സ്റ്റെല്ല എന്ന പെൺകുട്ടി (കഥ): ജയശങ്കര്‍ പിള്ള

ജോലി സ്ഥലത്തുനിന്നു വീട്ടിലേക്ക് ഇനി അരമണിക്കൂർ എങ്കിലും വണ്ടി ഓടിച്ചേ പറ്റൂ. എന്തായാലും ഒരു കാപ്പി വാങ്ങി കൈയ്യിൽ കരുതാം. നൈറ്റ് ഡ്യൂട്ടി ആയതിനാൽ നല്ല ഉറക്കക്ഷീണവും ഉണ്ട്. ശനിയാഴ്ച രാവിലെയായതിനാൽ നിരത്തിൽ വലിയ വാഹന തിരക്കുകൾ ഇല്ല. സിഗ്നൽ ലൈറ്റ് കഴിഞ്ഞുള്ള പ്ലാസയിലെ കോഫി ഷോപ്പിൽ നിന്ന് കോഫിയും വാങ്ങി യാത്ര തിരിക്കുമ്പോള്‍ ആഴ്ച്ചയവസാനം ലഭിച്ച അവധി ദിനം എങ്ങിനെ, എന്തെല്ലാം ചെയ്യണം എന്നുള്ള ആലോചനയിലായിരുന്നു. വേനലിന്റെ ചൂടൊക്കെ അല്പം കുറഞ്ഞു ശിശിരകാലത്തെ വരവേൽക്കുന്ന തിരക്കിലാണ് പ്രകൃതി, അതുകൊണ്ടായിരിയ്ക്കാം പുലർകാല വെയിലിനൊപ്പം ചെറിയ തണുപ്പ് കാറ്റുമുണ്ട്. കാറിന്റെ ജനാല ചില്ലുകൾ താഴ്ത്തി ഗണേശകീർത്തനനവും കേട്ട് ഡ്രൈവ് ചെയ്യുമ്പോൾ ചൂടുള്ള കോഫി ചോർന്നുപോയി ഊർജ്ജം തിരികെ നൽകുന്നതുപോലെ തോന്നി.

വീട്ടിലെ ഡ്രൈവെയിൽ കാർ പാർക്ക് ചെയ്തു ഡോർ തുറന്നു അകത്തു കയറുമ്പോൾ നിശബ്ധത അനുഭഗവപ്പെട്ടു. അവധിയായതിനാൽ ആവാം എല്ലാവരും നല്ല ഉറക്കത്തിലാണെന്നു തോന്നുന്നു.സാധാരണ ദിവസങ്ങളിൽ തന്റെ കാൽപ്പെരുമാറ്റം കേൾക്കുമ്പോഴേ അവൾ വാതിലിനു അരികിൽ കാത്തു നിൽക്കുന്നുണ്ടാവും, വാതിൽ തുറക്കുമ്പോഴേ തന്നെ മുട്ടിയുരുമ്മി അടുക്കളയെ ലക്ഷ്യം വെച്ച് പോകുന്ന അവളെയും ഇന്ന് കാണുന്നില്ല. എന്തായാലും പതിവ് തെറ്റിക്കേണ്ട. ജോലി കഴിഞ്ഞു വന്നാൽ നാടൻ രീതിയിൽ ഒരു ചായയും, രണ്ടു റസ്കും കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു അനുഭൂതി, അത് നൽകുന്ന ഉണർവ് പറഞ്ഞറിയിക്കാൻ വല്ല. അയാൾ അടുക്കളയിൽ പോയി അല്പം പാൽ എടുത്തു തിളപ്പിച്ച് തേയിലയും,അല്പം ഏലക്കാപൊടിയും ഇട്ടു കപ്പിലേയ്ക്ക് ചായ പകരുമ്പോൾ ചിന്ത മുഴുവൻ അവളിലായിരുന്നു. തന്റെ ഊണിലും,ഉറക്കത്തിലും, വീട്ടിൽ ഏകനായിരിയ്ക്കുമ്പോഴും, തന്നെ മുട്ടി ഉരുമ്മി നടക്കുന്ന അവൾ “സ്റ്റെല്ല” അവൾ എവിടെപോയി?!.

