ശ്രീ നാരായണ ദർശനവും അയ്യൻകാളിയുടെ സമരജ്വാലയും
കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിക്കുമ്പോൾ ശ്രീ നാരായണ ഗുരുവിനെയും മഹാത്മാ അയ്യങ്കാളിയെയും വേർതിരിച്ച് മാത്രം മനസ്സിലാക്കുന്നത് ചരിത്രത്തിന്റെ ഒരു വലിയ ഭാഗം അടർത്തി മാറ്റുന്നതിനു തുല്യമാണ്. ഇരുവരും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്ത പ്രവർത്തനരീതികളിലൂടെ സാമൂഹിക പരിഷ്കർത്താക്കളായി ഉയർന്നുവന്നവരായിരുന്നു. ഗുരുവിന്റെ ദർശങ്ങളിൽ ആത്മീയത, മനുഷ്യസമത്വം, അറിവ്, സംഘടന, വിദ്യാഭ്യാസം,തൊഴിൽ ,ആത്മാഭിമാനം എന്നിവ ഉണ്ടായിരുന്നെങ്കിൽ, അയ്യങ്കാളിയുടെ പ്രവർത്തനങ്ങളിൽ അവകാശസമരം, വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം, തൊഴിൽ അവകാശം, സാമൂഹിക മാന്യത, രാഷ്ട്രീയ ഇടപെടൽ എന്നിവ കൂടുതൽ നേരിട്ടുള്ള രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. എന്നിരുന്നാലും ഇവരുടെ പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഴത്തിലുള്ള ആശയധാര ഉണ്ടായിരുന്നു. മനുഷ്യനെ അവന്റെ ജന്മത്തിന്റെ പേരിൽ തരം താഴ്ത്തിക്കാണിക്കുന്ന സാമൂഹിക വ്യവസ്ഥയെ നിരസിക്കുക, മനുഷ്യന്റെ അന്തസ്സിനെ ഉയർത്തുക, വിദ്യാഭ്യാസത്തിലൂടെ അടിച്ചമർത്തപ്പെട്ടവരെ ശക്തരാക്കുക, സംഘടനയിലൂടെ അവകാശങ്ങൾ നേടിയെടുക്കുക എന്നീ ആശയങ്ങൾ കേരളത്തിന്റെ നവോത്ഥാന ചിന്തയിൽ ഗുരുവും അയ്യങ്കാളിയും വ്യത്യസ്ത രീതികളിൽ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു.
ശ്രീ നാരായണ ഗുരു പ്രവർത്തിച്ച കാലഘട്ടം കേരളസമൂഹത്തിൽ ജാതിവ്യവസ്ഥ അതിന്റെ ഏറ്റവും കഠിനമായ രൂപങ്ങളിൽ നിലനിന്നിരുന്ന സമയമായിരുന്നു. ജന്മം മനുഷ്യന്റെ സാമൂഹിക പദവി നിശ്ചയിക്കുകയും, വഴിയിലൂടെ നടക്കുന്നതു മുതൽ വിദ്യാഭ്യാസം നേടുന്നതും ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതും വരെ ജാതിയുടെ അടിസ്ഥാനത്തിൽ നിയന്ത്രിക്കപ്പെടുകയും ചെയ്തിരുന്ന കാലമായിരുന്നു അത്. താഴ്ന്ന ജാതികളിൽപ്പെട്ടവരുടെ മനുഷ്യാവകാശങ്ങൾ പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഗുരു “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശത്തിലൂടെ മനുഷ്യന്റെ അടിസ്ഥാന മൂല്യമായ സമത്വത്തെ ഉയർത്തിക്കാട്ടിയത്. ഇത് ഒരു മതപരമായ മുദ്രാവാക്യം മാത്രമായിരുന്നില്ല, ജന്മത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുന്ന സാമൂഹിക ഘടനയ്ക്കെതിരായ ശക്തമായ ദാർശനിക പ്രഖ്യാപനമായിരുന്നു. മനുഷ്യന്റെ മഹത്വം അവന്റെ ജന്മത്തിലല്ല, മനുഷ്യനായിരിക്കുന്നതിലാണ് എന്ന ബോധമാണ് അതിന്റെ ആന്തരികത.
