ, ക്രിപ്റ്റോ കറൻസി എന്നിവയിലൂടെ പണമിടപാട് നടത്തിയവരിൽ ഭൂരിഭാഗവും സിനിമാ മേഖലയിൽ നിന്നുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും റീല്‍സുകള്‍ നിര്‍മ്മിച്ച് പ്രശസ്തയായ റിൻസി മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ സുപരിചിതയാണ്. റിൻസിയുടെ സഹായി യാസർ അറാഫത്ത് നേരത്തെ അറസ്റ്റിലായിരുന്നു. മയക്കുമരുന്ന് വിതരണം ചെയ്ത് ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുത്തിരുന്നത് യാസറായിരുന്നു.