പെട്ടെന്നാണ് അയാൾക്ക് ഒരു കാര്യം ഓർമ്മ വന്നത്,.. ഇന്നലെ അവളുടെ റെഗുലർ ഡോക്ടർ ചെക്കപ്പ് ആയിരുന്നു. വാക്സിൻ എടുക്കുന്ന സമയത്തു ചിലപ്പോൾ അത് അലര്‍ജിക്ക് കാരണമാകാം എന്ന് പറഞ്ഞിരുന്നു. കുടിക്കാനെടുത്ത ചായ ടേബിളിൽ തന്നെ വച്ച് സ്റ്റെല്ലയുടെ ചെറിയ മുറിയെ ലക്ഷ്യമാക്കി അയാൾ പാഞ്ഞു. ഇനി അവൾക്കു എന്തെങ്കിലും സംഭവിച്ചു കാണുമോ?…
അയാളുടെ ഊഹം തെറ്റിയില്ല, പുതിയ വാക്സിൻ എടുത്തത്,അലര്‍ജിയായി ഡയറിയ ബാധിച്ചു അവളുടെ ശരീരമാകെ ആകെ അലോങ്കോലമായിരിക്കുന്നു.

“സ്റ്റെല്ലാ, സ്റ്റെല്ലാ,… ” അയാൾ നീട്ടി വിളിച്ചു, അവളുടെ തലയിൽ തലോടി……

സ്നേഹത്തലോടലിൽ അവളുടെ കണ്ണുകളിൽ തിളക്കം കൂടുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു….

“സ്റ്റെല്ലയെ” തന്റെ കൈകളിൽ കോരിയെടുത്തു അയാൾ വാഷ്‌റൂമിൽ കൊണ്ട് വന്നു കുളിപ്പിച്ച് വൃത്തിയാക്കി, നല്ല ഉണങ്ങിയ ടവൽ കൊണ്ട് വൃത്തിയാക്കി അല്പം ചൂട് പാലും, റെസ്‌കും നൽകി, അവളുടെ കിടക്കയും,മുറിയും വൃത്തിയാക്കി. അപ്പോഴും അയാളുടെ സഹധർമ്മിണി നല്ല ഉറക്കത്തിലായിരുന്നു.

എന്തായാലും തക്ക സമയത്തു സ്റ്റെലയെ പരിചരിക്കാന്‍ കഴിഞ്ഞല്ലോ?

ചായയും നുകർന്ന്, ലാപ്പ് ടോപ്പിൽ വെറുതെ സോഷ്യൽ മീഡിയയിൽ സ്‌ക്രോള്‍ ചെയ്തിരിക്കുമ്പോള്‍ പുറത്തു വെയിലിനു കനം കൂടി വന്നു. ജനാലയുടെ വാതിൽ ചില്ലുകളിലൂടെ വെയിൽ അരിച്ചെത്തുന്നു. അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത് “സ്റ്റെല്ല” അസ്വസ്ഥമായി വീണ്ടും അവിടെയും ഇവിടെയും ഓടി നടക്കുന്നു. ഇവൾക്ക് എന്ത് പറ്റി? ജനാലയ്ക്കരികിലും, വാതിലിനു അരികിലുമൊക്കെയായി അവൾ നടക്കുന്നു. സോഫയിൽ ഇരിക്കാന്‍ പോലും കൂട്ടാക്കാതെ എന്തിനാണ് അവൾ ഓടി നടക്കുന്നതു? ഇവൾക്ക് എന്തുപറ്റി ? തന്റെ മേശയ്ക്കരുകിലേക്ക് വന്ന സ്റ്റെല്ലയെ അയാൾ ചേർത്ത് പിടിച്ചു, മടിയിലുരുത്തി, പതിയെ അവളെ തലോടുമ്പോൾ അവൾക്കു അല്പം ആശ്വാസം തോന്നുന്നതായി അയാൾക്ക് തോന്നി.

