ന്യൂഡൽഹി: നോയിഡയില്‍ ഈയ്യിടെ നടന്ന തൊഴിലാളി പ്രതിഷേധത്തിനിടെ പൊട്ടിപ്പുറപ്പെട്ട അക്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. ഈ സംഭവങ്ങൾ ഒരു നഗരത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നതല്ലെന്നും, മറിച്ച് രാജ്യത്തുടനീളമുള്ള 10 സംസ്ഥാനങ്ങളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ വ്യാപിപ്പിക്കുന്നതിന് ഒന്നിലധികം സംഘടനകൾ ബോധപൂർവമായ തന്ത്രം മെനഞ്ഞതായും സ്രോതസ്സുകൾ പറയുന്നു.
ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഗൂഢാലോചന ആരംഭിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, അസം, ത്രിപുര എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു.
ഹരിയാനയിൽ പരീക്ഷണം വിജയിച്ചു എന്ന് കണ്ടതിനെത്തുടര്‍ന്ന്, സംഘാടകർ ഉത്തർപ്രദേശിലേക്ക് തിരിഞ്ഞു, നോയിഡ പ്രധാന കേന്ദ്രമായി തിരഞ്ഞെടുത്തു. വ്യാവസായിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ക്രമസമാധാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും അതുവഴി സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
അക്രമണകാരികള്‍ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കാൻ ഒരു പ്രത്യേക തന്ത്രം ഉപയോഗിച്ചതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതിഷേധത്തിനിടെ സിസിടിവി ക്യാമറകളില്‍ പെടാതിരിക്കാന്‍ സ്ത്രീകൾക്ക് പരിശീലനം നൽകിയിരുന്നു.
സ്ത്രീകൾ തങ്ങളുടെ ഐഡന്റിറ്റി രേഖപ്പെടുത്താതിരിക്കാൻ ദുപ്പട്ടയോ തുണിയോ ഉപയോഗിച്ച് ക്യാമറകൾ മൂടുന്നത് നിരവധി വീഡിയോകളിലും ദൃശ്യങ്ങളിലും കണ്ടിട്ടുണ്ട്.
“10,000 രൂപയ്ക്ക് ആറ് റൗണ്ട് വെടിവയ്ക്കണം, ഞാൻ അത് എവിടേക്ക് അയയ്ക്കണം” എന്ന നിർദ്ദേശം നൽകുന്ന ഒരു ഓഡിയോയും സന്ദേശവും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.
നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നടന്ന പ്രതിഷേധങ്ങളിലൂടെ ഉത്തർപ്രദേശിന്റെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിൽ കളങ്കപ്പെടുത്താനും നിക്ഷേപത്തെ ബാധിക്കാനും പദ്ധതിയിട്ടിരുന്നതായും അവകാശപ്പെടുന്നു.
അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. അഡീഷണൽ ഡിസിപി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ഇതിൽ ഉൾപ്പെടുന്നത്.
കുറ്റവാളികളെന്ന് തിരിച്ചറിഞ്ഞവരെ അറസ്റ്റ് ചെയ്യാൻ സ്വാറ്റ്, സിആർടി എന്നിവയുൾപ്പെടെ ആറ് ടീമുകൾ തുടർച്ചയായി റെയ്ഡുകൾ നടത്തിവരികയാണ്.
പെൺകുട്ടികളെ ചോദ്യം ചെയ്തുവരികയാണ്, പോലീസ് ഈ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മുഖ്യ സൂത്രധാരന്‍ രൂപേഷ് റായിയുടെ കോർ ഗ്രൂപ്പുമായി ബന്ധമുള്ള മനീഷ, അകൃതി, സൃഷ്ടി ഗുപ്ത എന്നിവരെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.
പ്രതിഷേധത്തിലെ അവരുടെ പങ്ക്, മറ്റ് ബന്ധങ്ങൾ, ആദിത്യ ആനന്ദുമായുള്ള ബന്ധം എന്നിവ പോലീസ് അന്വേഷിക്കുന്നുണ്ട്.
‘മസ്ദൂർ ബ്യൂഗിൾ’ എന്ന സംഘടന ഓൺലൈൻ പോർട്ടലിലൂടെയും വെബ്‌സൈറ്റിലൂടെയും തൊഴിലാളികളെ പ്രേരിപ്പിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആദിത്യ ആനന്ദിന്റെ പോലീസ് കസ്റ്റഡി റിമാൻഡ് സംബന്ധിച്ച വാദം ഏപ്രിൽ 24 ന് നടക്കും.
ഈ കേസിൽ സ്വീകരിച്ച നടപടിയിൽ സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) അതൃപ്തി പ്രകടിപ്പിച്ചു. അന്താരാഷ്ട്ര തൊഴിലാളി സംഘടനയ്ക്ക് പരാതി നൽകുമെന്നും ഏപ്രിൽ 24 ന് ഡൽഹിയിലെ ജന്തർ മന്തറിൽ സംയുക്ത പ്രതിഷേധം നടത്തുമെന്നും സംഘടന പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലും സമാനമായ ഒരു ഗൂഢാലോചന കണ്ടെത്തിയിട്ടുണ്ട്. എസ്‌എസ്‌പി ഡോ. മഞ്ജുനാഥ് ടിസി പറയുന്നതനുസരിച്ച്, തൊഴിലാളികളുടെ മറവിൽ മോട്ടഹാൽഡു, ലാൽകുവാൻ പ്രദേശങ്ങളിൽ വലിയ തോതിലുള്ള അക്രമത്തിന് പ്രേരിപ്പിക്കുക എന്നതായിരുന്നു പദ്ധതി.
നോയിഡയുമായും നേപ്പാളുമായും ബന്ധപ്പെട്ട അക്രമികളുമായി ഇതിന് ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ പോലീസ് സമയബന്ധിതമായി നടപടി സ്വീകരിച്ച് സ്ഥിതിഗതികൾ നിയന്ത്രിച്ചു.
അക്രമികളില്‍ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പോലീസ് പരിശോധിച്ചുവരികയാണ്. ചില സെൻസിറ്റീവ് ഡാറ്റകൾക്കായി ഗൂഗിളുമായി ബന്ധപ്പെട്ടിട്ടുണ്ട്, അവർ പ്രതികരിക്കുന്ന മുറയ്ക്ക് അന്വേഷണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നേരത്തെ, കിംവദന്തികൾ പ്രചരിച്ച രണ്ട് അക്കൗണ്ടുകൾ പാക്കിസ്താനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് എക്സ് സ്ഥിരീകരിച്ചിരുന്നു.