അയ്യങ്കാളിയുടെ ജീവിതാനുഭവങ്ങളും ഇതേ സാമൂഹിക അനീതിയുടെ മറ്റൊരു മുഖം വെളിപ്പെടുത്തി. പുലയ സമൂഹത്തിൽ ജനിച്ച അയ്യങ്കാളിക്ക് സ്വന്തം ജീവിതത്തിൽ തന്നെ ജാതിവിവേചനത്തിന്റെ കഠിനത അനുഭവിക്കേണ്ടി വന്നു. പൊതുവഴികളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ 1893-ൽ വില്ലുവണ്ടിയിൽ സഞ്ചരിച്ച് അദ്ദേഹം സാമൂഹിക വിലക്കിനെ വെല്ലുവിളിച്ചു. ഇത് ഒരു സാധാരണ യാത്രയായിരുന്നില്ല; “ഈ വഴികൾ മനുഷ്യർക്കെല്ലാവർക്കും തുല്യ അവകാശം ഉള്ളതാണ്” എന്ന അവകാശപ്രഖ്യാപനമായിരുന്നു അത്. അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം ജാതിയുടെ പേരിൽ പൊതുസ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കിനെ നേരിട്ട് ചോദ്യം ചെയ്ത ഒരു ചരിത്രപ്രവർത്തനമായി മാറി. പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസം, തൊഴിലാളി അവകാശം, പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കായുള്ള നിരവധി സമരങ്ങൾ ശക്തമായി.
ഇവിടെ ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം മനസ്സിലാക്കേണ്ടത് ഒരു വ്യക്തിപരമായ നിർദ്ദേശമോ നേരിട്ടുള്ള ശിഷ്യത്വമോ എന്ന നിലയിൽ അല്ല. ഗുരു കേരളസമൂഹത്തിൽ സൃഷ്ടിച്ച പുതിയ സാമൂഹിക ബോധമാണ് പ്രധാനപ്പെട്ടത്. “മനുഷ്യർ എല്ലവരും ഒന്നാണ്” എന്ന ആശയം സമൂഹത്തിൽ ശക്തമായി പ്രചരിച്ചപ്പോൾ, താഴ്ന്ന ജാതികളിൽപ്പെട്ടവരിലും ആത്മാഭിമാനവും അവകാശബോധവും വളരാൻ തുടങ്ങി. ഗുരുവിന്റെ പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസം, സംഘടന, സാമ്പത്തിക പുരോഗതി, സാമൂഹിക പരിഷ്കാരം എന്നിവയെ പരസ്പരം ബന്ധിപ്പിച്ചു. “വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക” എന്ന ആശയം പിന്നീട് കേരളത്തിലെ വിവിധ പിന്നാക്ക സമൂഹങ്ങളുടെ സാമൂഹിക ഉണർവിന് വലിയ പ്രചോദനമായി. ഗുരുവിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളും വിദ്യാഭ്യാസത്തിനുള്ള ഊന്നലും മറ്റ് സമൂഹങ്ങളിലും നവോത്ഥാനസംഘടനകൾ രൂപപ്പെടുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിച്ചതായി കേരള ചരിത്ര പഠിതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അയ്യങ്കാളിയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും വ്യക്തമായി കാണുന്ന ഗുരുസമാനമായ ആശയം വിദ്യാഭ്യാസത്തിലൂടെയുള്ള വിമോചനമാണ്. വിദ്യാഭ്യാസം ലഭിക്കാത്ത ഒരു സമൂഹത്തിന് സാമൂഹികമായി മുന്നേറാനാവില്ലെന്ന് അയ്യങ്കാളി വളരെ നേരത്തെ തിരിച്ചറിഞ്ഞു. 