“സ്റ്റെല്ലേ ….. നിനക്ക് എന്ത് പറ്റി ?…. അയാൾ അവളെ തന്റെ മാറിൽ ചേർത്ത് പുണരുമ്പോൾ അവളുടെ കണ്ണുകളിലെ തിളക്കവും, ഹൃദയത്തിന്റെ മിടിപ്പും അയാൾ കേൾക്കുന്നുണ്ടായിരുന്നു…..അവളെ നെഞ്ചോടു ചേർത്ത് കസേരയിൽ ചാരി കിടക്കുമ്പോൾ അവൾക്കു ഒന്നും വരുത്തരുതേ എന്ന പ്രാർത്ഥനയായിരുന്നു അയാളുടെ മനസ്സിൽ…കാരണം ?!

അവൾ ….”സ്റ്റെല്ല” …..അയാളുടെ സ്വന്തം പൂച്ചക്കുട്ടിയായിരുന്നു.

……. ഇനിയാണ്!!!! …….

രാവിലെയുള്ള തണുപ്പിൽ പൂച്ചക്കുട്ടിയെ തിരക്കിട്ടു കുളിപ്പിച്ച് വൃത്തിയാക്കുമ്പോൾ അയാൾക്കുണ്ടായ അബദ്ധമായിരുന്നു, ആ ജീവിയെ ഇത്രമാത്രം അസ്വസ്ഥമാക്കിയത്. തണുത്ത വെള്ളം കൊണ്ട് ഉള്ള കുളിയിൽ, പ്രത്യേകിച്ച് ഇൻഡോർ വളരുന്ന പൂച്ചകൾക്ക് കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കും, പക്ഷെ നമ്മുടെ മണവും, ചലനവും, ഭാഷയും, ആംഗ്യങ്ങളും, നമ്മുടെ വസ്ത്രങ്ങളും, എല്ലാം മനസ്സിലാക്കുന്ന ഈ വളർത്തു മൃഗങ്ങൾക്കു അറിയില്ലല്ലോ, അവരുടെ ഭാഷയും, മറ്റു രീതികളും പഠിയ്ക്കുവാൻ സ്‌പേസ് വരെ കീഴടക്കിയ മനുഷ്യർക്ക് പരിമിതികൾ ഉണ്ട് എന്ന്. വളർത്തു മൃഗങ്ങൾക്കു, അവരുടെ ദൈനം ദിന ജീവിതത്തിനു ആവശ്യമുള്ള രീതിയിൽ ലോകത്തിലെ ഏതു ഭാഷയും മനസ്സിലാക്കുവാൻ കഴിയും. നമ്മളിൽ എത്രപേർ അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്?!

വളർത്തുമൃഗങ്ങൾ മനുഷ്യരേക്കാൾ കൂടുതൽ മനസ്സിലാക്കുന്നത് എന്തുകൊണ്ട്?

മനുഷ്യൻ ഭൂമിയിലെ ഏറ്റവും വികസിച്ച ആശയ വിനിമയശേഷിയുള്ള ജീവിയാണെന്ന് നാം സ്വയം അഭിമാനിക്കാറുണ്ട്. വാക്കുകൾ, ഭാഷ, എഴുത്ത്, ചിത്രങ്ങൾ, ശബ്ദം, സാങ്കേതികവിദ്യ അങ്ങിനെ ആശയങ്ങൾ കൈമാറാൻ മനുഷ്യൻ ഒട്ടനവധി മാധ്യമങ്ങൾ സൃഷ്ടിച്ചു. എന്നാൽ നമ്മുടെ വീടുകളിൽ നിശ്ശബ്ദമായി ജീവിക്കുന്ന ചില ജീവികൾ നമ്മെ മറ്റൊരു വലിയ സത്യം പഠിപ്പിക്കുന്നുണ്ട്. ആശയവിനിമയത്തിന് എല്ലായ്പ്പോഴും വാക്കുകൾ ആവശ്യമില്ല, ഭാഷ ആവശ്യമില്ല. മനുഷ്യന്റെ വാക്കുകൾ,ഭാഷ പൂർണ്ണമായി മനസ്സിലാക്കുവാൻ കഴിയാത്ത വളർത്തുമൃഗങ്ങൾ പലപ്പോഴും മനുഷ്യന്റെ മനോഭാവം, പെരുമാറ്റം,ചലനങ്ങൾ, ഭാവങ്ങൾ വളരെ കൃത്യമായി തിരിച്ചറിയുന്നു.

