കൊച്ചി: കേരളത്തെ ഇന്ത്യയിലെയും ഏഷ്യയിലെയും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഗോകുലം പാർക്ക് ആൻഡ് കൺവെൻഷൻ സെന്ററിൽ ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ കോൺക്ലേവും 75-ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാവൽ ഏജന്റ്സ് അസോസിയേഷന്റെ ദേശീയ കൺവെൻഷൻ ഇത്തവണ കേരളത്തിൽ നടത്തണമെന്നും സംസ്ഥാന സർക്കാർ അതിനുള്ള എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന വളർച്ചാ ചാലകമാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. തുറമുഖ വികസനം, വ്യോമയാനം, ഹോട്ടൽ മേഖല, ആരോഗ്യ ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ചാണ് വികസനം ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില് ഏകദേശം 600 കിലോമീറ്റർ തീരപ്രദേശവും രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 18 മിനി തുറമുഖങ്ങളുമുണ്ട്. ഇവ സംയോജിപ്പിച്ച് കേരളത്തെ ഒരു പ്രധാന തുറമുഖ നഗരമാക്കി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖത്ത് കയറ്റുമതി-ഇറക്കുമതി സൗകര്യങ്ങൾ ആരംഭിക്കുന്നത് കേരളത്തിന്റെ വികസനത്തിൽ ഒരു പ്രധാന വഴിത്തിരിവായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയിൽ ടൂറിസത്തിനായി പ്രത്യേക ആഡംബര മേഖല, മുസിരിസ് മേഖലയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സമുദ്ര മ്യൂസിയം, കേരളത്തിൽ ഒരു ഫിലിം സിറ്റി, കോഴിക്കോട് എം.ടി. വാസുദേവൻ നായർ സ്മാരക സാംസ്കാരിക പാർക്ക് തുടങ്ങിയ പദ്ധതികളും സർക്കാർ പരിഗണിക്കുന്നുണ്ട്. കേരളത്തിലെ ഹോട്ടൽ മുറികളുടെ കുറവ് പരിഹരിക്കുന്നതിനായി കൂടുതൽ നക്ഷത്ര ഹോട്ടലുകൾ തുറക്കാൻ നടപടികൾ സ്വീകരിക്കും.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ ഒരു വ്യോമയാന കേന്ദ്രമാക്കി മാറ്റും. പൈലറ്റ് പരിശീലന കേന്ദ്രം ഉൾപ്പടെ 27 വ്യോമയാന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും ഇവിടെ ചെലവഴിക്കാൻ കഴിയുന്ന തരത്തിൽ ടൂറിസം ഉൽപ്പന്നങ്ങൾ വികസിപ്പിക്കണം. കടൽ, കായൽ, മലകൾ, വനങ്ങൾ എന്നിവയുടെ വൈവിധ്യം പ്രയോജനപ്പെടുത്തി നദീ ക്രൂയിസുകളും മറ്റ് ടൂറിസം പദ്ധതികളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ ടൂറിസത്തിനായി യൂറോപ്യൻ മാതൃകയിലുള്ള കെയർഗിവിംഗ് കോഴ്സുകളും റീഹാബിലിറ്റേഷൻ സെന്ററുകളും ആരംഭിക്കും. ആയുർവേദം, അലോപ്പതി, ഹോളിസ്റ്റിക് ചികിത്സ തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി ആരോഗ്യ ടൂറിസം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലും കേരളത്തെ ആഗോള കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ‘നോളജ് വാലി’ പദ്ധതിയുടെ ഭാഗമായി ലോകപ്രശസ്ത സർവകലാശാലകളെ കേരളത്തിലേക്ക് എത്തിക്കാൻ ശ്രമം നടത്തും. തൊഴിൽ മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് പുതിയ അക്കാദമിക് പ്രോഗ്രാമുകളും പാഠ്യപദ്ധതികളും രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡൻ്റ് ആർ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എം എൽ എ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, ഇന്ത്യാ ഗവൺമെൻ്റ് ടൂറിസം മന്ത്രാലയം റീജ്യണൽ ഡയറക്ടർ ഡി വെങ്കിടേശൻ, ഇന്ത്യാ ഗവൺമെൻ്റ് ടൂറിസം മന്ത്രാലയം പ്രിൻസിപ്പൽ ഐ എച്ച് എം ഡോ. ടി അനന്തകൃഷ്ണൻ, ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ചെയർപേഴ്സൺ മറിയാമ്മ ജോസ്, ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ഹോണററി സെക്രട്ടറി അഷറഫ് നെല്ലിക്കുന്നൻ എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡൻ്റ് ആർ സുനിൽ കുമാർ മുഖ്യമന്ത്രിക്ക് കൈമാറി.
വാർഷികാഘോഷത്തിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായിരുന്നു. ഇൻമെക് ചെയർമാൻ ഡോ. എൻ. എം. ഷറഫുദ്ദീനെയും ഒമാൻ എയർ ഇന്ത്യൻ സബ്കോണ്ടിനെന്റ് റീജിയണൽ വൈസ് പ്രസിഡന്റ് സുനിൽ വി.എയെയും ആദരിച്ചു.
യാത്ര, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ചവർക്ക് അവാർഡുകൾ നൽകി.
