റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശനിയാഴ്ച രാത്രി ശക്തമായ സ്ഫോടനങ്ങൾ. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അരാംകോയുടെ ഇന്ധന സംഭരണ ടാങ്കിൽ വൻ തീപിടിത്തവുമുണ്ടായി. പ്രദേശത്ത് നിന്ന് ഉയർന്ന കറുത്ത പുക കിലോമീറ്ററുകൾ അകലെനിന്നും ദൃശ്യമായിരുന്നു.
സ്ഫോടനങ്ങൾക്ക് പിന്നാലെ റിയാദിലും അൽ-ഖർജിലും വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ച സൗദി സിവിൽ ഡിഫൻസ് ജനങ്ങളോട് വീടുകൾക്കുള്ളിൽ തുടരാൻ നിർദേശിച്ചു. സുരക്ഷാ കാരണങ്ങളാൽ സംഭവസ്ഥലത്ത് പൊതുജനങ്ങൾ കൂട്ടംകൂടുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
സംഭവം വിമാന സർവീസുകളെയും ബാധിച്ചു. നിരവധി വിമാനങ്ങൾ വൈകുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. വിമാനത്താവള ഹൈവേയ്ക്കും ടെർമിനലിനും സമീപം കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂതി സേനയും സൗദി പിന്തുണയുള്ള സൈനികരും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് റിയാദിലെ സംഭവം. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി യുദ്ധവിമാനങ്ങൾ 26 വ്യോമാക്രമണങ്ങൾ നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു.
സ്ഫോടനത്തിന്റെയും തീപിടിത്തത്തിന്റെയും കാരണം സംബന്ധിച്ച് സൗദി അധികൃതർ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചോ ഉത്തരവാദികളാരെന്നതിനെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
സംഘർഷത്തിന്റെ പ്രത്യാഘാതം ഗൾഫ് മേഖലയിലെ വ്യോമ-കടൽ ഗതാഗതത്തിലും പ്രകടമാണ്. ബഹ്റൈൻ, അബ്ഹ, യാൻബു എന്നിവിടങ്ങളിലേക്കുള്ള ചില വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സൗദിയിലെ സാധാരണ ജനങ്ങളെയും ഊർജ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ അപലപിച്ചതായും സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. വാണിജ്യ കപ്പൽ ഗതാഗതത്തെ സംഘർഷത്തിന്റെ ഭാഗമാക്കരുതെന്നും കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