ഒരു നായയെയോ പൂച്ചയെയോ വളർത്തുന്ന ഒരാൾക്ക് ഈ അനുഭവം വളരെ പരിചിതമായിരിക്കും. വീട്ടുടമ സന്തോഷത്തിലാണെങ്കിൽ അതിന്റെ പെരുമാറ്റത്തിൽ ഒരു മാറ്റമുണ്ടാകും. ദുഃഖത്തിലാണെങ്കിൽ അടുത്തെത്തി അവ നിശ്ശബ്ദമായി ഇരിക്കും. ദേഷ്യത്തിലാണെങ്കിൽ നമ്മിൽ നിന്നും അകന്നു നിൽക്കും. അവ ഭയപ്പെട്ടിരിക്കുന്ന സമയത്ത് ഉടമയുടെ സമീപത്ത് തന്നെ കഴിയാൻ ശ്രമിക്കും. മനുഷ്യൻ ഒന്നും പറയാത്തപ്പോഴും മുഖഭാവവും ശബ്ദത്തിന്റെ സ്വരവും ശരീരചലനങ്ങളും നിരീക്ഷിച്ച് അവ പ്രതികരിക്കുന്നു എന്നത് സവിശേഷമായ കഴിവാണ്. ഇവിടെ ശ്രദ്ധിക്കേണ്ടത് മനുഷ്യന്റെ ഭാഷയും മനുഷ്യന്റെ ആശയവിനിമയവും തമ്മിലുള്ള വ്യത്യാസമാണ്. നാം സംസാരിക്കുന്ന വാക്കുകളുടെ അർത്ഥം മാത്രം ആശയവിനിമയമാർഗ്ഗമല്ല. ശബ്ദത്തിന്റെ ഉയർച്ചയും താഴ്ചയും, സംസാരിക്കുന്ന വേഗത, മുഖഭാവം, കണ്ണുകളുടെ ചലനം, കൈകളുടെ ചലനം, ശരീരത്തിന്റെ നിലപാട്, നടത്തത്തിന്റെ രീതികൾ, എന്നിവയും ആശയവിനിമയത്തിന്റെ ഭാഗങ്ങളാണ്. മനുഷ്യരോടൊപ്പം ദീർഘകാലം ജീവിക്കുന്ന വളർത്തുമൃഗങ്ങൾ ഈ സൂചനകൾ നിരന്തരം നിരീക്ഷിച്ച് പഠിക്കുന്നു.

ഒരു നായയ്ക്ക് “വാ”-Come ” എന്ന വാക്ക് മാത്രം പഠിക്കുന്നതല്ല പ്രധാനം. ആ വാക്ക് ഏത് ശബ്ദത്തിൽ പറയപ്പെടുന്നു, അത് കേൾക്കുന്നു, അതിനുശേഷം എന്താണ് സംഭവിക്കുന്നത്, ഉടമയുടെ മുഖത്ത് എന്താണ് കാണുന്നത് ഇവയെല്ലാം അതിന്റെ അനുഭവത്തിന്റെ ഭാഗമാകുകായും, അത് അതിന്റെ തലച്ചോറിൽ സ്റ്റോർ ചെയ്യപ്പെടുകയും . ഭക്ഷണം നൽകുന്ന സമയം, പുറത്തേക്ക് നടക്കാൻ പോകുന്ന സമയം, വാതിൽ തുറക്കുന്ന ശബ്ദം, വാഹനത്തിന്റെ ശബ്ദം, ഉടമയുടെ തിരിച്ചുവരവ്, ഉടമയുടെ വസ്തുക്കളിൽ ഉള്ള മണം. ഇങ്ങനെ ഓരോ അനുഭവവും അതിന്റെ ഓർമ്മയിൽ, തലച്ചോറിൽ നിരന്തരം ഒരു പ്രത്യേക ബന്ധം സൃഷ്ടിക്കുന്നു.

മനുഷ്യനും മൃഗവും തമ്മിലുള്ള ഒരു പ്രത്യേക ജീവിതഭാഷ.