1904-ൽ അദ്ദേഹം പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്കായി ഒരു വിദ്യാലയം ആരംഭിക്കാൻ ശ്രമിച്ചു. പിന്നീട് സ്കൂൾ പ്രവേശനത്തിനായി അദ്ദേഹം നടത്തിയ സമരങ്ങൾ ചരിത്രപരമായ പ്രാധാന്യം നേടി. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചാൽ കാർഷിക തൊഴിലാളികൾ പാടങ്ങളിൽ ജോലി ചെയ്യില്ലെന്ന നിലപാടിലേക്ക് പോലും അദ്ദേഹം സമരത്തെ കൊണ്ടുപോയി. അതായത് വിദ്യാഭ്യാസം ഒരു ദാനമല്ല, മനുഷ്യന്റെ അവകാശമാണെന്ന ആശയമായിരുന്നു അയ്യങ്കാളിയുടെ പ്രവർത്തനത്തിന്റെ അടിത്തറ. കേരളത്തിലെ വിദ്യാഭ്യാസപരമായ സാമൂഹിക മുന്നേറ്റത്തെക്കുറിച്ചുള്ള പഠനങ്ങളും അയ്യങ്കാളി വിദ്യാഭ്യാസത്തെ സാമൂഹിക അസമത്വം പരിഹരിക്കുന്ന പ്രധാന ഉപാധിയായി കണ്ടതായി രേഖപ്പെടുത്തുന്നു. ഗുരുവിന്റെ വിദ്യാഭ്യാസദർശനവും ഇതേ ദിശയിലായിരുന്നു. അറിവില്ലായ്മയാണ് മനുഷ്യന്റെ അടിമത്തത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ക്ഷേത്രനിർമാണത്തേക്കാൾ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പിന്നീട് ശക്തമായി പറഞ്ഞത്. 1917-ലെ സന്ദേശത്തിൽ “വിദ്യാലയങ്ങളാണ് ആരാധനയുടെ പ്രധാന കേന്ദ്രങ്ങളാകേണ്ടത്” എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. അറിവിലൂടെ മനുഷ്യൻ സ്വയം തിരിച്ചറിയുകയും അന്ധമായ അനുകരണങ്ങളിൽ നിന്ന് മോചിതനാകുകയും ചെയ്യുന്നു എന്നായിരുന്നു ഈ ചിന്തയുടെ അടിസ്ഥാനം. അയ്യങ്കാളി ഈ ആശയത്തെ തന്റെ സാമൂഹിക പ്രവർത്തനത്തിൽ കൂടുതൽ അവകാശപരമായ രൂപത്തിൽ പ്രയോഗിച്ചു. ഗുരുവിന്റെ ഭാഷയിൽ വിദ്യാഭ്യാസം “പ്രബുദ്ധത” -യിലേക്കുള്ള മാർഗമായിരുന്നെങ്കിൽ, അയ്യങ്കാളിയുടെ പ്രവർത്തനത്തിൽ അത് അടിച്ചമർത്തപ്പെട്ട കുട്ടികളുടെ സ്കൂൾ പ്രവേശനത്തിനായുള്ള സമരമായി മാറി.
ഗുരുവിന്റെ മറ്റൊരു പ്രധാന ആശയം ആത്മാഭിമാനവും, മനുഷ്യന്റെ അന്തസ്സും ആയിരുന്നു. ജാതിവ്യവസ്ഥ മനുഷ്യനെ അവന്റെ ജന്മത്തിന്റെ പേരിൽ അപമാനിക്കുകയും താഴ്ത്തുകയും ചെയ്തപ്പോൾ, ഗുരു മനുഷ്യന്റെ ഉള്ളിലുള്ള ആത്മവിന്റെ മഹത്വത്തെ ഉയർത്തിക്കാട്ടി. ഒരു മനുഷ്യൻ മറ്റൊരാളേക്കാൾ താഴ്ന്നവനല്ല എന്ന ബോധം സമൂഹത്തിൽ വളർത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അയ്യങ്കാളിയുടെ സമരങ്ങളിലും ഇതേ ആത്മാഭിമാനം ശക്തമായി പ്രകടമായി. വില്ലുവണ്ടിയിൽ പൊതുവഴിയിലൂടെ സഞ്ചരിച്ചത് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം മാത്രമായിരുന്നില്ല. “ഞാനും ഈ സമൂഹത്തിലെ തുല്യ മനുഷ്യനാണ്” എന്ന