നിർജീവമായ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിടണം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: നിർജീവവും അഴിമതി നിറഞ്ഞതുമായ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ട് ബദൽ സംവിധാനമൊരുക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.

മായം കലർത്തിയ ഭക്ഷ്യ വസ്തുക്കൾ ഇന്ന് വിപണിയിലാകെ സുലഭമാണ്. മായം കലർത്തിയതാണെന്ന് മനസ്സിലാക്കാതെയോ, മനസ്സിലാക്കിയിട്ടും മറ്റ് മാർഗങ്ങളില്ലെതെയോ ഉപയോഗിക്കുന്നവരാണ് ബഹുഭൂരിപക്ഷം കേരളീയരും.

വിവിധ തരം ഭക്ഷ്യ എണ്ണകൾ, ധാന്യ പൊടികൾ, ഭക്ഷ്യ വസ്തുക്കൾ, ബേക്കറി ഉത്പന്നങ്ങൾ, പഴവർഗങ്ങൾ എന്നിവയിലെല്ലാം മായം കലർന്ന വിഷം കലർത്തുകയാണ്. ഇത് നിരീക്ഷിക്കുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യേണ്ട ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ നിസ്സംഗത പാലിക്കുകയോ അതിനെ പിന്തുണക്കുകയോ ആണ് ചെയ്യുന്നത്.

സർക്കാർ ചെലവിൽ, സർക്കാർ വാഹനമുപയോഗിച്ച് അഴിമതി നടത്താനുള്ള അവസരമായാണ് ചിലരെങ്കിലും ഇതിനെ കാണുന്നത്.

ഭക്ഷ്യ എണ്ണ സംബന്ധിച്ചും ഭക്ഷ്യ വസ്തുക്കൾ സംബന്ധിച്ചും രേഖകൾ സഹിതം തിരുവനന്തപുരം ജില്ലാ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്ക് പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാൻ തയാറാകുന്നില്ല. ജില്ലാ ഓഫീസറോട് ഫോണിൽ സംസാരിക്കുമ്പോൾ മറ്റ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തെക്കുറിച്ചുള്ള പരാതികളാണ് നിരത്തുന്നത്.

മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ സമൂഹത്തെയാകെ ഗ്രസിക്കുമ്പോഴും നിസ്സംഗത പാലിക്കുന്ന വകുപ്പിനും ഉദ്യോഗസ്ഥർക്കുമെതിരെ വിവിധ സംഘടനകളെ അണിനിരത്തി പ്രത്യക്ഷ സമരത്തിന് പാർട്ടി മുൻകൈയെടുക്കുമെന്ന് ആനന്ദകുമാർ മുന്നറിയിപ്പ് നൽകി.

Leave a Comment

More News