കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ “വിഷന്‍ 2037” ഉദ്ഘാടനം ചെയ്തു

ആഗോള അവസരങ്ങള്‍ നേടിയെടുക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റങ്ങളുണ്ടാകും: റോജി എം. ജോണ്‍

‘വിഷന്‍ 2037’ ന്റെയും ഉദ്ഘാടനം കൊച്ചി രാജഗിരി എഞ്ചിനിയറിംഗ് കോളജില്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം.ജോണ്‍ നിര്‍വ്വഹിക്കുന്നു. സെക്രട്ടറി ഫാ.ആന്റണി വി. അറയ്ക്കല്‍, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, പ്രസിഡന്റ് ഫാ.ജോണ്‍ വര്‍ഗീസ്, ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ സമീപം

കൊച്ചി: ആഗോള തലത്തിലെ വിദ്യാഭ്യാസ തൊഴിലവസര മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും സാധ്യതകള്‍ ലക്ഷ്യംവെച്ചും കേരളത്തിന്റെ സാങ്കേതിക-ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റങ്ങളുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.

കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ 2026-27 അക്കാദമിക് വര്‍ഷ പ്രവര്‍ത്തനത്തിന്റെയും കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി രൂപം നല്‍കിയിരിക്കുന്ന ‘വിഷന്‍ 2037’ ന്റെയും ഉദ്ഘാടനം കൊച്ചി രാജഗിരി എഞ്ചിനിയറിംഗ് കോളജില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം.ജോണ്‍.

കേരളത്തിന്റെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ ഏറെ പ്രശംസനീയമാണ്. കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തേയ്ക്ക് പോകുന്ന സാഹചര്യത്തിന് കാലക്രമേണ അവസാനമുണ്ടാകും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കുവാനായി എത്തുന്ന സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കും. ആഗോള തൊഴില്‍ സാധ്യതകള്‍ക്കനുസൃതമായി അക്കദമിക് മേഖല അഴിച്ചുപണിയുകയും അടിസ്ഥാന സൗകര്യങ്ങളില്‍ വികസനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഉന്നതവിദ്യാഭ്യാസത്തോടൊപ്പം സംസ്ഥാനത്ത് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടേണ്ടതായിട്ടുണ്ട്. മികച്ച പ്രവര്‍ത്തനപരിചയമുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പദ്ധതികളില്‍ മുന്‍ഗണനയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഫാ.ജോണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ.ആന്റണി വി. അറയ്ക്കല്‍ മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി.

ഉന്നതവിദ്യാഭ്യാസമേഖലയിലെ ആഗോള കാഴ്ചപ്പാടുകള്‍, സ്വയംഭരണകോളജുകളുടെ പ്രശ്‌നങ്ങള്‍, കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസമേഖല നേരിടുന്ന വിവിധ പ്രതിസന്ധികള്‍ എന്നീ വിഷയങ്ങളില്‍ ഫാ.റോയി എബ്രാഹം പഴേയപറമ്പില്‍, ഫാ.ജോണ്‍ പാലിയക്കര, ഫാ.ജോസ് കണ്ണമ്പുഴ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഫാ. ഡേവിഡ് നെറ്റിക്കാടന്‍, ഫാ. എ.ആര്‍.ജോണ്‍, ഫാ. ജെയിംസ് ജോണ്‍ മംഗലത്ത്, ഫാ. പോള്‍ പറത്താഴം, ഫാ. ബഞ്ചമിന്‍ പള്ളിയാടിയില്‍, ഫാ. ബിജോയ് അറയ്ക്കല്‍, ഫാ. ബിജോ മറ്റപ്പറമ്പില്‍, ഫാ.ബിനു വടക്കേമുളയില്‍, ഡോ.സാംസണ്‍ എ., ഡോ.ലിയോണ്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

More News