പാർശ്വവൽക്കരിക്കപ്പെട്ടവരെ സ്നേഹത്തോടെ ചേർത്തുനിർത്തണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ചീഫ് മിനിസ്റ്റർ ഷീൽഡ് അവാർഡുകൾ വിതരണം ചെയ്തു; ലഹരിക്കെതിരെ വിദ്യാർഥികളും സമൂഹവും ജാഗ്രത പുലർത്തണമെന്ന് ആഹ്വാനം

തിരുവനന്തപുരം: സമൂഹത്തിൽ പ്രയാസങ്ങളും ഒറ്റപ്പെടലും നേരിടുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരെയും സങ്കടപ്പെടുന്നവരെയും സ്നേഹത്തോടെയും കരുതലോടെയും ചേർത്തുനിർത്താൻ വിദ്യാർഥികൾ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാമ്പത്തികമായി സഹായിക്കാൻ കഴിയാത്ത സാഹചര്യത്തിലും വിഷമിക്കുന്ന ഒരാൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഒരു നല്ല വാക്ക് പറയാൻ കഴിയുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ 2024-2026 കാലയളവിലെ ചീഫ് മിനിസ്റ്റർ ഷീൽഡ് അവാർഡുകളുടെ വിതരണം നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും രാജ്യസ്നേഹവും അച്ചടക്കവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനൊപ്പം സഹജീവികളോടുള്ള കരുതലും സാമൂഹിക ഉത്തരവാദിത്തബോധവും വളർത്താൻ ഇത്തരം പ്രസ്ഥാനങ്ങൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുതലമുറ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ലഹരിയുടെ വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെയും യുവാക്കളെയും ലഹരിയുടെ വലയിലാക്കാൻ ശ്രമിക്കുന്ന സംഘങ്ങൾക്കെതിരെ സമൂഹം ശക്തമായ പ്രതിരോധം തീർക്കണം. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും ഇക്കാര്യത്തിൽ ഒരുപോലെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ലഹരിക്കെതിരായ ബോധവത്കരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ സജീവ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർഥികളിൽ ജനാധിപത്യ മൂല്യങ്ങളും പരസ്പര ബഹുമാനവും സഹിഷ്ണുതയും വളർത്തേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന ‘വൺ ഹെൽത്ത്’ ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

നേട്ടങ്ങൾ കൈവരിക്കുമ്പോൾ അഹങ്കാരത്തിന് വഴങ്ങാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണം. ഒറ്റയ്ക്കുള്ള വിജയത്തേക്കാൾ കൂട്ടായ പ്രവർത്തനത്തിന്റെ ശക്തി തിരിച്ചറിയണം. ടീമായി പ്രവർത്തിക്കാനും മറ്റുള്ളവരെ ചേർത്തുനിർത്താനും പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനും വിദ്യാർഥികൾ പഠിക്കണം. ഇത്തരം അനുഭവങ്ങളിലൂടെയാണ് മികച്ച നേതൃപാടവവും ഉത്തരവാദിത്തബോധവും വളരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ, ഇന്നത്തെ ക്ലാസ് മുറികളിലാണ് നാളത്തെ നാടിന്റെ ഭാവിയും നേതൃത്വവും രൂപപ്പെടുന്നതെന്ന് പറഞ്ഞു. പാഠപുസ്തകങ്ങൾ പഠിക്കുകയും പരീക്ഷയെഴുതി ഉയർന്ന മാർക്ക് നേടുകയും ചെയ്യുന്നതിൽ മാത്രം വിദ്യാർഥി ജീവിതം ഒതുങ്ങുന്നില്ല. ജീവിതത്തെയും സമൂഹത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും വ്യക്തിത്വത്തിന്റെ അടിത്തറ ശക്തിപ്പെടുത്താനും പാഠ്യേതര പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

സമൂഹത്തിനുവേണ്ടി തങ്ങളാൽ കഴിയുന്ന സേവനം ചെയ്യണമെന്ന ബോധ്യം ചെറുപ്പത്തിൽ തന്നെ വിദ്യാർഥികളിൽ വളർത്താൻ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്. സംഘടനയിലൂടെ ലഭിക്കുന്ന അച്ചടക്കം, സേവനമനോഭാവം, കൂട്ടായ്മ, നേതൃപരിശീലനം തുടങ്ങിയ അനുഭവങ്ങൾ വിദ്യാർഥികളുടെ ജീവിതത്തിലുടനീളം അവരുടെ വ്യക്തിത്വത്തിന് കരുത്തും തിളക്കവും നൽകുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ കെ. വിജയൻ, കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് സെക്രട്ടറി ഡോ. അബ്ദുറഹൂഫ് വി., കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. അസീം, വാർഡ് മെമ്പർ കെ.ആർ. ക്ലീറ്റസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News