തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ നവീകരണം: വഴികൾ മാറുന്നു; യാത്രക്കാർ ശ്രദ്ധിക്കുക

  • ദിവാൻജിമൂലയിലെ നിലവിലെ പ്രവേശനം അടയ്ക്കും
  • കൊക്കാലയിൽ പുതിയ ഗേറ്റ്
  • പാർക്കിങ് പരിമിതപ്പെടുത്തും
  • പ്രധാന കെട്ടിടം ഒക്ടോബർ ആദ്യവാരം പൊളിക്കും

തൃശ്ശൂർ: റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണ പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതോടെ യാത്രക്കാരുടെ പ്രവേശനം, വാഹന ഗതാഗതം, പാർക്കിംഗ് എന്നിവയിൽ വൻ മാറ്റങ്ങൾ വരുന്നു. ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള നിലവിലെ പ്രവേശനക്രമം മാറ്റി രണ്ട് പ്രവേശന കവാടങ്ങളാണ് ഒരുക്കുന്നത്. ദിവാൻജിമൂല ഭാഗത്തെ നിലവിലെ പ്രവേശനം പൂർണമായും അടയ്ക്കുന്നതോടെ യാത്രക്കാർ പുതിയ ക്രമീകരണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

ദിവാൻജിമൂലയിലെ നിലവിലെ കവാടത്തിനു സമീപത്തായി പുതിയ പ്രവേശനമാർഗം (ഒന്നാം ഗേറ്റ്) ഒരുക്കിയിട്ടുണ്ട്. സ്റ്റേഷന്റെ തെക്കുഭാഗത്ത് കൊക്കാലയിൽ രണ്ടാം ഗേറ്റും തുറക്കും. കൊക്കാലയിലെ പുതിയ പ്രവേശന കവാടത്തോടനുബന്ധിച്ച് ടിക്കറ്റ് കൗണ്ടറും യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രവും സജ്ജമാക്കും. ഈ മാസം അവസാനത്തോടെ പുതിയ സൗകര്യങ്ങൾ പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുശേഷം പ്രധാന സ്റ്റേഷൻ കെട്ടിടം പൊളിക്കുന്നതടക്കമുള്ള പ്രവൃത്തികൾ ആരംഭിക്കും.

നവീകരണത്തിന്റെ ഭാഗമായി സ്റ്റേഷനിലെ പാർക്കിംഗ് സൗകര്യവും ഗണ്യമായി പരിമിതപ്പെടുത്തും. ഒന്നാം പ്ലാറ്റ്ഫോമിനു സമീപത്തെ നിലവിലെ പാർക്കിംഗ് സ്ഥലത്ത് കുറച്ച് വാഹനങ്ങൾക്കു മാത്രമേ ഇടമുണ്ടാകൂ. ദീർഘനേരം പാർക്ക് ചെയ്യേണ്ട വാഹനങ്ങൾക്കായിരിക്കും ഇവിടെ മുൻഗണന. മറ്റുള്ള വാഹനങ്ങൾ ‘പിക് ആൻഡ് ഡ്രോപ്’ സംവിധാനം പിന്തുടരണം.

കൊക്കാല ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനുമായി മാത്രമേ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. ദിവാൻജിമൂല ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ദേശീയപതാക സർക്കിൾ ചുറ്റി തിരികെ പോകണം. ഭാരവാഹനങ്ങൾക്ക് ഈ ഭാഗത്തുകൂടി പ്രവേശനമുണ്ടാകില്ല. ഇവയ്ക്ക് പടിഞ്ഞാറുഭാഗത്തെ പൂത്തോൾ കവാടം ഉപയോഗിക്കാം. ഓട്ടോ–ടാക്സി നിരയും ചുരുക്കും.

നവീകരണ പ്രവർത്തനങ്ങൾക്കിടെ ടിക്കറ്റ് കൗണ്ടർ സൗകര്യം ചുരുങ്ങിയതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ടിക്കറ്റ് കൗണ്ടർ പുറത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയതോടെ നാല് എ.ടി.വി.എം. മെഷീനുകളെയാണ് യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത്. നേരത്തെയുണ്ടായിരുന്ന കൗണ്ടർ സൗകര്യം പകുതിയോളം കുറഞ്ഞതോടെ തിരക്കേറിയ സമയങ്ങളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.

ഏറനാട് എക്സ്പ്രസ് വൈകിയതിനാൽ മാത്രമാണ് ടിക്കറ്റെടുത്ത് യാത്ര ചെയ്യാനായതെന്ന് ഗുരുവായൂർ ദർശനത്തിനെത്തിയ തിരുവനന്തപുരം സ്വദേശി ബി. ശ്രീകുമാർ പറഞ്ഞു. സമയക്രമമനുസരിച്ച് സ്റ്റേഷനിലെത്തിയാൽ ടിക്കറ്റിനായുള്ള കാത്തിരിപ്പുമൂലം ട്രെയിൻ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുറക്കണമെന്നാണ് ആവശ്യം.

സ്റ്റേഷന്റെ മുഖമുദ്രയായ പ്രധാന കെട്ടിടം ഒക്ടോബർ ആദ്യവാരം പൊളിക്കാനാണ് തീരുമാനം. സ്റ്റേഷൻ മാനേജരുടെ ഓഫീസ് മുറിയും സിഗ്നൽ സംവിധാനങ്ങളും ഉൾപ്പെടുന്ന ഭാഗം മുതൽ മധ്യത്തിലെ കാൽനടപ്പാലം വരെയുള്ള ഭാഗമാണ് പൊളിക്കുക. സുരക്ഷയുടെ ഭാഗമായി പ്രദേശം ഷീറ്റുകൾകൊണ്ട് മറച്ചിട്ടുണ്ട്. ഇതോടെ ഒന്നാം പ്ലാറ്റ്ഫോമിന്റെ ഉപയോഗിക്കാവുന്ന വീതി പകുതിയോളം കുറയും.

പ്രധാന കവാടത്തിലൂടെ പുറത്തേക്കു പോകുന്നവർ ഒന്നാം പ്ലാറ്റ്ഫോമിലെ 23, 10 നമ്പർ കോച്ച് പൊസിഷനുകളിലെ ഗേറ്റുകൾ ഉപയോഗിക്കണം. കൊച്ചി–തിരുവനന്തപുരം ഭാഗത്തേക്കുള്ള വന്ദേഭാരത്, മെമു, പാസഞ്ചർ ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലെ ആറാം നമ്പർ കോച്ച് പൊസിഷനോട് ചേർന്ന ഭാഗത്തായിരിക്കും നിർത്തുക.

ഇതിനിടെ ബഹുനില റെയിൽവേ ക്വാർട്ടേഴ്സിന്റെ സുരക്ഷാ പരിശോധനകളും പുരോഗമിക്കുകയാണ്. നവീകരണം ശക്തമാകുന്നതോടെ സ്റ്റേഷനിലെ യാത്രാക്രമത്തിൽ ഇനിയും മാറ്റങ്ങളുണ്ടാകുമെന്നതിനാൽ പ്രവേശന–പുറത്തിറങ്ങൽ ക്രമീകരണങ്ങളും വാഹന നിയന്ത്രണങ്ങളും ശ്രദ്ധിച്ചുവേണം യാത്രക്കാർ സ്റ്റേഷനിലെത്താൻ.

Leave a Comment

More News