75 രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡ് അപേക്ഷകൾ തടയുന്ന ട്രംപ് ഭരണകൂടത്തിന്റെ നയം നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ-അമേരിക്കൻ വംശ്ജനായ ജഡ്ജി അമിത് മേത്ത വിധിച്ചു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു.
വാഷിംഗ്ടണ്: 75 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കുള്ള ഗ്രീൻ കാർഡ് പ്രോസസ്സിംഗ് നിർത്തി വെച്ച ട്രംപ് ഭരണകൂടത്തിന്റെ നയം നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ-അമേരിക്കൻ ഫെഡറൽ ജഡ്ജി അമിത് മേത്ത വിധിച്ചു. അത്തരമൊരു തീരുമാനം എടുക്കുന്നതിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അതിന്റെ അധികാരപരിധി ലംഘിച്ചുവെന്നും, അത് വിസ തീരുമാനങ്ങൾക്കായുള്ള നിയമ പ്രക്രിയയെ ബാധിച്ചുവെന്നും കോടതി പറഞ്ഞു.
ബ്ലൂംബെർഗ് നിയമ റിപ്പോർട്ട് അനുസരിച്ച്, ജനുവരിയിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നടപ്പിലാക്കിയ “പബ്ലിക് ചാർജ്” നയം ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിന്റെ (INA) വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ജഡ്ജി അമിത് മേത്ത വിധിച്ചു. 75-ലധികം രാജ്യങ്ങളിൽ നിന്നുള്ള കുടുംബ സ്പോൺസർ ചെയ്തതും തൊഴിൽ അടിസ്ഥാനമാക്കിയുള്ളതുമായ ഗ്രീൻ കാർഡ് അപേക്ഷകളുടെ പ്രോസസ്സിംഗ് ഈ നയം നിർത്തി വെച്ചിരുന്നു. അത്തരം അപേക്ഷകർ ഭാവിയിൽ യു എസ് ഗവണ്മെന്റിന്റെ ആനുകൂല്യം തേടുമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം.
1952 ലെ ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ട് പ്രകാരം ഓരോ വിസ അല്ലെങ്കിൽ ഗ്രീൻ കാർഡ് അപേക്ഷയും ബന്ധപ്പെട്ട കോൺസുലാർ ഓഫീസർ സ്വതന്ത്രമായി വിലയിരുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതിയ നയം ഈ അധികാരം സ്റ്റേറ്റ് സെക്രട്ടറിയിൽ മാത്രം നിക്ഷിപ്തമാക്കിയത് നിയമത്തിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാണെന്നും ജസ്റ്റിസ് മേത്ത തന്റെ വിധിന്യായത്തിൽ പറഞ്ഞു. കോടതിയുടെ അഭിപ്രായത്തിൽ, അപേക്ഷകൾക്ക് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുന്നത് ഉചിതമായ നടപടിക്രമങ്ങളുടെ ലംഘനമാണ്.
ഒരു ബ്രസീലിയൻ പൗരന്റെ ഹർജിയെ തുടർന്നാണ് ഈ കേസ് കോടതിയിലെത്തിയത്. പുതിയ നയം കാരണം EB-5 നിക്ഷേപക വിസ പ്രോഗ്രാമിന് കീഴിലുള്ള അദ്ദേഹത്തിന്റെ ഗ്രീൻ കാർഡ് അപേക്ഷ തടഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമ നിയമത്തിന്റെ ലംഘനമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തന്റെ അപേക്ഷയിൽ തീരുമാനമെടുക്കുന്നത് നിയമവിരുദ്ധമായി വൈകിപ്പിച്ചുവെന്ന് ഹർജിക്കാരൻ ആരോപിച്ചു. കോടതി ഈ വാദം അംഗീകരിക്കുകയും അപേക്ഷ പൂർത്തിയായതായി കണ്ടെത്തിയാൽ കോൺസുലാർ ഓഫീസർ നിയമപ്രകാരം തന്റെ കേസ് തീർപ്പാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കെതിരായ നിയമപരമായ വെല്ലുവിളികളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയ തീരുമാനമാണിത്. ഇതേ നയത്തെ ചോദ്യം ചെയ്യുന്ന മറ്റ് നിരവധി കേസുകൾ വാഷിംഗ്ടൺ, ഡി.സി., ന്യൂയോർക്ക് എന്നിവിടങ്ങളിലെ ഫെഡറൽ കോടതികളിൽ പരിഗണനയിലാണ്.
അതേസമയം, യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അടുത്തിടെ അതിന്റെ “പബ്ലിക് ചാർജ്” നിയമങ്ങൾ കർശനമാക്കി, ഒരു അപേക്ഷകൻ സർക്കാർ ആനുകൂല്യങ്ങളെ ആശ്രയിക്കുന്നതായി സംശയിക്കുന്നുവെങ്കിൽ വിസ അല്ലെങ്കിൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കാൻ അനുവദിച്ചു. എന്നാല്, വിസ പരിശോധന പ്രക്രിയയിൽ ഉയർന്ന നിലവാരം നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ വിഷയത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചു.
