തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസില്‍ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി; ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളി

ന്യൂഡൽഹി: തൊണ്ടിമുതല്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുന്‍ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി. ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദിപങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

3 വര്‍ഷം തടവിന് വിധിച്ച നെടുമങ്ങാട് കോടതിയുടെ ശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് അപ്പീല്‍ നൽകിയിരുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.

ശിക്ഷ താൽക്കാലികമായി മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ആന്റണി രാജുവിന് ഇത്തവണ ജനപ്രാതിനിധ്യ നിയമപ്രകാരം മത്സരിക്കാൻ കഴിഞ്ഞില്ല.

മയക്കുമരുന്ന് കേസിൽ പ്രതിയായ ഓസ്‌ട്രേലിയൻ പൗരനെ സംരക്ഷിക്കുന്നതിനായി 1990-ൽ ജൂനിയർ അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ ആന്റണി രാജു ഓസ്‌ട്രേലിയൻ പൗരന്റെ അടിവസ്ത്രം വെട്ടിച്ചെറുതാക്കി കോടതിയിലേക്ക് തിരികെ നൽകിയതാണ് കേസ്.

2026 ജനുവരിയിലാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചത്.

Leave a Comment

More News