ലണ്ടൻ (ഒന്റാറിയോ): കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വെസ്റ്റേൺ ഒന്റാറിയോ (KCCWO) യുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നവംബർ 7 ശനിയാഴ്ച ലണ്ടനിലെ ക്നായി തൊമ്മൻ പാരിഷ് ഹാളിൽ നടന്നു. 2024–2026 കാലയളവിലെ പ്രസിഡന്റ് ഫെബി തൈക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ 2026–2028 പ്രവർത്തനകാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
കഴിഞ്ഞ രണ്ടു വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിലയിരുത്തിയ പൊതുയോഗത്തിൽ മുൻ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കാവശ്യമായ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പൊതുയോഗത്തിന് പരിചയപ്പെടുത്തി.
പുതിയ ഭാരവാഹികളായി മനു കോറപ്പിള്ളിൽ (പ്രസിഡന്റ്), മെൽവിൻ കൊച്ചനയിൽ (വൈസ് പ്രസിഡന്റ്), ആഷ്ലി ആഴക്കുളം (സെക്രട്ടറി), അരുൺ പ്രാലയിൽ പുത്തൻപുരയ്ക്കൽ (ജോയിന്റ് സെക്രട്ടറി), ജിതിൻ ചേരോലിക്കൽ (ട്രഷറർ), ഷിന്റോ സ്റ്റീഫൻ ഉള്ളാട്ടിൽ (ജോയിന്റ് ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ദേശീയ കൗൺസിൽ അംഗങ്ങളായി ജോജോ നെടിയകാലായിൽ, ജെബിൻ ചെറുകാട്ടൂർ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അജോ കുര്യൻ, നിഖിൽ പുലിവേലിൽ എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ ഭരണസമിതിയുടെ നയപ്രഖ്യാപനത്തിൽ സംഘടനയുടെ ഉന്നമനത്തിനും ക്നാനായ സമുദായത്തിന്റെ ഐക്യത്തിനും മുൻഗണന നൽകുമെന്ന് പ്രസിഡന്റ് മനു കോറപ്പിള്ളിൽ വ്യക്തമാക്കി. കാനഡയിലെ ലണ്ടനും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ക്നാനായ കുടുംബങ്ങളുടെ സമുദായ താൽപര്യങ്ങൾ സംരക്ഷിക്കാനും അവരെ പരസ്പരസ്നേഹത്തിലും ഐക്യത്തിലും ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനും പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.
തലമുറകളിലൂടെ കൈമാറിവരുന്ന ക്നാനായ സമുദായത്തിന്റെ സാംസ്കാരികവും വിശ്വാസപരവുമായ പൈതൃകം സംരക്ഷിക്കുന്നതിൽ പ്രാദേശിക സംഘടനകൾക്ക് നിർണായക പങ്കാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് പ്രവാസലോകത്ത് വളർന്നുവരുന്ന പുതിയ തലമുറയ്ക്ക് സമുദായത്തിന്റെ ചരിത്രവും പാരമ്പര്യവും ശരിയായ രീതിയിൽ പരിചയപ്പെടുത്തുന്നതിനും സമുദായബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംഘടന കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്നാനായ സമുദായാംഗങ്ങളെ യാഥാർത്ഥ്യബോധത്തോടെയും പരസ്പരബഹുമാനത്തോടെയും സമുദായസ്നേഹത്തിലും വിശ്വാസത്തിലും വളർത്തിയെടുക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സെക്രട്ടറി ആഷ്ലി ആഴക്കുളം അറിയിച്ചു. തെറ്റിദ്ധാരണകൾക്കും അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്കും ഇടനൽകാതെ സമുദായത്തിന്റെ യഥാർത്ഥ ചരിത്രവും പാരമ്പര്യവും പുതിയ തലമുറയ്ക്ക് പകർന്നുനൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കത്തോലിക്കാ വിശ്വാസത്തിലും ക്നാനായ പാരമ്പര്യത്തിലും അധിഷ്ഠിതമായ വിശ്വാസപരിശീലനത്തിനും കുടുംബബന്ധങ്ങൾക്കും യുവജനങ്ങളുടെ പങ്കാളിത്തത്തിനും കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനിലെ ക്നാനായ കുടുംബങ്ങളെ ലോകമെമ്പാടുമുള്ള ക്നാനായ സമൂഹവുമായി കൂടുതൽ അടുപ്പിക്കാനും ആഗോള ക്നാനായ ഐക്യത്തിന് ശക്തിപകരാനുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ഭരണസമിതി നേതൃത്വം നൽകുമെന്നും സെക്രട്ടറി അറിയിച്ചു.
കാനഡയിലെ പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സമുദായത്തിന്റെ തനിമയും വിശ്വാസപാരമ്പര്യവും കാത്തുസൂക്ഷിക്കാനും വരുംതലമുറകൾക്ക് അഭിമാനത്തോടെ കൈമാറാനും കഴിയുന്ന കൂട്ടായ്മയായി KCCWOയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭരണസമിതി പ്രവർത്തനമാരംഭിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷക്കാലം സംഘടനയെ നയിച്ച പ്രസിഡന്റ് ഫെബി തൈക്കാട്ട്, വൈസ് പ്രസിഡന്റ് സിബി ജോൺ മുളയിങ്കൽ, സെക്രട്ടറി മജീഷ് മാത്യു കീഴേടത്തുമലയിൽ, ട്രഷറർ ഷിജോ തോമസ് മങ്ങാട്ട്, ജോയിന്റ് സെക്രട്ടറി ജോസ്മോൻ ലൂക്കോസ് തെക്കിലക്കാട്ടിൽ, ജോയിന്റ് ട്രഷറർ ജിബിൻ എബ്രഹാം പുരത്തേച്ചിറ എന്നിവർ വാർഷിക പൊതുയോഗത്തിന്റെയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്റെയും നടത്തിപ്പിന് നേതൃത്വം നൽകി.
ദേശീയ കൗൺസിൽ അംഗങ്ങളായ ഷെല്ലി ജോയ് പുത്തൻപുരയിൽ, റിജോ ജോൺ മങ്ങാട്ട്, കമ്മിറ്റി അംഗങ്ങളായ വിനു ജോസ് വടക്കേമണിയംകുന്നേൽ, അജോ കുര്യൻ കൈതക്കൽ നിരപ്പേൽ എന്നിവരും സംഘടനയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു.
2024–2026 കാലയളവിൽ സംഘടനയുടെ വളർച്ചയ്ക്കും സമുദായത്തിന്റെ ഐക്യത്തിനും വിവിധ സാമൂഹിക, സാംസ്കാരിക, വിശ്വാസപരമായ പ്രവർത്തനങ്ങൾക്കും മുൻ ഭരണസമിതിയിലെ എല്ലാ ഭാരവാഹികളും നൽകിയ നേതൃത്വത്തിനും നിസ്വാർത്ഥ സേവനങ്ങൾക്കും പിന്തുണയ്ക്കും പൊതുയോഗത്തിൽ പങ്കെടുത്ത സംഘടനാംഗങ്ങൾ ഹൃദയപൂർവം നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.
മുൻ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പൊതുയോഗം പുതിയ ഭരണസമിതിക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേർന്നു. ക്നാനായ സമുദായത്തിന്റെ ഐക്യവും പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുന്നതിനൊപ്പം പുതിയ തലമുറയെ സംഘടനയുടെ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കാനുള്ള പ്രതീക്ഷകളോടെയാണ് പുതിയ നേതൃത്വം ചുമതലയേൽക്കുന്നത്.