മനുഷ്യർ വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങളെ പലപ്പോഴും “കുരയ്ക്കൽ”, “മ്യാവൂ” എന്നിങ്ങനെ മാത്രം കാണുന്നു. എന്നാൽ അവയ്ക്കും അതിനപ്പുറം നിരവധി സൂചനകളുണ്ട്. ശരീരത്തിന്റെ നിലപാട്, വാലിന്റെ ചലനം, ചെവികളുടെ സ്ഥാനം, കണ്ണുകളുടെ ദിശ, ശ്വാസത്തിന്റെ വേഗത, സമീപിക്കാനുള്ള രീതികൾ, കുറു കുറ മുരളിച്ച , പുറപ്പെടുവിക്കുന്ന ശബ്ദങ്ങളിലെ വ്യത്യാസങ്ങൾ,ഇവയിലൂടെ അവയുടെ വികാരാവസ്ഥയെക്കുറിച്ച് ചില സൂചനകൾ ലഭിക്കുന്നു. മനുഷ്യൻ ഈ ഭാഷ മുഴുവനായി പഠിച്ചിട്ടില്ലെങ്കിലും, മൃഗങ്ങളോടൊപ്പം ദീർഘകാലം ജീവിക്കുന്നവർ ക്രമേണ അവയുടെ ചില സൂചനകൾ മനസ്സിലാക്കുന്നു. അതേസമയം, വളർത്തുമൃഗങ്ങൾ മനുഷ്യന്റെ പെരുമാറ്റം പഠിക്കുന്ന രീതി കൂടുതൽ കൗതുകകരമാണ്. ഒരു കുഞ്ഞ് വീട്ടിലെത്തുമ്പോൾ അതിന്റെ കരച്ചിൽ, ചിരി, ചലനം എന്നിവയോട് പ്രതികരിക്കാൻ ഒരു നായ,പൂച്ച കുറച്ചുകാലത്തിനുള്ളിൽ പഠിച്ചേക്കാം. വീട്ടിലെ ഒരാളുടെ ശബ്ദം കേട്ടാൽ വാതിലിനരികിലേക്ക് ഓടിപ്പോകും. ഉടമയുടെ വാഹനത്തിന്റെ ശബ്ദം തിരിച്ചറിയും. ചിലപ്പോൾ വീട്ടിലെ ഒരാൾ വിഷമത്തിലാണെന്ന് തോന്നുമ്പോൾ അതിന്റെ സമീപത്ത് ചെന്നിരിക്കും. ഇതെല്ലാം വാക്കുകളുടെ ഭാഷയ്ക്കപ്പുറമുള്ള നിരീക്ഷണശേഷിയെയാണ് സൂചിപ്പിക്കുന്നത്.