ആത്മപ്രഖ്യാപനമായിരുന്നു. സ്കൂളിൽ പ്രവേശിക്കാനുള്ള സമരവും അതേ അർത്ഥം വഹിക്കുന്നു. അറിവ് നേടാനുള്ള അവകാശം ഒരു വിഭാഗത്തിന്റേതല്ലെന്നും, ഏതൊരു ജാതിയിൽ ജനിച്ച കുട്ടിക്കും മറ്റുള്ളവരുടെ കുട്ടികളെപ്പോലെ തന്നെ പഠിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇവിടെ ഗുരുവിന്റെ സംഘടനയെ കുറിച്ചുള്ള ആശയം കൂടി എടുത്തുപറയേണ്ട ഒന്നാണ് . വ്യക്തിയുടെ ആത്മബോധം മാത്രം പോരാ, സാമൂഹിക മാറ്റത്തിന് സംഘടിതമായ ശക്തി കൂടി ആവശ്യമാണ് എന്ന് ഗുരു തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് സംഘടനയിലൂടെ സമൂഹത്തെ ശക്തിപ്പെടുത്താൻ അദ്ദേഹം പ്രോത്സാഹനം നൽകിയത്. എസ്.എൻ.ഡി.പി. യോഗത്തിന്റെ വളർച്ച പിന്നാക്ക സമൂഹങ്ങളിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉണർവ് സൃഷ്ടിച്ചു. സംഘടനയ്ക്ക് സമൂഹത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ വലിയ പങ്കുണ്ടാകുമെന്ന് ഈ അനുഭവം തെളിയിച്ചു. അയ്യങ്കാളിയും ഇതേ തിരിച്ചറിവിലേക്ക് എത്തിചേർന്നത് എന്ന് നമുക്ക് കാണാം. 1907-ൽ അദ്ദേഹം ‘സാധുജന പരിപാലന സംഘം’ രൂപീകരിച്ചു. വിദ്യാഭ്യാസം, സാമൂഹിക അവകാശങ്ങൾ, തൊഴിലാളികളുടെ പ്രശ്നങ്ങൾ, പൊതുസ്ഥലങ്ങളിലെ പ്രവേശനം എന്നിവയ്ക്കായി സംഘടിതമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഘടന മുന്നോട്ടുവച്ചത്. അതുകൊണ്ട് ഗുരുവിന്റെ “സംഘടനകൊണ്ട് ശക്തരാകുക” എന്ന ആശയവും അയ്യങ്കാളിയുടെ സംഘടനാപരമായ പ്രവർത്തനവും തമ്മിൽ വ്യക്തമായ ആശയസാമ്യം കാണാം.
എന്നാൽ അയ്യങ്കാളി ഗുരുവിന്റെ ആശയങ്ങളെ അതേപടി പകർത്തിയില്ല. അതാണ് അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രത്യേകത. ഗുരുവിന്റെ ദർശനം ആത്മീയതയിൽ ആഴം കണ്ടെത്തിയപ്പോൾ, അയ്യങ്കാളി അതിനെ സാമൂഹിക അവകാശസമരത്തിന്റെ ഭാഷയിലേക്ക് വഴിതിരിച്ചു വിട്ടു. ഗുരു മനുഷ്യന്റെ ഉള്ളിലെ ബോധത്തെ ഉണർത്താൻ ശ്രമിച്ചപ്പോൾ , അയ്യങ്കാളി ആ ബോധത്തെ പൊതുസമൂഹത്തിലെ അവകാശങ്ങളാക്കി മാറ്റുവാൻ ശ്രമിച്ചു. ഗുരുവിന്റെ ചിന്തയിൽ “മനുഷ്യസമത്വം” ഒരു ആത്മീയവും നൈതികവുമായ സത്യമായിരുന്നെങ്കിൽ, അയ്യങ്കാളിയുടെ പ്രവർത്തനത്തിൽ അതേ സമത്വം വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം, തൊഴിൽ, സാമൂഹിക മാന്യത തുടങ്ങിയ അവകാശങ്ങളായി പ്രത്യക്ഷത്തിലേക്ക് വന്നു. ഈ വ്യത്യാസം ഇരുവരുടെയും മഹത്വം കുറയ്ക്കുന്നതല്ല, മറിച്ച് കേരള നവോത്ഥാനത്തിന്റെ വൈവിധ്യമാർന്ന രീതികൾ വ്യക്തമാക്കുന്നതാണ്.
