പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡുകൾ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപെട്ടു. കുട്ടനാട് താലൂക്കിൽ ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് പൈപ്പ് ലൈൻ പല ഇട റോഡുകളിലും സ്ഥാപിച്ചിരുന്നു. സഞ്ചാര യോഗ്യമായിരുന്ന റോഡുകൾ വെട്ടിപ്പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്.

പൈപ്പ് ലൈന്‍ വലിച്ചതിന് ശേഷം റോഡ് പൂർവ്വസ്ഥിതിയിലാക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ആ വ്യവസ്ഥ പാലിക്കാതെ വന്നതിനാൽ റോഡുകൾ കുഴിച്ചതിനെ തുടർന്ന് ചെളിക്കുളമായി മാറിയിരിക്കുകയാണ്. 10 അടി വീതിയുള്ള റോഡിന്റെ ഇരു വശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികൾ എടുത്തതുമൂലം ടാർ ഇളകി മാറുകയും മഴ വെള്ളം കെട്ടിക്കിടന്ന് കാൽനടയായി സഞ്ചരിക്കാൻ പോലും സാധ്യമല്ലാതായി.

സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾക്ക് സൈക്കിൾ യാത്ര നടത്താൻ പോലും പറ്റാത്ത അവസ്ഥയാണ്. പല തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നാളിതുവരെ നടപടി ഇല്ലാതിരുന്നതിനാല്‍ ചില ഇടങ്ങളിൽ പ്രദേശവാസികളും സംഘടനകളും റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് ശ്രമങ്ങൾ നടത്തി വരുന്നു.

ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ പൊയ്യാലുമാലിൽ പടി റോഡ് പ്രദേശവാസികളും തോമസ് നോർട്ടൻ കുന്തിരിക്കൽ പോസ്റ്റ് ഓഫീസ് റോഡ് തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയും താത്ക്കാലികമായി സഞ്ചാര യോഗ്യമാക്കിയിരുന്നു.

പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡ് പൂർവ്വസ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള സംസ്ഥാന മനുഷ്യാവകകാശ കമ്മീഷന് നല്‍കിയ ഹർജി ഫയലിൽ സ്വീകരിക്കുകയും, 15.07. 2026 ബുധനാഴ്ച ആലപ്പുഴ റെസ്റ്റ് ഹൗസിൽ വച്ച് നടത്തുന്ന കമ്മീഷന്റെ സിറ്റിംഗില്‍ റിപ്പോർട്ട് സമർപ്പിക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

Leave a Comment

More News