സൗദി അറേബ്യയുടെ ആവർത്തിച്ചുള്ള സഹായാഭ്യർത്ഥനകൾക്കിടെ യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ ആക്രമിക്കാൻ അമേരിക്ക തയ്യാറെടുത്തതായി റിപ്പോർട്ട്. യുദ്ധവിമാനങ്ങളിൽ ബോംബുകൾ കയറ്റിത്തുടങ്ങിയ ശേഷമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണം അവസാന നിമിഷം റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
വാഷിംഗ്ടണ്: യെമനിലെ ഇറാൻ അനുകൂല ഹൂത്തി സേനയ്ക്കെതിരെ വീണ്ടും നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കാനുള്ള നീക്കത്തിൽ നിന്ന് അവസാന നിമിഷം പിന്മാറി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി ആക്രമണങ്ങളും ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള അവരുടെ മുന്നേറ്റവും ശക്തമായതോടെ റിയാദ് അമേരിക്കയുടെ സൈനിക സഹായം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് ട്രംപുമായി സംസാരിച്ച് ഹൂത്തികൾക്കെതിരെ അമേരിക്കൻ സൈനിക സഹായം ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ നേരിട്ട് യുദ്ധത്തിൽ ഇടപെടാൻ തയ്യാറല്ലെന്ന നിലപാടാണ് വാഷിംഗ്ടണ് സ്വീകരിച്ചത്. പകരം രഹസ്യാന്വേഷണ സഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകാമെന്നായിരുന്നു അമേരിക്കയുടെ നിലപാട്.
പിന്നീട് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായതോടെ ഹൂത്തികൾക്കെതിരെ വ്യോമാക്രമണം നടത്താനുള്ള തയ്യാറെടുപ്പുകൾ യുഎസ് സൈന്യം ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ആക്രമണത്തിനായി സൈനികർ യുദ്ധവിമാനങ്ങളിൽ ബോംബുകൾ കയറ്റിത്തുടങ്ങിയ ഘട്ടത്തിൽ പോലും തയ്യാറെടുപ്പുകൾ എത്തിയിരുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. എന്നാൽ, അവസാന നിമിഷം ആക്രമണം റദ്ദാക്കാൻ ട്രംപ് തീരുമാനിക്കുകയായിരുന്നു.
യെമനിലെ പോരാട്ടം സൗദി അതിർത്തിക്കപ്പുറത്തേക്കും വ്യാപിച്ചതാണ് പുതിയ ആശങ്കയ്ക്ക് കാരണം. ഹൂത്തികൾ സൗദി തലസ്ഥാനമായ റിയാദിലെ ലക്ഷ്യങ്ങൾക്കുനേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി അവകാശപ്പെട്ടിരുന്നു. റിയാദിലെ പ്രധാന വിമാനത്താവളത്തിന് സമീപം തീയും കനത്ത പുകയും കണ്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, യെമനിലെ സൗദി പിന്തുണയുള്ള സർക്കാർ സേനയെ പിന്നോട്ടുതള്ളിക്കൊണ്ട് ഹൂത്തികൾ ചെങ്കടൽ തീരത്തും ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപവും നിർണായക മുന്നേറ്റം നടത്തിയിട്ടുണ്ട്. ഈ സാഹചര്യമാണ് സൗദി അറേബ്യയുടെ സുരക്ഷാ ആശങ്കകൾ കൂടുതൽ രൂക്ഷമാക്കിയത്.
ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാരപാതകളിലൊന്നാണ്. ആഗോള ചരക്കുനീക്കത്തിന്റെയും എണ്ണ ഗതാഗതത്തിന്റെയും വലിയൊരു പങ്ക് ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്.
ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് സൗദി അറേബ്യ ചെങ്കടൽ തുറമുഖങ്ങളെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ബാബ് അൽ-മന്ദബിന് സമീപം ഹൂത്തികളുടെ സ്വാധീനം വർധിക്കുന്നത്. ഇതോടെ സൗദിയുടെ എണ്ണ കയറ്റുമതിക്കും അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനും പുതിയ സുരക്ഷാ വെല്ലുവിളി ഉയർന്നിരിക്കുകയാണ്.
ഹോർമുസിനൊപ്പം ബാബ് അൽ-മന്ദബിലൂടെയുള്ള കപ്പൽഗതാഗതവും തടസ്സപ്പെട്ടാൽ ആഗോള എണ്ണവിതരണത്തെയും ചരക്കുനീക്കത്തെയും കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സൗദി പിന്തുണയുള്ള യെമൻ സർക്കാരിന്റെ പ്രസിഡന്റായ റഷാദ് അൽ-അലിമിയും ട്രംപുമായി ഫോണിൽ സംസാരിച്ചിരുന്നു. ഹൂത്തികളുടെ മുന്നേറ്റം തടയാൻ അമേരിക്കയുടെ പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും നേരിട്ടുള്ള സൈനിക സഹായത്തിന് ട്രംപ് ഉറപ്പ് നൽകിയില്ലെന്നാണ് വിഷയവുമായി പരിചയമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.
ഹൂത്തികളുമായി അമേരിക്കയും ആശയവിനിമയം നടത്തുന്നുണ്ടെന്നും അമേരിക്കൻ കപ്പലുകളെ ലക്ഷ്യമിടില്ലെന്ന് ഹൂത്തികൾ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ ഹൂത്തികൾക്കെതിരായ പുതിയ ആക്രമണം മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിപ്പിക്കുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്.
നേരിട്ടുള്ള സൈനിക ഇടപെടലിൽ അമേരിക്ക ജാഗ്രത പുലർത്തുന്നതിനിടെയാണ് സൗദി അറേബ്യയ്ക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള നീക്കവും മുന്നോട്ടുപോകുന്നത്. 48 എഫ്-35 ലൈറ്റ്നിങ് II യുദ്ധവിമാനങ്ങളും 49 എൻജിനുകളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്ന ഏകദേശം 24.3 ബില്യൺ ഡോളറിന്റെ സാധ്യതയുള്ള ആയുധവിൽപ്പനയ്ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകിയിട്ടുണ്ട്.
എന്നാൽ, ഇത് അന്തിമ വിൽപ്പനാനുമതിയല്ല. കരാർ മുന്നോട്ടുപോകുന്നതിന് യുഎസ് കോൺഗ്രസിന്റെ പരിശോധനയും ആവശ്യമായ നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്.
ഹൂത്തികളുടെ മുന്നേറ്റം, സൗദിക്കെതിരായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ, ബാബ് അൽ-മന്ദബിലെ സുരക്ഷാ ഭീഷണി എന്നിവ ഒരേസമയം ശക്തമാകുന്ന സാഹചര്യത്തിൽ യെമൻ സംഘർഷം വീണ്ടും വിശാലമായ പ്രാദേശിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. അതേസമയം, ഹൂത്തികൾക്കെതിരായ നേരിട്ടുള്ള അമേരിക്കൻ ആക്രമണം അവസാന നിമിഷം ഒഴിവാക്കിയ ട്രംപിന്റെ തീരുമാനം, സംഘർഷത്തിൽ അമേരിക്ക എത്രത്തോളം നേരിട്ട് ഇടപെടുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിന്റെ സൂചന കൂടിയാണ്.