അയ്യങ്കാളിയുടെ വിദ്യാഭ്യാസസമരത്തെ ഈ പശ്ചാത്തലത്തിൽ കൂടുതൽ ആഴത്തിൽ കാണാം. താഴ്ന്ന ജാതിക്കാരുടെ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാത്തത് വിദ്യാഭ്യാസനിഷേധം മാത്രമായിരുന്നില്ല, ഭാവി തലമുറയെ അറിവിൽ നിന്ന് അകറ്റി സാമൂഹിക അടിമത്തം തുടരാനുള്ള ഒരു സംവിധാനമായിരുന്നു. അതുകൊണ്ടാണ് അയ്യങ്കാളി വിദ്യാഭ്യാസ അവകാശത്തെ തന്റെ സമരത്തിന്റെ കേന്ദ്രബിന്ദുവാക്കിയത് . കുട്ടികൾക്ക് സ്കൂൾ പ്രവേശനം ലഭിക്കണമെങ്കിൽ സമൂഹം മുഴുവൻ അതിനായി നിലകൊള്ളണം എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. ഇതിലൂടെ അദ്ദേഹം ഒരു തലമുറയുടെ ഭാവിയെ സുരക്ഷിതമാക്കാനുള്ള ശ്രമമാണ് നടത്തിയത്. ഗുരുവും വിദ്യാഭ്യാസത്തെ വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമായി കണ്ടിരുന്നു. ഈ ആശയസാമ്യം കേരള നവോത്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളിലൊന്നാണ്.
തൊഴിലിന്റെ മാന്യത എന്ന ആശയത്തിലും ഗുരുവിന്റെയും അയ്യങ്കാളിയുടെയും ചിന്തകൾ തമ്മിൽ ബന്ധപ്പെടുന്നു. ജാതിവ്യവസ്ഥയിൽ ചില തൊഴിൽ ചെയ്യുന്നവരെ തന്നെ താഴ്ന്നവരായി കണക്കാക്കിയിരുന്നു. മനുഷ്യന്റെ മൂല്യം അവൻ ചെയ്യുന്ന തൊഴിൽകൊണ്ടോ ജന്മംകൊണ്ടോ നിശ്ചയിക്കപ്പെടരുത് എന്ന പുതിയ ബോധം ജനങ്ങൾക്കിടയിൽ വളർത്തേണ്ടത് അനിവാര്യമായിരുന്നു. അയ്യങ്കാളി കാർഷിക തൊഴിലാളികളുടെ അവകാശങ്ങൾക്കായി സമരം ചെയ്തപ്പോൾ, തൊഴിലാളിയുടെ അധ്വാനത്തിന് സാമൂഹികവും സാമ്പത്തികവുമായ മാന്യത വേണമെന്ന് അദ്ദേഹം വാദിച്ചു, ഇതും മനുഷ്യന്റെ അന്തസ്സിനെ കേന്ദ്രമാക്കിയ ഗുരുദർശനവുമായി ആശയപരമായി ബന്ധപ്പെടുന്ന ഒന്നാണ്. മനുഷ്യനെ തൊഴിൽകൊണ്ടും ജന്മംകൊണ്ടും താഴ്ത്തിക്കാണിക്കരുതെന്ന നവോത്ഥാനബോധമാണ് ഇവിടെ വ്യക്തമാക്കുന്നത്. ഗുരുവിന്റെ ആശയങ്ങളിൽ മതത്തിന്റെ മാനവികതയും പ്രധാനപ്പെട്ടതാണ്. മതം മനുഷ്യനെ വേർതിരിക്കുന്നതിനുപകരം മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ജാതിവ്യത്യാസങ്ങളെ മതത്തിന്റെ പേരിൽ ന്യായീകരിക്കുന്ന പ്രവണതയെ അദ്ദേഹം ചോദ്യം ചെയ്തു. അയ്യങ്കാളി സ്വയം ഒരു മതദാർശനികനായി പ്രവർത്തിച്ചില്ലെങ്കിലും, അദ്ദേഹത്തിന്റെ സാമൂഹിക സമരങ്ങൾ മതപരമായ ജാതിവ്യവസ്ഥയുടെ സാമൂഹിക പ്രത്യാഘാതങ്ങളെയാണ് നേരിട്ട് ചോദ്യം ചെയ്തത്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പൊതുവഴിയിലൂടെ സഞ്ചരിക്കൽ, വിദ്യാഭ്യാസം നേടൽ, പൊതുസമൂഹത്തിൽ മാന്യമായി ജീവിക്കൽ എന്നിവ മനുഷ്യാവകാശങ്ങളായി അദ്ദേഹം മുന്നോട്ടുവച്ചു. അതുകൊണ്ട് ഗുരുവിന്റെ ആത്മീയ സമത്വം അയ്യങ്കാളിയുടെ സാമൂഹിക സമത്വസമരത്തിൽ ഒരു വ്യത്യസ്ത രൂപം കൈക്കൊണ്ടതായി പറയാം.
