ഈ വഴി ‘തെളി ‘യുമോ?: ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ പള്ളി റോഡിൽ വഴി വിളക്ക് ഇല്ല.

തലവടി : എടത്വ തോട്ടടി റോഡിൽ ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ പള്ളിക്ക് സമീപം ഉള്ള റോഡ് കൂരിരുട്ടിൽ.ഏകദേശം 300 മീറ്റർ ഭാഗം പൂർണ്ണമായും അന്ധകാരമാണ്. ഇരു വശങ്ങളിലും നെൽ വയലുകള്‍ ഉണ്ടെങ്കിലും ഇതുവഴി വൈദ്യുതി കമ്പികൾ വലിച്ചിട്ടില്ലാത്തതിനാൽ വൈദ്യുതി വിളക്കുകൾ ഇല്ല. സോളാര്‍ ലൈറ്റുകളും സ്ഥാപിച്ചിട്ടില്ലാത്തതിനാ ൽ ഇതു വഴിയുള്ള രാത്രികാല സഞ്ചാരം ഏറെ ദുഷ്ക്കരമാണ്.

300 മീറ്റർ ദൂരമുള്ള റോഡിന്റെ രണ്ട് അറ്റത്ത് പോസ്റ്റുകൾ ഉണ്ടെങ്കിലും കെഎസ്ഇബി യുടെ രണ്ട് സെക്ഷന്റെ പരിധിയിലാണ്. വെണ്മേലുമണക്ക് പടിയിൽ വരെ ഉള്ള കെഎസ്ഇബി ലൈൻ എടത്വ സെക്ഷന്റെ പരിധിയിലും ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ പള്ളി പടി വരെയുള്ള ഭാഗം കടപ്ര സെക്ഷന്റെ പരിധിയിലും ആണ് .

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണ് ഇത്. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വർഷങ്ങൾക്ക് മുമ്പ് വീതികുറഞ്ഞ റോഡ് ഇവിടെ നിർമ്മിച്ചത്.പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു.തലവടി തെക്കെ കരയിലുള്ളവർക്ക് നിരണം, മാവേലിക്കര, ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും നിരണത്ത് നിന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ, എടത്വ എന്നിവിടങ്ങളിലേക്കും ബന്ധപെടുന്നതിന് എളുപ്പ മാർഗം കൂടിയാണ് ഈ റോഡ്.

ചൂട്ടുമാലി പാടശേഖരത്തെ കൃഷി സമയത്തും വിളവെടുപ്പ് സമയത്തും കൃഷിക്കാർ ആശ്രയിക്കുന്ന പ്രധാന റോഡ് ആണ് .

പാമ്പ് ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ഭാഗത്ത് റോഡിന്റെ വശങ്ങളില്‍ ഉള്ള കാട് വെട്ടി റോഡിന് സംരംക്ഷണ ഭിത്തി കെട്ടി ‘വഴിവിളക്കുകള്‍ സ്ഥാപിക്കാൻ ഉള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള ആവശ്യപ്പെട്ടു.

Leave a Comment

More News