മലപ്പുറം: സംസ്ഥാന സർക്കാരിൻറെ ആദ്യ ബജറ്റിൽ മലപ്പുറം ജില്ലയ്ക്ക് അർഹമായ പരിഗണന നൽകിയതിന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, കായിക, അടിസ്ഥാന വികസന മേഖലകളിൽ ജില്ലയ്ക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത് വികസന പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതാണ്.മലപ്പുറം ജില്ലാ വിഭജനവും ജില്ലയിൽ പുതിയ താലൂക്കുകളും ഉപജില്ലകളും രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം പ്രത്യേകം അഭിനന്ദനാർഹമാണ്. ഭരണസൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിന് ഇത്തരം നടപടികൾ സഹായകമാകും.
അതേസമയം, ജില്ലാ വിഭജനവും പുതിയ താലൂക്കുകൾ, ഉപജില്ലകൾ എന്നിവയുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി തീരുമാനങ്ങളിലേക്ക് എത്തുന്നതിനായി ആവശ്യമായ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും സർക്കാർ ഉടൻ നിയോഗിക്കേണ്ടതുണ്ട്. പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും പഠന നടപടികൾക്ക് വ്യക്തമായ സമയക്രമം നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ട്.
ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികൾക്കും ആരംഭ പ്രവർത്തനങ്ങൾക്കുള്ള തുക മാത്രമാണ് വകയിരുത്തിയിട്ടുള്ളത് എന്ന കാര്യം സർക്കാർ ഗൗരവമായി കാണണം. പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ പദ്ധതികൾ എത്രയും വേഗത്തിൽ ആരംഭിക്കുകയും അവയുടെ പൂർത്തീകരണത്തിനാവശ്യമായ തുടർ സാമ്പത്തിക വകയിരുത്തലുകളും ഭരണനടപടികളും ഉറപ്പുവരുത്തുകയും വേണം.
മലപ്പുറം ജില്ലയുടെ വികസന ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം, അവ സമയബന്ധിതമായി നടപ്പിലാക്കി ജനങ്ങൾക്ക് യഥാർത്ഥ പ്രയോജനം ലഭ്യമാക്കാൻ സർക്കാർ ജാഗ്രതയും പ്രതിബദ്ധതയും പുലർത്തണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