കേരള നവോത്ഥാനത്തെക്കുറിച്ചുള്ള ചരിത്രപഠനങ്ങളിൽ ഗുരുവിനെയും അയ്യങ്കാളിയെയും ഒരേ സാമൂഹിക പരിവർത്തനത്തിന്റെ വ്യത്യസ്ത മുഖങ്ങളായി കാണുന്നതിന് ഇതാണ് കാരണം.
കേരള സർവകലാശാലയുടെയും മറ്റ് വിദ്യാഭ്യാസ സ്രോതസ്സുകളുടെയും ചരിത്രാവലോകനങ്ങളിൽ ഇരുവരും ജാതിവ്യവസ്ഥയുടെ അടിസ്ഥാനഘടനകളെ ചോദ്യം ചെയ്ത നവോത്ഥാന നേതാക്കളായി വിലയിരുത്തപ്പെടുന്നു. അവരുടെ പ്രവർത്തനങ്ങൾ താഴ്ന്ന ജാതിക്കാരിൽ സ്വാതന്ത്ര്യബോധം, സമത്വബോധം, വിദ്യാഭ്യാസത്തിനുള്ള ആഗ്രഹം, സാമൂഹിക അവകാശബോധം എന്നിവ വളർത്തിയതായി രേഖപ്പെടുത്തുന്നു. അതിനാൽ അയ്യങ്കാളിയുടെ സമരങ്ങളെ ഒറ്റപ്പെട്ട ഒരു വ്യക്തിയുടെ പ്രതിഷേധമായി കാണാതെ, കേരളത്തിൽ രൂപപ്പെട്ടുകൊണ്ടിരുന്ന വിശാലമായ നവോത്ഥാനബോധത്തിന്റെ ഭാഗമായാണ് കാണേണ്ടത്. ഇവിടെ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. അയ്യങ്കാളിയുടെ എല്ലാ ആശയങ്ങളും പ്രവർത്തനങ്ങളും ശ്രീ നാരായണ ഗുരുവിൽ നിന്ന് നേരിട്ട് ലഭിച്ചതാണെന്ന് പറയുന്നത് ചരിത്രപരമായി അതിരുകടന്ന അവകാശവാദമായിരിക്കും. അയ്യങ്കാളി സ്വതന്ത്രമായ സാമൂഹിക നേതാവായിരുന്നു. അദ്ദേഹത്തിന്റെ ചിന്തയിൽ സ്വന്തം ജീവിതാനുഭവങ്ങളും പുലയ സമൂഹത്തിന്റെ യാഥാർഥ്യങ്ങളും കാർഷിക തൊഴിലാളികളുടെ പ്രശ്നങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും നിർണായകമായിരുന്നു. എന്നാൽ ഗുരു സൃഷ്ടിച്ച നവോത്ഥാന അന്തരീക്ഷം അയ്യങ്കാളിയുടെ കാലത്തെ സാമൂഹിക ചിന്തയെ സ്വാധീനിച്ച വലിയ പശ്ചാത്തലമായിരുന്നു. “ഗുരുവിന്റെ മനുഷ്യസമത്വവും വിദ്യാഭ്യാസവും ആത്മാഭിമാനവും സംഘടനയും എന്ന ദർശനം, മുൻനിർത്തിയ നവോത്ഥാനചിന്ത അയ്യങ്കാളിയുടെ കാലഘട്ടത്തിൽ കൂടുതൽ വിശാലമായ സാമൂഹിക അവകാശസമരങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു” എന്നതാണ് കൂടുതൽ സൂക്ഷ്മവും ചരിത്രപരവുമായ വിലയിരുത്തൽ. ശ്രീ നാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും സംഭാവനകളെ ഒരു തുടർച്ചയായി കാണുമ്പോഴാണ് കേരള നവോത്ഥാനത്തിന്റെ യഥാർത്ഥ ശക്തി മനസ്സിലാകുന്നത്. ഗുരു മനുഷ്യന്റെ മനസ്സിൽ സമത്വത്തിന്റെ വിത്ത് വിതച്ചു, അയ്യങ്കാളി