വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കൻ മാധ്യമങ്ങളായ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ ഭരണകൂടത്തെക്കുറിച്ച് തുടർച്ചയായി തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ചാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. കാഴ്ചക്കാരുടെ എണ്ണവും വിശ്വാസ്യതയും കുറഞ്ഞതിനെ തുടർന്നാണ് എംഎസ്എൻബിസി അടുത്തിടെ എംഎസ് നൗ എന്ന് പേരുമാറ്റിയതെന്ന് അദ്ദേഹം പരിഹസിച്ചു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് പൊളിറ്റിക്കോയ്ക്ക് എട്ട് ദശലക്ഷം ഡോളറിന്റെ സർക്കാർ സബ്സ്ക്രിപ്ഷൻ ലഭിച്ചിരുന്നുവെന്നും ഇതിൽ അഴിമതിയുണ്ടെന്നും ട്രംപ് ആരോപിച്ചു.
പ്രസിഡന്റിനെയും ഭരണകൂടത്തെയും കുറിച്ച് തെറ്റായ വിവരങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നാണ് ട്രംപിന്റെ നിലപാട്. സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മറ്റ് മാധ്യമങ്ങൾക്കെതിരെയും നടപടി ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പിന്നീട് ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് തീരുമാനത്തെ ന്യായീകരിച്ചു. വിലക്കേർപ്പെടുത്തിയ മാധ്യമങ്ങളെ തന്റെ ഓഫിസിൽ ആവശ്യമില്ലെന്നും അവരുടെ റിപ്പോർട്ടിങ് രീതിയിൽ മാറ്റമുണ്ടായാൽ തീരുമാനം പുനഃപരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ ഭരണകൂടത്തെ പ്രതികൂലമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാധ്യമങ്ങൾ ബോധപൂർവം നെഗറ്റീവ് വാർത്തകൾ നൽകുന്നുവെന്നും ട്രംപ് ആരോപിച്ചു.
മരുന്നുകളുടെ വില 50 മുതൽ 70 ശതമാനം വരെ കുറച്ചതടക്കമുള്ള തന്റെ ഭരണകൂടത്തിന്റെ നേട്ടങ്ങൾക്ക് ആവശ്യമായ വാർത്താപ്രാധാന്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു റിപ്പോർട്ടിന്റെ പേരിലല്ല വിലക്ക് ഏർപ്പെടുത്തിയതെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന മാധ്യമ റിപ്പോർട്ടിങ്ങിലുള്ള അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നും ട്രംപ് വിശദീകരിച്ചു.
രാജ്യത്തിന് സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ ട്രംപ് തന്റെ ഭരണകൂടത്തിന്റെ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും സംസാരിച്ചു. അമേരിക്കയിൽ അഭൂതപൂർവമായ സാമ്പത്തിക വളർച്ചയുണ്ടായെന്നും തൊഴിലില്ലായ്മയും ദാരിദ്ര്യവും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ 17 മാസമായി രാജ്യത്തേക്ക് അനധികൃതമായി ആരും പ്രവേശിച്ചിട്ടില്ലെന്നും ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ കഴിഞ്ഞത് തന്റെ പ്രധാന നേട്ടങ്ങളിലൊന്നാണെന്നും ട്രംപ് അവകാശപ്പെട്ടു.
വൈറ്റ് ഹൗസും അമേരിക്കൻ മാധ്യമങ്ങളും തമ്മിലുള്ള തർക്കം ഇതാദ്യമല്ല. ‘ഗൾഫ് ഓഫ് മെക്സിക്കോ’ എന്നതിന് പകരം ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന പേര് ഉപയോഗിക്കണമെന്ന ഭരണകൂടത്തിന്റെ നിർദേശം പാലിക്കാത്തതിനെ തുടർന്ന് അസോസിയേറ്റഡ് പ്രസിനും (എപി) നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2025 ഫെബ്രുവരിയിൽ ഓവൽ ഓഫിസിലെ ചില പരിപാടികളിലും എയർഫോഴ്സ് വണ്ണിലുമുള്ള മാധ്യമപ്രവർത്തകരുടെ പ്രവേശനത്തിൽ എപിക്ക് നിയന്ത്രണം ഏർപ്പെടുത്തി.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ഭിന്നത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ടെയ്‌ലർ ബുഡോവിച്ച് അന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, എപിയുടെ ഫോട്ടോഗ്രാഫർമാർക്ക് ചില പരിപാടികളിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചിരുന്നു.
വൈറ്റ് ഹൗസിന്റെ നടപടിക്കെതിരെ എപി കോടതിയെ സമീപിച്ചു. മാധ്യമസ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും ലംഘിക്കപ്പെടുന്നുവെന്നായിരുന്നു എപിയുടെ വാദം. തുടർന്ന് 2025 ഏപ്രിലിൽ ഫെഡറൽ ഡിസ്ട്രിക്ട് കോടതിയിൽ നിന്ന് എപിക്ക് അനുകൂലമായ വിധിയും ലഭിച്ചു.