ഇവിടെയാണ് ദൃശ്യ-ശ്രവ്യ മാധ്യമങ്ങളുടെ യഥാർത്ഥ അർത്ഥം നമ്മൾ മറ്റൊരു രീതിയിൽ ചിന്തിക്കേണ്ടത്. മനുഷ്യൻ ടെലിവിഷൻ, സിനിമ, റേഡിയോ, സാമൂഹികമാധ്യമങ്ങൾ തുടങ്ങിയ സാങ്കേതിക മാധ്യമങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഒരു വളർത്തുമൃഗത്തിന്റെ ജീവിതത്തിൽ ഏറ്റവും ശക്തമായ ദൃശ്യ-ശ്രവ്യ മാധ്യമം പലപ്പോഴും അതിന്റെ ഉടമ തന്നെയാണ്. ഉടമയുടെ മുഖം അതിന് ഒരു ദൃശ്യസന്ദേശമാണ്. ഉടമയുടെ ശബ്ദം ഒരു ശ്രവ്യസന്ദേശമാണ്. ശരീരചലനങ്ങൾ മറ്റൊരു സന്ദേശമാണ്. ദിവസേന ആവർത്തിക്കുന്ന ജീവിതചര്യകൾ അവയുടെ ഒരു സമ്പൂർണ്ണ ആശയവിനിമയ സംവിധാനം സൃഷ്ടിക്കുന്നു. മനുഷ്യർ പലപ്പോഴും പറയുന്നത് ഒന്നും, പ്രകടിപ്പിക്കുന്നത് മറ്റൊന്നുമായിരിക്കും. “എനിക്ക് കുഴപ്പമില്ല” എന്ന് ഒരാൾ പറയുമ്പോഴും മുഖത്ത് വിഷമം പ്രകടമായിരിക്കാം. മനുഷ്യൻ വാക്കുകൾ കേട്ട് വിശ്വസിച്ചേക്കാം. എന്നാൽ ഒരു വളർത്തുമൃഗം ആ വാക്കുകളേക്കാൾ മുഖഭാവത്തെയും ശബ്ദത്തെയും ശരീരഭാഷയെയും ശ്രദ്ധിച്ചേക്കാം. അതുകൊണ്ടുതന്നെ ചിലപ്പോൾ “എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് എന്റെ നായയ്ക്ക്/പൂച്ചയ്ക്ക്/ എന്തിനു എരുത്തിലെ പശുവിനു,ആടിന്, മനസ്സിലാകുന്നു” എന്ന മനുഷ്യന്റെ അനുഭവത്തിന് പിന്നിൽ യാഥാർഥ്യമായ പെരുമാറ്റസൂചനകൾ ഉണ്ടാകാം. ഉദാഹരണത്തിന് വീട്ടിൽ നടക്കുവാൻ പോകുന്ന മരണത്തെ അവ മുൻകൂട്ടി കാണുന്നു.

എന്നാൽ ഇതിനെ ഒന്നും മനുഷ്യരുടെ മനസ്സ് വായിക്കുന്ന അത്ഭുതശക്തിയായി കാണേണ്ടതില്ല. വളർത്തുമൃഗങ്ങൾ വർഷങ്ങളായി തങ്ങളോടൊപ്പം ജീവിക്കുന്ന മനുഷ്യരുടെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങൾ നിരീക്ഷിച്ച് പഠിക്കുന്നതാണ് പ്രധാനമായും ഇതിന് പിന്നിൽ. പരിചയം, ആവർത്തനം, ഓർമ്മ, ശബ്ദ-ദൃശ്യ സൂചനകളോടുള്ള പ്രതികരണം എന്നിവയാണ് ഈ ബന്ധത്തിന്റെ അടിസ്ഥാനം.

ഇതിൽ നിന്ന് മനുഷ്യനും ഒരു വലിയ പാഠം പഠിക്കാനുണ്ട്. ആശയവിനിമയം സംസാരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. കേൾക്കുന്നതും കാണുന്നതും ശ്രദ്ധിക്കുന്നതും മനസ്സിലാക്കാൻ ശ്രമിക്കുന്നതുമാണ് യഥാർത്ഥ ആശയവിനിമയം. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും ഈ സത്യം പ്രസക്തമാണ്. പലപ്പോഴും വാക്കുകൾക്കിടയിൽ പറയാത്ത കാര്യങ്ങളാണ് കൂടുതൽ ശക്തമായി സംസാരിക്കുന്നത്. ശരീര ചലനം എന്നിവ പലതിന്റെയും,പറയാതെതന്നെ സൂചനകൾ ആയി മനസ്സിലാക്കപ്പെടുന്നു. വളർത്തുമൃഗങ്ങൾ നമ്മെ മറ്റൊരു സുന്ദരമായ കാര്യവും പഠിപ്പിക്കുന്നു. ബന്ധങ്ങൾ രൂപപ്പെടുന്നത് ഭാഷ ഒരുപോലെയായതുകൊണ്ടല്ല; പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ്. മനുഷ്യനും മൃഗത്തിനും ഒരേ ഭാഷയില്ല. ഒരാൾ സംസാരിക്കുന്നു, മറ്റൊന്ന് ശബ്ദങ്ങളിലൂടെയും ചലനങ്ങളിലൂടെയും പ്രതികരിക്കുന്നു. എന്നിട്ടും അവർ തമ്മിൽ സ്നേഹവും വിശ്വാസവും രൂപപ്പെടുന്നു.വളർത്തുമൃഗങ്ങൾ മനുഷ്യന്റെ ഭാഷ ഒരിയ്ക്കൽ പോലും സംസാരിക്കാത്തവരാണ്, പക്ഷേ മനുഷ്യന്റെ ജീവിതഭാഷ അവർ പഠിച്ചിരിക്കുന്നു. നമ്മുടെ ശബ്ദത്തിലെ മാറ്റം, മുഖത്തിലെ വിഷമം, കണ്ണിലെ സന്തോഷം, ശരീരത്തിലെ അസ്വസ്ഥത, പെരുമാറ്റത്തിലെ വ്യത്യാസം,ഇവയെല്ലാം അവർ അവരുടെ രീതിയിൽ വായിക്കുന്നു.