ആ സമത്വത്തെ സാമൂഹിക അവകാശങ്ങളുടെ മണ്ണിൽ നട്ടു വളർത്തി. ഗുരു അറിവിലൂടെ മനുഷ്യൻ പ്രബുദ്ധനാകണമെന്ന് പറഞ്ഞു, അയ്യങ്കാളി ആ അറിവ് എല്ലാ കുട്ടികൾക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തു. ഗുരു സംഘടനയിലൂടെ സമൂഹം ശക്തരാകണമെന്ന് ഉത്ബോധിപ്പിച്ചു അയ്യങ്കാളി സംഘടനയിലൂടെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ അവകാശങ്ങൾക്കായി സമരം ചെയ്തു. ഗുരു മനുഷ്യന്റെ ആത്മാഭിമാനം ഉയർത്തി അയ്യങ്കാളി ആ ആത്മാഭിമാനത്തെ പൊതുവഴിയിലും സ്കൂളിലും തൊഴിൽസ്ഥലത്തും സമൂഹജീവിതത്തിലും പ്രയോഗിക തലത്തിലേയ്ക്ക് എത്തിച്ചു.
അതുകൊണ്ട് ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ അയ്യങ്കാളിയെ സ്വാധീനിച്ചതെങ്ങനെ എന്ന ചോദ്യത്തിന് ഒരൊറ്റ വാചകത്തിൽ ഉത്തരം നൽകാനാവില്ല. അത് നേരിട്ടുള്ള സ്വാധീനത്തേക്കാൾ വലിയ ഒരു ചരിത്രപ്രക്രിയയിലൂടെ ഉള്ള നവോഥാന യാത്രയാണ്. ഗുരു കേരളത്തിന്റെ സാമൂഹിക മനസ്സിൽ സൃഷ്ടിച്ച സമത്വബോധം, അറിവിന്റെ പ്രാധാന്യം, ആത്മാഭിമാനം, സംഘടന, മനുഷ്യസ്നേഹം എന്നിവ അയ്യങ്കാളിയുടെ കാലഘട്ടത്തിലെ സാമൂഹിക സമരങ്ങൾക്ക് ആശയപരമായ ഒരു വിശാല പശ്ചാത്തലം ഒരുക്കി നൽകി. അയ്യങ്കാളി അതിനെ തന്റെ ജീവിതാനുഭവങ്ങളുടെയും പൊതു യാഥാർഥ്യങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ പ്രത്യക്ഷമായ പോരാട്ടപരമായ സമര രൂപത്തിലാക്കി. ഒരാൾ ആത്മീയവും നൈതികവുമായ തലത്തിൽ മനുഷ്യന്റെ തുല്യത പ്രഖ്യാപിച്ചപ്പോൾ, മറ്റൊരാൾ ആ തുല്യതയെ ജീവിതത്തിലെ അവകാശത്തിനായുള്ള സമരമാർഗ്ഗമാക്കി. അതുകൊണ്ടുതന്നെ ഗുരുവും അയ്യങ്കാളിയും ചേർന്ന് കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ ഒരു മഹത്തായ നാഴികക്കല്ല് തീർത്തു. ആത്മബോധത്തിൽ നിന്ന് അവകാശബോധത്തിലേക്ക്, അറിവിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്, സമത്വദർശനത്തിൽ നിന്ന് സമത്വത്തിനായുള്ള സമരത്തിലേക്ക്. ഈ യാത്രയാണ് കേരളത്തിന്റെ നവോത്ഥാനത്തെ ഒരു സാമൂഹിക പരിഷ്കാരപ്രസ്ഥാനത്തിൽ നിന്ന് മനുഷ്യവിമോചനത്തിന്റെ വിശാലമായ പ്രസ്ഥാനമാക്കി മാറ്റിയത്.
(തുടരും…)
