
കോഴിക്കോട്: അനിശ്ചിതമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഫലമായി വിമാന കമ്പനികൾ കേരളത്തിന്റെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിച്ചിരുക്കിയതിനാലും വിമാന ടിക്കറ്റുകൾക്ക് അമിത ചാർജ് ഈടാക്കുന്നതിനാലും കേരളീയ പ്രവാസി സമൂഹം കഴിഞ്ഞ രണ്ടുമാസത്തോളമായി ദുരിതമനുഭവിച്ചു വരുന്നു. വിമാന സർവീസുകൾ സാധാരണപോലെ പുനസ്ഥാപിച്ച് വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ള എത്രയും വേഗം അവസാനിപ്പിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി കോഴിക്കോട് എയർപോർട്ട് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ഏതൊരു പ്രശ്നത്തോടും ഉദാസീന സമീപനം സ്വീകരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഈ വിഷയത്തിലും മൗനം ദീക്ഷിക്കുന്നതിൽ അദ്ദേഹം ഉൽക്കണ്ഠ രേഖപ്പെടുത്തി.