ഒടുവിൽ, മനുഷ്യനും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം നമ്മോട് പറയുന്നത് വളരെ ലളിതമായ ഒരു സത്യമാണ്. ഭാഷയ്ക്ക് അതിരുകളുണ്ട്, സ്നേഹത്തിനും ശ്രദ്ധയ്ക്കും,കരുതലിനും അതിരുകളില്ല. വാക്കുകൾ മനസ്സിലാകാത്ത രണ്ട് ജീവികൾക്കിടയിലും ഒരു ജീവിതകാലം മുഴുവൻ നീളുന്ന ബന്ധം സൃഷ്ടിക്കാനാകുന്നു. മനുഷ്യൻ വളർത്തുമൃഗത്തെ വളർത്തുന്നു എന്ന് നാം കരുതുമ്പോൾ, യാഥാർഥ്യത്തിൽ ആ മൃഗവും മനുഷ്യനിലെ അവന്റെ ശീലങ്ങളെയും വികാരങ്ങളെയും നിശ്ശബ്ദതകളെയും,ദിവസംതോറും,ഓരോ നിമിഷത്തെ ഇടപെടലുകളിലും, പഠിച്ചുകൊണ്ടിരിക്കുകയാണ്. തലച്ചോറും,ഹൃദയവും ഒക്കെ ഒരുപോലെയും, ഒരേ ശരീര ഘടനയും,ജീവിത ശൈലികളും ,പ്രത്യുത്പാദന രീതികളും, രക്ത പൂരിതമായ ശരീരവും, എന്നാൽ നിറത്തിലും,വര്ണത്തിലും,ഭാഷയിലും, വിശ്വാസങ്ങളിലും, വസ്ത്ര രീതിയിലും മാത്രം ചെറിയ വ്യത്യാസങ്ങളും ഉള്ള മനുഷ്യർ പരസ്പരം മനസ്സിലാക്കി, കലഹങ്ങൾ ഒഴിവാക്കി, സ്വസ്ഥമായി സ്നേഹിച്ചും,മനസ്സിലാക്കിയും, യുദ്ധങ്ങളും,പകവീട്ടലും ഒഴിവാക്കി പരസ്പരം സ്നേഹിച്ചു ജീവിക്കുവാൻ സ്വയം പരിശീലിക്കുന്നുണ്ടോ? ഭാഷകൾ വിവിധങ്ങളായ മനസ്സിലാക്കുവാനുള്ള സാങ്കേതിക വിദ്യകൾ സ്വയം വികസിപ്പിച്ചെടുത്ത മനുഷ്യർ മാത്രം ഇന്നും മനസ്സ് തുറന്നു “സ്നേഹിക്കുവാന്‍ “മടിയും,”വൈരാഗ്യ ” ബുദ്ധിയുള്ളവരുമായി തുടരുന്നു എന്ന പ്രപഞ്ചസത്യം കൂടി ഇവിടെ പങ്കുവയ്ക്കട്ടെ.

“അതാണ് മനുഷ്യനും വളർത്തുമൃഗങ്ങളും തമ്മിലുള്ള ഏറ്റവും മനോഹരമായ വാക്കുകളില്ലാത്ത സ്നേഹവും, കരുതലും, വിശ്വാസവും”.

“ലോകം കീഴടക്കിയ നമ്മൾ മനുഷ്യർ എത്ര ചെറിയ മനസ്സിന്റെ ഉടമകൾ ആണല്ലേ ?!!!”

 

Leave a Comment

More News