ഇഷ്ടമാണെങ്കിൽ ഇഷ്ടമാണെന്ന് പറയാം, താൽപര്യമില്ലെങ്കിൽ അതും തുറന്നുപറയാം; പങ്കാളി മനസ്സ് വായിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ച് സൂചനകളും പകുതി മറുപടികളും നൽകുന്ന രീതിക്ക് പകരം ബന്ധങ്ങളിൽ വ്യക്തതയ്ക്ക് മുൻഗണന നൽകുകയാണ് പുതുതലമുറ. സോഷ്യൽ മീഡിയയിലും ഡേറ്റിംഗ് ലോകത്തും ശ്രദ്ധ നേടുന്ന ഈ പുതിയ ആശയവിനിമയ രീതിയാണ് ‘ക്ലിയർ കോഡിംഗ്’.
പറയാനുള്ളത് നേരിട്ട് പറയാതെ സൂചനകളിലൂടെയും ആംഗ്യങ്ങളിലൂടെയും മനസ്സിലാക്കിക്കൊടുക്കുന്ന രീതി ബന്ധങ്ങളിൽ ഏറെക്കാലമായി പതിവാണ്. ഒന്നും തുറന്നുപറയാതെ തന്നെ പങ്കാളി തന്റെ മനസ്സിലുള്ളത് തിരിച്ചറിയണമെന്ന പ്രതീക്ഷയും പലർക്കുമുണ്ടായിരുന്നു. എന്നാൽ കാലം മാറുന്നതിനൊപ്പം ഇത്തരം സങ്കീർണമായ ആശയവിനിമയ രീതികൾക്കും മാറ്റം സംഭവിക്കുകയാണ്. സോഷ്യൽ മീഡിയയിലും പുതുതലമുറയുടെ ബന്ധങ്ങളിലും ഇപ്പോൾ ശ്രദ്ധ നേടുന്ന പുതിയ ആശയമാണ് ‘ക്ലിയർ കോഡിംഗ്’.
പേര് കേൾക്കുമ്പോൾ കോഡ് ഭാഷയിൽ സംസാരിക്കുന്ന രീതിയാണെന്ന് തോന്നാമെങ്കിലും അതല്ല ‘ക്ലിയർ കോഡിംഗ്’. സ്വന്തം വികാരങ്ങളും ചിന്തകളും പ്രതീക്ഷകളും മറച്ചുവയ്ക്കാതെ വ്യക്തമായും അവ്യക്തതയ്ക്ക് ഇടനൽകാതെയും തുറന്നുപറയുക എന്നതാണ് ഇതിന്റെ അടിസ്ഥാന ആശയം. ആശയവിനിമയം കൂടുതൽ സുതാര്യമാകുമ്പോൾ ബന്ധങ്ങളിലെ ആശയക്കുഴപ്പവും അനാവശ്യ സമ്മർദ്ദവും കുറയ്ക്കാനാകുമെന്നതാണ് ഈ സമീപനത്തിന് പിന്നിലെ ചിന്ത.
ഒരു ബന്ധത്തിൽ സ്വന്തം വികാരങ്ങളും പ്രതീക്ഷകളും തീരുമാനങ്ങളും തുറന്നുപറയുന്നതാണ് ക്ലിയർ കോഡിംഗിന്റെ പ്രധാന തത്വം. ഒരാളോടൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടമാണെങ്കിൽ അത് നേരിട്ട് പറയാം. അതുപോലെ, ഒരു ബന്ധം കൂടുതൽ മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യമില്ലെങ്കിൽ തെറ്റായ പ്രതീക്ഷകൾ നൽകുന്നതിനുപകരം ആ നിലപാടും വ്യക്തമായി അറിയിക്കാം.
ഇരുവരും തങ്ങളുടെ നിലപാടുകളും പ്രതീക്ഷകളും തുറന്നുപറയുമ്പോൾ ബന്ധത്തിലെ അനിശ്ചിതത്വം കുറയുന്നു. അതോടൊപ്പം പരസ്പര ധാരണയും വിശ്വാസവും വളർത്താനും ഇത്തരം ആശയവിനിമയം സഹായിക്കും.
മറുപടി നൽകാൻ മനഃപൂർവം വൈകുക, അപൂർണമായ ഉത്തരങ്ങൾ നൽകുക, ഒരേസമയം വ്യത്യസ്തമായ സൂചനകൾ നൽകുക തുടങ്ങിയ രീതികളിലൂടെ താൽപര്യമോ അതൃപ്തിയോ പ്രകടിപ്പിക്കുന്നത് ബന്ധങ്ങളിൽ അപൂർവമല്ല. എന്നാൽ ഇത്തരം പരോക്ഷ ആശയവിനിമയം പലപ്പോഴും തെറ്റിദ്ധാരണകൾക്കും ആശയക്കുഴപ്പങ്ങൾക്കും മാനസിക സമ്മർദ്ദത്തിനും വഴിയൊരുക്കാം.
ഡേറ്റിംഗ് ആപ്പുകളും സോഷ്യൽ മീഡിയയും ഓൺലൈൻ പ്ലാറ്റ്ഫോമുകളും ബന്ധങ്ങളുടെ സ്വഭാവവും വേഗവും മാറ്റിയിരിക്കുന്ന ഡിജിറ്റൽ കാലത്ത് വ്യക്തതയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുകയാണ്. ഒരു ബന്ധത്തിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നത് പിന്നീട് ഉണ്ടാകാവുന്ന നിരാശകളും തെറ്റിദ്ധാരണകളും കുറയ്ക്കാൻ സഹായിക്കും.
കാര്യങ്ങൾ നേരിട്ട് പറയുക എന്നതുകൊണ്ട് പരുഷമായി പെരുമാറണമെന്നില്ല. വ്യക്തതയ്ക്കൊപ്പം മറ്റൊരാളുടെ വികാരങ്ങളോടുള്ള പരിഗണനയും ബഹുമാനവും നിലനിർത്തേണ്ടത് പ്രധാനമാണ്. ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പോലും സത്യസന്ധതയും വിനയവും കൈവിടാതെ അവതരിപ്പിക്കുമ്പോൾ അത് സ്വീകരിക്കാൻ മറുവശത്തുള്ളയാൾക്കും എളുപ്പമാകും.
ഓരോ ബന്ധത്തിന്റെയും സ്വഭാവവും സാഹചര്യങ്ങളും വ്യത്യസ്തമാണ്. എങ്കിലും തുറന്നതും വ്യക്തവുമായ ആശയവിനിമയം ചെറിയ തെറ്റിദ്ധാരണകൾ വലിയ പ്രശ്നങ്ങളായി മാറുന്നത് ഒഴിവാക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ‘ക്ലിയർ കോഡിംഗ്’ ഒരു സോഷ്യൽ മീഡിയ ട്രെൻഡ് എന്നതിനപ്പുറം, ബന്ധങ്ങളിൽ വ്യക്തതയ്ക്കും സത്യസന്ധതയ്ക്കും പരസ്പര ബഹുമാനത്തിനും പ്രാധാന്യം നൽകുന്ന പുതിയ ആശയവിനിമയ രീതിയായി ശ്രദ്ധ നേടുകയാണ്.
